Thiruvananthapuram Metro: തിരുവനന്തപുരം മെട്രോ ഡി.പി.ആർ അംഗീകാരം വൈകുന്നു; ഇനിയും എത്ര നാൾ?
Thiruvananthapuram Metro DPR: മെട്രോ റെയിൽ ഡിവിഷൻ, ഗതാഗത വകുപ്പ്, തദ്ദേശ സ്വയംഭരണ വകുപ്പ് എന്നിവയ്ക്കിടയിലുള്ള ഏകോപനക്കുറവും ആവർത്തിച്ചുള്ള വിശദീകരണങ്ങളും ഫയൽ നീങ്ങുന്നതിനെ ബാധിക്കുന്നുണ്ട്. വിശദമായ പദ്ധതി രേഖയും പുതുക്കിയ സമഗ്ര മൊബിലിറ്റി പ്ലാനും പരിശോധിച്ചു വരികയാണ്. പരിശോധന പൂർത്തിയായ ശേഷം അന്തിമ തീരുമാനത്തിനായി ഫയൽ മുഖ്യമന്ത്രിക്ക് മുന്നിൽ സമർപ്പിച്ചേക്കുമെന്നാണ് റിപ്പോർട്ട്.

പ്രതീകാത്മക ചിത്രം
തലസ്ഥാന നിവാസികളുടെ കാത്തിരിപ്പ് ദീർഘമാക്കി തിരുവനന്തപുരം മെട്രോയിൽ അനിശ്ചിതത്വം തുടരുന്നു. പദ്ധതിക്ക് സംസ്ഥാന സർക്കാരിന്റെ അംഗീകാരം ലഭിക്കുന്നത് വീണ്ടും വൈകുന്നു. കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് ഓഗസ്റ്റിൽ സമർപ്പിച്ച പദ്ധതി രേഖകൾക്ക് രണ്ടു മാസമായിട്ടും അന്തിമ അനുമതി ലഭിച്ചിട്ടില്ലെന്നാണ് വിവരം. തീരുമാനമെടുക്കാൻ ഇനിയും ഒരു മാസത്തോളം സമയമെടുത്തേക്കുമെന്നാണ് സൂചന.
മെട്രോ റെയിൽ ഡിവിഷൻ, ഗതാഗത വകുപ്പ്, തദ്ദേശ സ്വയംഭരണ വകുപ്പ് എന്നിവയ്ക്കിടയിലുള്ള ഏകോപനക്കുറവും ആവർത്തിച്ചുള്ള വിശദീകരണങ്ങളും ഫയൽ നീങ്ങുന്നതിനെ ബാധിക്കുന്നുണ്ട്. വിശദമായ പദ്ധതി രേഖയും പുതുക്കിയ സമഗ്ര മൊബിലിറ്റി പ്ലാനും പരിശോധിച്ചു വരികയാണ്. പരിശോധന പൂർത്തിയായ ശേഷം അന്തിമ തീരുമാനത്തിനായി ഫയൽ മുഖ്യമന്ത്രിക്ക് മുന്നിൽ സമർപ്പിച്ചേക്കുമെന്നാണ് റിപ്പോർട്ട്.
ജനസംഖ്യ വെല്ലുവിളിയോ?
2017-ലെ ദേശീയ മാനദണ്ഡങ്ങളനുസരിച്ച്, ഒരു മെട്രോ പദ്ധതിക്ക് കുറഞ്ഞത് 20 ലക്ഷം ജനസംഖ്യ ആവശ്യമാണ്. എന്നാൽ സർക്കാർ തലത്തിലുള്ള പരിശോധനയിൽ തിരുവനന്തപുരത്തിന് ഈ മാനദണ്ഡം തികയുന്നില്ലെന്നാണ് കണ്ടെത്തൽ. അതേസമയം, തിരുവനന്തപുരം കോർപ്പറേഷൻ, മൂന്ന് മുനിസിപ്പാലിറ്റികൾ, 51 ഗ്രാമപഞ്ചായത്തുകൾ എന്നിവ ഉൾപ്പെടുന്ന 1,194 ചതുരശ്ര കിലോമീറ്റർ പ്രദേശത്ത് 2011-ലെ സെൻസസ് പ്രകാരം ഏകദേശം 26 ലക്ഷം ജനസംഖ്യയുണ്ടെന്നാണ് കെഎംആർഎല്ലിന്റെ നിലപാട്.
