Kerala Weather Update: ഇന്ന് വൈകിട്ട് മഴ പെയ്യും? ചൂടിന് ആശ്വാസം; മുന്നറിയിപ്പുകൾ ഈ ജില്ലകളിൽ
Kerala Weather Latest Update: മധ്യ-തെക്കൻ കേരളത്തിലെ ജില്ലകളിലാണ് പ്രധാനമായും മഴ പെയ്യാനുള്ള സാധ്യത പ്രവചിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഇന്ന് ഗ്രീൻ അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
തിരുവനന്തപുരം: സംസ്ഥാനത്ത് വേനൽ ചൂട് കനക്കുന്നു. മിക്ക ജില്ലകളിലും പകൽ സമയത്ത് ശക്തമായ ചൂടാണ് അനുഭവപ്പെടുന്നത്. പൊള്ളുന്ന വേനൽച്ചൂടിന് അല്പമെങ്കിലും ആശ്വാസമായി ഇന്ന് വൈകിട്ടോടെ ചില പ്രദേശങ്ങളിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്. കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരം ഇന്ന് സംസ്ഥാനത്തെ ഒറ്റപ്പെട്ട പ്രദേശങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴ പെയ്തേക്കാം.
ALSO READ: കൊടുംചൂടിനെ മറന്നേക്ക്, ഇവിടെയെല്ലാം ഇന്ന് മഴ പെയ്യും, കാലാവസ്ഥ ഇങ്ങനെ
മധ്യ-തെക്കൻ കേരളത്തിലെ ജില്ലകളിലാണ് പ്രധാനമായും മഴ പെയ്യാനുള്ള സാധ്യത പ്രവചിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഇന്ന് ഗ്രീൻ അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. വൈകുന്നേരം മഴയ്ക്ക് സാധ്യതയുണ്ടെങ്കിലും പകൽ സമയത്ത് മേൽപ്പറഞ്ഞ ജില്ലകളിലടക്കം കടുത്ത ചൂടാണ് അനുഭവപ്പെടുന്നത്. പല ജില്ലകളിലും താപനില സാധാരണയേക്കാൾ 2°C മുതൽ 4°C വരെ ഉയർന്ന നിലയിലാണ്.
പാലക്കാട്, തൃശൂർ ജില്ലകളിൽ ചൂട് കഠിനമായി തുടരുകയാണ്. വരും ദിവസങ്ങളിലും ചൂട് വർദ്ധിക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിൻ്റെ മുന്നറിയിപ്പിൽ നിന്ന് വ്യക്തമാകുന്നത്. കേരള – കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. സംസ്ഥാനത്ത് ചൂട് വർദ്ധിക്കുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നാണ് അധികൃതരുടെ നിർദ്ദേശം.
പൊതുജനങ്ങൾ ശ്രദ്ധിക്കേണ്ടത്
- പകൽ 11 മണി മുതൽ മൂന്ന് മണി വരെയുള്ള സമയത്ത് നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കുക.
- ദാഹമില്ലെങ്കിലും വെള്ളം നന്നായി കുടിക്കുക. പരമാവധി ശുദ്ധജലവും തിളപ്പിച്ചാറിയ വെള്ളവും കുടിക്കുക.
- നിർജലീകരണമുണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, കാർബണേറ്റഡ് സോഫ്റ്റ് ഡ്രിങ്കുകൾ തുടങ്ങിയ പാനീയങ്ങൾ പകൽ സമയത്ത് ഒഴിവാക്കുക.
- അയഞ്ഞ, ഇളം നിറത്തിലുള്ള കോട്ടൺ വസ്ത്രങ്ങൾ മാത്രം ധരിക്കുക.
- പുറത്തിറങ്ങുമ്പോൾ പാദരക്ഷകൾ ധരിക്കുക. കുടയോ തൊപ്പിയോ കൈയ്യിൽ കരുതുക.
- പഴങ്ങളും പച്ചക്കറികളും ധാരാളമായി കഴിക്കുക. ORS ലായനി, സംഭാരം, ഇളനീര് തുടങ്ങിയവ ഉപയോഗിക്കുക.