മടിയിൽ വച്ചത് വിഷപ്പാമ്പിനെ! മോർഫിങ് ചിത്രം വിൽപ്പന: ശ്രീഹരി അറസ്റ്റിൽ, കോളജിൽ നിന്ന് പുറത്താക്കി
Thrikkakara Morphing case: മോർഫിങ് വഴി അധ്യാപകരുടെയും വിദ്യാർഥികളുടെയും അശ്ലീല ദൃശ്യങ്ങൾ നിർമിച്ച സംഭവത്തിൽ തൃക്കാക്കര ഭാരതമാതാ കോളേജിലെ രണ്ടാംവർഷ ബിബിഎ വിദ്യാർഥി വിഎസ് ശ്രീഹരിയെ പോലീസ് കസ്റ്റഡിയിലെടുത്തു. കോളേജ് അധികൃതർ നൽകിയ പരാതിയിലാണ് തൃക്കാക്കര പോലീസിന്റെ നടപടി. മോർഫിങ് കേസിനെ തുടർന്ന് ശ്രീഹരിയെ ഭാരത് മാതാ കോളജിൽനിന്ന് പുറത്താക്കിയതായി പ്രിൻസിപ്പൽ അറിയിച്ചിട്ടുണ്ട്.
തൃക്കാക്കര: അധ്യാപകരുടെയും സഹപാഠികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത് അശ്ലീല ചിത്രങ്ങളാക്കി മാറ്റുകയും പ്രചരിപ്പിക്കുകയും വിൽപ്പന നടത്തുകയും ചെയ്ത കേസിൽ തൃക്കാക്കര ഭാരതമാതാ കോളേജിലെ രണ്ടാംവർഷ ബിബിഎ വിദ്യാർഥി വിഎസ് ശ്രീഹരിയെ പോലീസ് കസ്റ്റഡിയിലെടുത്തു. കോളേജ് അധികൃതർ നൽകിയ പരാതിയിലാണ് തൃക്കാക്കര പോലീസിന്റെ നടപടി. മോർഫിങ് കേസിനെ തുടർന്ന് ശ്രീഹരിയെ ഭാരത് മാതാ കോളജിൽനിന്ന് പുറത്താക്കിയതായി പ്രിൻസിപ്പൽ അറിയിച്ചിട്ടുണ്ട്. സംഭവത്തിൽ മറ്റു വിദ്യാർഥികൾക്ക് പങ്കുള്ളതായി തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്നാണ് പ്രിൻസിപ്പൽ പറയുന്നത്. അതേസമയം, അറസ്റ്റിലായ ശ്രീഹരിയുടെ ഫോണിൽനിന്ന് ഞെട്ടിക്കുന്ന വിവരങ്ങൾ പോലീസിന് ലഭിച്ചു എന്നാണ് വിവരം.
പോലീസ് അനുമതിയോടെ ശ്രീഹരിയുടെ ഫോൺ വിദ്യാർത്ഥികൾ പരിശോധിച്ചു. ഫോൺ പരിശോധിച്ച പെൺകുട്ടികളുടെ അടക്കം ചിത്രങ്ങൾ പലപ്പോഴായി ശ്രീഹരി ദുരുപയോഗം ചെയ്തിട്ടുണ്ടെന്നും നഗ്നചിത്രങ്ങൾ ടെലഗ്രാം ഗ്രൂപ്പുകൾ വഴി പണം വാങ്ങി വിറ്റതിനുള്ള തെളിവുകളും കണ്ടെത്തി. ടീച്ചർമാരുടെയും വിദ്യാർഥികളുടെയും ചിത്രങ്ങൾ പ്രചരിപ്പിക്കുന്നതിനായി പ്രത്യേക ഗ്രൂപ്പുകളും ഈ വിദ്യാർഥിക്ക് ഉണ്ടായിരുന്നതായി കണ്ടെത്തി.
