Kerala Weather Forecast: അക്വാന്‍ ചുഴലിക്കാറ്റിന് സാധ്യത; ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദ്ദം; മഴ തിരിച്ചെത്തുന്നു
Rain Alert for Kerala from Nov 13–17: കേരളത്തില്‍ ഇന്ന് മുതല്‍ നവംബര്‍ 17 വരെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ നേരിയതോ, ഇടത്തരമോ ആയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് ഒറ്റപ്പെട്ടയിടങ്ങളില്‍ മിതമായ മഴയ്ക്ക് സാധ്യത.
കേരളത്തില്‍ ഇന്ന് (നവംബര്‍ 13) മുതല്‍ നവംബര്‍ 17 വരെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ നേരിയതോ, ഇടത്തരമോ ആയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് ഒറ്റപ്പെട്ടയിടങ്ങളില്‍ മിതമായ മഴയ്ക്ക് സാധ്യതയുള്ളത്. മറ്റ് ജില്ലകളില്‍ നേരിയ മഴയും പ്രതീക്ഷിക്കുന്നു. എന്നാല്‍ നിലവിലെ പ്രവചനപ്രകാരം ഒരു ജില്ലയിലും നവംബര്‍ 17 വരെ ശക്തമായ മഴ പ്രതീക്ഷിക്കുന്നില്ല. അതുകൊണ്ട് എല്ലാ ജില്ലകളിലും ഈ അഞ്ച് ദിവസവും ഗ്രീന്‍ അലര്‍ട്ടാണ് പുറപ്പെടുവിച്ചിരിക്കുന്നത്.
തെക്കുകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെട്ടതായി കാലാവസ്ഥ വകുപ്പ് അറിയിച്ചു. നാളെയോടെ ശക്തി കൂടിയ ന്യൂനമര്‍ദ്ദമായും, നവംബര്‍ പതിനഞ്ചോടെ തീവ്രന്യൂനമര്‍ദ്ദമായും മാറാന്‍ സാധ്യത. തുടര്‍ന്ന് നവംബര്‍ 16-ന് വൈകിട്ടോടെ മധ്യ ബംഗാള്‍ ഉള്‍ക്കടലില്‍ ചുഴലിക്കറ്റായി കൂടുതല്‍ ശക്തിപ്രാപിച്ചേക്കുമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. ചുഴലിക്കാറ്റ് രൂപപ്പെട്ടാല്‍ ഇറാന്‍ നിര്‍ദ്ദേശിച്ച ‘അക്വാന്‍’ എന്ന പേരാകും നല്‍കുക.
‘അക്വാന്‍’ കേരളത്തെ ബാധിക്കുമോ?
‘അക്വാന്‍’ ചുഴലിക്കാറ്റ് രൂപപ്പെടാനുള്ള സാധ്യതകള്‍ മാത്രമാണ് കാലാവസ്ഥ വകുപ്പ് ഇപ്പോള്‍ പങ്കുവെച്ചിട്ടുള്ളത്. ഇത് കേരളത്തിലെ മഴ ശക്തമാക്കുമോയെന്ന് വ്യക്തമല്ല. വരും ദിവസങ്ങളില്‍ ഇതേക്കുറിച്ച് കൂടുതല്‍ വ്യക്തത വരും. അതേസമയം, മധ്യ കിഴക്കന്‍ അറബിക്കടലിലും സമീപ വടക്കന്‍ ലക്ഷദ്വീപ് പ്രദേശങ്ങള്‍ക്കും ചക്രവാതച്ചുഴി തുടരുന്നുണ്ട്.
Also Read: Kerala Weather Update: ജാഗ്രത! ന്യൂനമർദ്ദം തീവ്ര ന്യൂനമർദ്ദമായേക്കും; സംസ്ഥാനത്ത് ഇന്നും മഴ സാധ്യത
രാജ്യത്ത് വിവിധയിടങ്ങളില്‍ മഴയ്ക്ക് സാധ്യത
അതേസമയം, രാജ്യത്തെ വിവിധ സ്ഥലങ്ങളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചു. നവംബർ 13-14 തീയതികളിൽ ഹരിയാന, ചണ്ഡീഗഡ്, ഡൽഹി, പഞ്ചാബ് എന്നിവിടങ്ങളിലും, നവംബർ 14-15 തീയതികളിൽ പടിഞ്ഞാറൻ രാജസ്ഥാൻ, പടിഞ്ഞാറൻ ഉത്തർപ്രദേശ് എന്നിവിടങ്ങളിലും, നവംബർ 15-ന് കിഴക്കൻ രാജസ്ഥാനിലും മഴയ്ക്ക് സാധ്യതയുണ്ട്.
നവംബർ 13-14 തീയതികളിൽ ജമ്മു-കശ്മീർ-ലഡാക്ക്-ഗിൽഗിറ്റ്-ബാൾട്ടിസ്ഥാൻ-മുസാഫറാബാദ് മേഖലകളിൽ ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിമിന്നലോടും, മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിലും ചില അവസരങ്ങളിൽ 60 കിലോമീറ്റർ വരെ വേഗതയിലും വീശിയേക്കാവുന്ന ശക്തമായ കാറ്റോടും കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്.
തമിഴ്‌നാട്, പുതുച്ചേരി, കാരയ്ക്കൽ എന്നിവിടങ്ങളിൽ നവംബർ 13-14 തീയതികളിലും നവംബർ 16 മുതൽ 19 വരെയും, തീരദേശ ആന്ധ്രാപ്രദേശ്, യാനം, രായലസീമ എന്നിവിടങ്ങളിൽ നവംബർ 14 മുതൽ 19 വരെയും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
English Summary
A low-pressure area has formed over the southeast Bay of Bengal. The IMD predicts it will intensify into Cyclone by November 16. Meanwhile, a cyclonic circulation persists over the east-central Arabian Sea near Lakshadweep. Consequently, isolated light to moderate rain is likely across Kerala from November 13 to 17.