Thiruvananthapuram Metro: തമ്പാനൂർ – കഴക്കൂട്ടം യാത്രയ്ക്ക് മെട്രോയാണോ ബസാണോ ലാഭം? തിരുവനന്തപുരം മെട്രോ വരുമ്പോൾ….
Thiruvananthapuram Metro Travel Time Comparison: തിരുവനന്തപുരം നഗരത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഗതാഗത പാതകളിലൊന്നാണ് തമ്പാനൂർ - കഴക്കൂട്ടം റൂട്ട്. ദൂരം ഏകദേശം 14 മുതൽ 17 കിലോമീറ്ററാണ്. മെട്രോ വരുമ്പോൾ ഈ റൂട്ടിലെ യാത്ര സമയം എങ്ങനെ മാറുമെന്ന് പരിശോധിച്ചാലോ...

പ്രതീകാത്മക ചിത്രം
തലസ്ഥാന നിവാസികളുടെ ദീർഘനാളത്തെ സ്വപ്നമായ മെട്രോ പദ്ധതിയുമായി ബന്ധപ്പെട്ടുള്ള നടപടികൾ പുരോഗമിക്കുകയാണ്. കഴിഞ്ഞ ദിവസം കൊച്ചി മെട്രോ നൽകിയ സിഎംപി സംസ്ഥാന സംസ്ഥാന സർക്കാര്‍ അനുമതി നിഷേധിച്ചെങ്കിലും ഉടനെ തന്നെ പുതുക്കിയ പ്ലാൻ സമർപ്പിച്ചു. പാപ്പനംകോട് മുതൽ ഈഞ്ചക്കൽ വരെ 31 കിലോമീറ്റർ നീളത്തിലെത്തുന്ന മെട്രോയ്ക്ക് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ജനങ്ങൾ.
തിരുവനന്തപുരം നഗരത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഗതാഗത പാതകളിലൊന്നാണ് തമ്പാനൂർ – കഴക്കൂട്ടം റൂട്ട്. നഗരകേന്ദ്രവും റെയിൽവേ/ബസ് സ്റ്റേഷനുകളും സ്ഥിതി ചെയ്യുന്ന തമ്പാനൂരും, ടെക്നോപാർക്ക് അടക്കമുള്ള ഐ.ടി ഹബ്ബുകൾ സ്ഥിതി ചെയ്യുന്ന കഴക്കൂട്ടവും തമ്മിലുള്ള ദൂരം ഏകദേശം 14 മുതൽ 17 കിലോമീറ്ററാണ്. ദിനംപ്രതി ആയിരക്കണക്കിന് യാത്രക്കാരും ജീവനക്കാരുമാണ് ഈ റൂട്ടിൽ യാത്ര ചെയ്യുന്നത്. മെട്രോ വരുമ്പോൾ ഈ റൂട്ടിലെ യാത്ര സമയം എങ്ങനെ മാറുമെന്ന് പരിശോധിച്ചാലോ…
തമ്പാനൂർ – കഴക്കൂട്ടം യാത്ര
കെഎസ്ആർടിസി ബസിൽ ഏകദേശം 30 – 45 മിനിറ്റ് സമയമാണ് എടുക്കുന്നത്. തിരക്കുള്ള സമയങ്ങളിൽ റോഡിലെ ഗതാഗതക്കുരുക്ക് കാരണം യാത്രാസമയം വർദ്ധിക്കാം. എന്നിരുന്നാലും കൃത്യമായ ഇടവേളകളിൽ ധാരാളം ബസുകൾ ഈ റൂട്ടിലുണ്ട്. കഴക്കൂട്ടത്ത് നിന്ന് തമ്പാനൂരിലേക്ക് കെഎസ്ആർടിസിയും സിറ്റി റൈഡും പ്രൈവറ്റ് ബസും നിരവധിയുണ്ട്. സമയം 30 – 45 മിനിറ്റാണെങ്കിലും പ്ലാമൂട്, പട്ടം, പി.എം.ജി, കേശവദാസപുരം തുടങ്ങിയ പ്രധാന ജംഗ്ഷനുകളിലെ ഗതാഗതക്കുരുക്ക് കാരണം യാത്രാസമയം ഒരു മണിക്കൂറോളം നീളാറുണ്ട്.
