Amit Shah: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ കൊച്ചിയിൽ; ബിജെപി സംസ്ഥാന നേതൃയോഗം ഉദ്ഘാടനം ചെയ്യും
Union Home Minister Amit Shah in Kochi: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ സന്ദർശനവുമായി ബന്ധപ്പെട്ട് കൊച്ചിയിൽ ഇന്ന് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. രാവിലെ 11 മണി മുതൽ ഉച്ചയ്ക്ക് രണ്ട് മണി വരെയാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.
കൊച്ചി: രണ്ടു ദിവസത്തെ സന്ദർശനത്തിനായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കൊച്ചിയിൽ എത്തി. ഇന്ന് (ഓഗസ്റ്റ് 22) എറണാക്കുളത്ത് വച്ച് നടക്കുന്ന ബിജെപി സംസ്ഥാന നേതൃയോഗം അമിത് ഷാ ഉദ്ഘാടനം ചെയ്യും. രാവിലെ പത്ത് മണിക്ക് പാലാരിവട്ടത്ത് വച്ചാണ് പരിപാടി നടക്കുക. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പരിപാടിയിൽ അധ്യക്ഷത വഹിക്കും.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങൾ വിലയിരുത്തുക എന്ന ലക്ഷ്യത്തോടെയാണ് കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ കൊച്ചി സന്ദർശനം. ഇന്ന് നടക്കുന്ന ബിജെപി സംസ്ഥാന നേതൃയോഗത്തിൽ കേന്ദ്രമന്ത്രിമാരായ സുരേഷ് ഗോപി, ജോർജ് കുര്യൻ, മുൻ സംസ്ഥാന അധ്യക്ഷന്മാരായ കുമ്മനം രാജശേഖരൻ, പി കെ കൃഷ്ണദാസ്, വി മുരളീധരൻ, കെ സുരേന്ദ്രൻ, ബിജെപി സംസ്ഥാന ഭാരവാഹികൾ, ജില്ലാ അധ്യക്ഷന്മാർ എന്നിവർ പങ്കെടുക്കും.
ALSO READ: പ്രിയ നേതാവിന് വിട നൽകാൻ നാട്: രാവിലെ 11 മുതൽ വണ്ടിപ്പെരിയാർ ടൗൺഹാളിൽ പൊതുദർശനം; വൈകിട്ട് സംസ്കാരം
നേതൃയോഗത്തിൻറെ തുടർച്ചയായി തൃശൂരിൽ നാളെ (ഓഗസ്റ്റ് 23) രാവിലെ മുതൽ ബിജെപി സംസ്ഥാന ശില്പശാലയും നടക്കും. അതേസമയം, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ സന്ദർശനവുമായി ബന്ധപ്പെട്ട് കൊച്ചിയിൽ ഇന്ന് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. രാവിലെ 11 മണി മുതൽ ഉച്ചയ്ക്ക് രണ്ട് മണി വരെയാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. ബോൾഗാട്ടി ജംഗ്ഷൻ, ഗോശ്രീ ഒന്നാം പാലം, ഹൈക്കോടതി ജംഗ്ഷൻ, ബാനർജി റോഡ്, പാലാരിവട്ടം ,എൻഎച്ച് 544 ൽഇടപ്പള്ളി, കളമശ്ശേരി, മുട്ടം എന്നിവിടങ്ങളിലാണ് നിയന്ത്രണം.
അതേസമയം, നേതൃയോഗത്തിന് ശേഷം അമിത് ഷാ ചില സ്വകാര്യ സംഘടനകളുടെ പരിപാടികളിലും പങ്കെടുക്കും. തുടർന്ന്, ഇന്ന് വൈകിട്ടോടെ അദ്ദേഹം ചെന്നൈയിലേക്ക് തിരിക്കും.