Rahul Mamkootathil: ‘രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനം രാജിവെയ്ക്കേണ്ട’; ആരോപണം അന്വേഷിക്കാൻ പ്രത്യേക സമിതി
Rahul Mamkootathil : രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഉയരുന്ന ആരോപണങ്ങൾ അന്വേഷിക്കാൻ പ്രത്യേക സമിതിയെ നിയോഗിക്കാനും പാർട്ടിയിൽ തീരുമാനമായി. രാഹുലിനെതിരായ ഉയർന്ന എല്ലാ ആരോപണങ്ങളും സമിതി അന്വേഷിക്കും.
തിരുവനന്തപുരം: ആരോപണങ്ങൾക്കും പ്രതിഷേധങ്ങൾക്കുമിടയിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനം രാജിവെക്കണമെന്ന ആവശ്യം തള്ളി കോൺഗ്രസ്. രാഹുൽ നിലവിൽ എംഎൽഎ സ്ഥാനം രാജിവെയ്ക്കേണ്ട സാഹചര്യമില്ലെന്നാണ് പാർട്ടി നേതാക്കൾ പറയുന്നത്. സംഘടനാപരമായ നടപടി മാത്രം മതിയെന്നും കോണ്‍ഗ്രസിൽ ധാരണയായി.
രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഉയരുന്ന ആരോപണങ്ങൾ അന്വേഷിക്കാൻ പ്രത്യേക സമിതിയെ നിയോഗിക്കാനും പാർട്ടിയിൽ തീരുമാനമായി. രാഹുലിനെതിരായ ഉയർന്ന എല്ലാ ആരോപണങ്ങളും സമിതി അന്വേഷിക്കും. ലൈംഗികാതിക്രമ കേസ് നേരിട്ടിട്ടും മുകേഷ് എംഎൽഎയായി തുടരന്നതടക്കം ഉന്നയിച്ച് കോണ്‍ഗ്രസ് എംഎൽഎ സ്ഥാനം രാജിവെക്കണമെന്നുള്ള ആവശ്യത്തെ പ്രതിരോധിക്കും. അതേസമയം നിർബന്ധിത ഗർഭഛിദ്രത്തിന് പ്രേരിപ്പിച്ചെന്ന പരാതിയിൽ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ തിടുക്കത്തിൽ കേസെടുക്കേണ്ടെന്നാണ് പോലീസിന്റെ തീരുമാനം. വാർത്തയുടെ അടിസ്ഥാനത്തിൽ മാത്രമാണ് പരാതിയെന്നും അതിനപ്പുറം തെളിവുകൾ ഇല്ലെന്നും കാണിച്ചാണ് പരാതി എടുക്കേണ്ടെന്ന് പോലീസ് വ്യക്തമാക്കിയത്.
Also Read:മാങ്കൂട്ടത്തിലിന്റെ വീട്ടിലേക്ക് കെഎസ്ആർടിസി ബസ്സിൽ കോഴിയെ അയച്ച് പ്രതിഷേധം
കഴിഞ്ഞ ദിവസമാണ് യുവനടിക്ക് അശ്ലീല സന്ദേശമയച്ച വിഷയത്തിൽ ഉയര്‍ന്ന വിവാദങ്ങളെ തുടര്‍ന്ന് യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനം രാഹുല്‍ മാങ്കൂട്ടത്തില്‍ രാജിവെച്ചത്. വിഷയത്തില്‍ ധാര്‍മികതയുടെ പുറത്താണ് രാജിവെക്കുന്നതെന്ന് രാഹുല്‍ വ്യക്തമാക്കി. പഞ്ചനക്ഷത്രഹോട്ടലിലേക്ക് ക്ഷണിച്ചെന്നും അശ്ലീലസന്ദേശങ്ങള്‍ അയച്ചെന്നുമാണ് യുവനടി റിനി ആന്‍ ജോര്‍ജ് കഴിഞ്ഞ ബുധനാഴ്ച വെളിപ്പെടുത്തിയത്. ആരുടെയും പേര് പറയാതെയായിരുന്നു ആരോപണങ്ങളെങ്കിലും പാര്‍ട്ടി ഗ്രൂപ്പുകളില്‍ രാഹുലിന്റെ പേര് പരാമര്‍ശിച്ച് തന്നെയാണ് ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ ഉയര്‍ന്നത്.
ഇതിനു പിന്നാലെ രാഹുലിനെതിരെ കൂടുതൽ ആരോപണങ്ങൾ ഉയർന്നു. എഴുത്തുകാരി ഹണി ഭാസ്‌കര്‍, ട്രാൻസ് വുമൺ അവന്തിക എന്നിവരും രംഗത്ത് എത്തിയതോടെ സംസ്ഥാനത്തിന്റെ വിവിധ ഇടങ്ങളിൽ പ്രതിഷേധം ഉയർന്നിരുന്നു.ബിജെപി, സിപിഎം യുവജന സംഘടന നേതാക്കളും രാഹുൽ മാങ്കൂട്ടത്തിലിന്റെ രാജി ആവശ്യപ്പെട്ട് രംഗത്തെത്തി