ALSO READ: തിരുവനന്തപുരം മെട്രോ പ്ലാനിന് അനുമതിയില്ല! പുതിയ റൂട്ട് പ്ലാൻ വരുന്നു
ബസ് പോലെ തന്നെ ട്രെയിൻ ഗതാഗതവും ഉപയോഗിക്കാവുന്നതാണ്. ഏകദേശം 22 – 40 മിനിറ്റാണ് യാത്രാ സമയം. സമയം കുറവാണെങ്കിലും കൃത്യമായ സമയക്രമം പാസഞ്ചർ, എക്സ്പ്രസ് ട്രെയിനുകളെ ആശ്രയിച്ചായിരിക്കും. ട്രെയിനിൽ നിരക്ക് കുറവും വേഗതയുണ്ടെങ്കിലും, ട്രെയിനുകളുടെ സമയക്രമം സാധാരണക്കാരുടെ ദൈനംദിന ആവശ്യങ്ങൾക്ക് എപ്പോഴും അനുയോജ്യമാകണമെന്നില്ല.
മെട്രോ വന്നാൽ?
തിരുവനന്തപുരം മെട്രോ വരുന്നതോടെ യാത്രാസമയത്തിൽ വൻ കുറവുണ്ടാകുമെന്നാണ് പ്രതീക്ഷ. ഏകദേശം 18- 25 മിനിറ്റായി സമയം കുറഞ്ഞേക്കാം. സിഗ്നലുകളോ റോഡ് ട്രാഫിക്കോ ഇല്ലാത്തതിനാൽ കൃത്യസമയത്ത് ലക്ഷ്യസ്ഥാനത്ത് എത്താവുന്നതാണ്. കൂടാതെ മറ്റ് ചില മെട്രോകളെ പോലെ ഓരോ 5-10 മിനിറ്റിലും സർവീസ് ലഭ്യമായേക്കാം. അതായത്, ബസുകളിലെയും ട്രെയിനുകളിലെയും നിലവിലെ യാത്രാസമയവുമായി താരതമ്യം ചെയ്യുമ്പോൾ, തിരുവനന്തപുരം മെട്രോ യാഥാർത്ഥ്യമാകുന്നതോടെ തലസ്ഥാന നഗരിയിലെ ഗതാഗത കുരുക്കിന് വലിയൊരു പരിഹാരമാകും.
റോഡിലെ ഗതാഗതക്കുരുക്കിൽപ്പെടാതെ 20 മിനിറ്റിനുള്ളിൽ കഴക്കൂട്ടത്തുനിന്നും തമ്പാനൂരെത്താൻ മെട്രോ വഴി സാധിക്കും. ടെക്നോപാർക്കിലേക്ക് ദിവസേന യാത്ര ചെയ്യുന്ന ഐ.ടി ജീവനക്കാർക്ക് ഏറ്റവും സുരക്ഷിതമായും സമയലാഭമുള്ളതുമായ യാത്രാമാർഗ്ഗമായി മെട്രോ മാറും. അതുപോലെ, മഴയോ റോഡ് അറ്റകുറ്റപ്പണികളോ യാത്രാസമയത്തെ ബാധിക്കില്ല എന്നതും മെട്രോയ്ക്ക് നേട്ടമാണ്.
English Summary:
The upcoming Thiruvananthapuram Metro is expected to significantly reduce travel time across the capital city, with some journeys potentially taking just 18–25 minutes. Since metro trains will operate without being affected by road traffic or traffic signals, passengers can expect more predictable and punctual travel.