ക്ലാസ്മുറിയിൽ ടീച്ചർമാർ പഠിപ്പിക്കുന്ന ദൃശ്യങ്ങൾ പകർത്തിയാണ് മോർഫിങ് നടന്നത്. ഹോസ്റ്റലിൽ നിന്നും ചിത്രങ്ങൾ പകർത്തിയതായി സംശയമുണ്ട്. ശ്രീഹരിയുടെ ഗ്യാലറിയിൽ ഗേൾസ് ഹോസ്റ്റൽ റൂം ദൃശ്യങ്ങങ്ങളും കണ്ടെത്തി. ശ്രീഹരിക്ക് പുറമേ ആരൊക്കെയാണ് ചിത്രങ്ങൾ പ്രചരിപ്പിക്കുന്നതെന്നത് സംബന്ധിച്ച വ്യക്തത ലഭിച്ചിട്ടില്ല. അറസ്റ്റിലായ ശ്രീഹരിയുടെ മൊബൈൽ ഫോൺ പോലീസ് ഫോറൻസിക് പരിശോധനയ്ക്ക് അയയ്ക്കും.
വിഷപ്പാമ്പിനെ മടിയിൽ വച്ചതുപോലൊരു പണി
ശ്രീഹരിയുടെ കാര്യത്തിൽ ‘വിഷപ്പാമ്പിനെ മടിയിൽ വച്ചതുപോലൊരു പണി’ ആണ് കോളജിലെ അധ്യാപകർക്കും വിദ്യാർഥികൾക്കും കിട്ടിയിരിക്കുന്നത്. കോളേജിലെ വിവിധ പരിപാടികളുടെ ഔദ്യോഗിക ചിത്രീകരണ ചുമതല വഹിച്ചിരുന്നത് ശ്രീഹരിയായിരുന്നു. ഈ അവസരം ഉപയോഗപ്പെടുത്തി ചിത്രീകരിച്ച ദൃശ്യങ്ങൾ ഉൾപ്പെടെ പ്രതി ദുരുപയോഗം ചെയ്തിട്ടുണ്ട്. കെഎസ്‍യു മീഡിയ കമ്മിറ്റിയിലും ശ്രീഹരി അംഗമായിരുന്നു. ഇതുവഴിയും ചിത്രങ്ങൾ ഇയാളുടെ കൈയിലേക്ക് എത്തിയിരുന്നു.
ഒരു മാസം മുമ്പാണ് ശ്രീഹരിയെ കെഎസ്‍യു മീഡിയ കമ്മിറ്റിയിൽ ഉൾപ്പെടുത്തിയത്. തങ്ങൾക്ക് ഒപ്പമുള്ളവരുടെ അടക്കം ചിത്രങ്ങൾ ശ്രീഹരി പ്രചരിപ്പിച്ചെന്നും ആരുടെയും ചരിത്രം പരിശോധിച്ച ശേഷമല്ല, വീഡിയോ എടുക്കാൻ കഴിവുള്ളവരെയാണ് മീഡിയ കമ്മിറ്റിയിൽ ഉൾപ്പെടുത്തിയതെന്ന് കോളേജിലെ കെഎസ്‌യു പ്രവർത്തകരായ വിദ്യാർത്ഥികൾ പറയുന്നു. സംഭവം അറിഞ്ഞ ഉടൻതന്നെ ശ്രീഹരിയെ പുറത്താക്കിയെന്നും കെഎസ്യു പറയുന്നു.
സംഭവം പുറത്തറിഞ്ഞതിന് പിന്നാലെ കോളേജിൽ വിദ്യാർഥികൾ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. തുടർന്ന് കോളജ് അധികൃതർ നടത്തിയ പ്രാഥമിക പരിശോധനയിൽ വിദ്യാർഥിയുടെ മൊബൈൽ ഫോണിൽനിന്ന് മോർഫ് ചെയ്ത ചിത്രങ്ങൾ കണ്ടെത്തി. ഇതിന് പിന്നാലെ ഇയാളെ കോളേജിൽനിന്ന് സസ്പെൻഡ് ചെയ്തു. എന്നാൽ, സംഭവത്തിന്റെ ഗൗരവം വ്യക്തമായ ശേഷവും വിദ്യാർഥിയെ ലോക്കൽ ഗാർഡിയനൊപ്പം പോകാൻ കോളേജ് അധികൃതർ അനുവദിച്ചെന്നാരോപിച്ച് ഒരു വിഭാഗം വിദ്യാർഥികൾ കോളജ് കവാടത്തിൽ പ്രതിഷേധിച്ചു.
English Summary
VS Srihari, a second-year BBA student at Bharath Mata College, Thrikkakara, has been taken into custody by the police in connection with the incident of creating obscene images of teachers and students through morphing. The action of the Thrikkakara police was based on a complaint filed by the college authorities. The principal has informed that Srihari has been expelled from Bharath Mata College following the morphing case.