ALSO READ: ചെന്നൈ – കൊല്ലം ശബരി സ്പെഷ്യൽ ട്രെയിൻ; 16ന് സർവീസ് ആരംഭിക്കും, ടിക്കറ്റ് ബുക്ക് ചെയ്യാം
പാപ്പനംകോട് മുതൽ ഈഞ്ചക്കൽ വരെ 31 കിലോമീറ്ററിലാണ് തിരുവനന്തപുരം മെട്രോ ഒരുങ്ങുന്നത്. 27 സ്റ്റേഷനുകളാണ് ഒരുക്കുക. ഇടനാഴിക്ക് ഏകദേശം 8,000 കോടി രൂപ ചെലവ് വന്നേക്കും. ഉന്നതതല സമിതിയുടെ അവലോകനത്തിന് ശേഷം 2025 നവംബറിൽ മുൻ സർക്കാർ ആദ്യഘട്ട അലൈൻമെന്റിന് അംഗീകാരം നൽകിയിരുന്നു. ഡൽഹി മെട്രോ റെയിൽ കോർപ്പറേഷൻ തയ്യാറാക്കിയ ഡിപിആർ ആണ് കെഎംആർഎൽ സംസ്ഥാന സർക്കാരിന് സമർപ്പിച്ചത്.
തിരുവനന്തപുരം മെട്രോ
പാപ്പനംകോടിനെ കരമന, തമ്പാനൂർ, സെക്രട്ടേറിയറ്റ്, പാളയം, മെഡിക്കൽ കോളേജ്, ഉള്ളൂർ, ശ്രീകാര്യം, കഴക്കൂട്ടം, ടെക്നോപാർക്ക്, ആക്കുളം, കൊച്ചുവേളി, വിമാനത്താവളം, ഈഞ്ചക്കൽ തുടങ്ങിയ ഭാഗങ്ങളുമായി ബന്ധിപ്പിച്ചാണ് മെട്രോ ഒരുങ്ങുന്നത്. പാപ്പനംകോട്, ആനയറ എന്നിവിടങ്ങളിൽ ഇന്റർമോഡൽ സൗകര്യങ്ങളും കഴക്കൂട്ടത്ത് പ്രത്യേക മെട്രോ റെയിൽ യാർഡും നിർദേശിച്ചിട്ടുണ്ട്.
തിരുവനന്തപുരം മെട്രോ യാഥാർത്ഥ്യമാകുന്നതോടെ, കൊല്ലത്തിനും വളരെയധികം നേട്ടമുണ്ടാകും. കൊല്ലത്തുനിന്ന് പ്രതിദിനം ജോലി ആവശ്യങ്ങൾക്കും ഉന്നത വിദ്യാഭ്യാസത്തിനും ചികിത്സയ്ക്കുമായി തിരുവനന്തപുരത്തേക്ക് സഞ്ചരിക്കുന്ന ആയിരക്കണക്കിന് ആളുകൾക്ക് മെട്രോ വലിയൊരു ആശ്വാസമായി മാറുമെന്നാണ് പ്രതീക്ഷ.
English Summary:
Approval for the Thiruvananthapuram Metro project has been delayed, with the Detailed Project Report and revised Comprehensive Mobility Plan still under review by the Kerala government. Kochi Metro Rail Limited submitted the project documents in August 2026, but repeated requests for clarification and delays in coordination between government departments have held up the process.