VD Satheesan vs KSU: കെ.എസ്.യു മുഖ്യമന്ത്രി തർക്കം; കെ.പി.സി.സി പ്രസിഡൻ്റിനെ കണ്ട് അലോഷ്യസ് സേവ്യർ, പ്രതികരിച്ച് കെ.സി വേണുഗോപാലും
Leader's Response on VD Satheesan-KSU Rift: കഴിഞ്ഞ ദിവസങ്ങളിലായി തുടരുന്ന കെഎസ്‌യു മുഖ്യമന്ത്രി തർക്കത്തിനിടെ കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫിനെ നേരിൽകണ്ട് കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവിയർ. കഴിഞ്ഞദിവസം തേവര എസ് എച്ച് കോളേജിൽ നേർക്കുനേർ വന്നിട്ടും കെഎസ്‌യു പ്രസിഡണ്ടിനെ മൈൻഡ് ചെയ്യാതിരുന്ന വിഷയത്തിൽ താൻ മുഖ്യമന്ത്രിയുമായി സംസാരിച്ചെന്ന് സണ്ണി ജോസഫ് മാധ്യമങ്ങളോട് പ്രതികരിച്ചു.
തിരുവനന്തപുരം: കഴിഞ്ഞ ദിവസങ്ങളിലായി തുടരുന്ന കെഎസ്‌യു മുഖ്യമന്ത്രി തർക്കത്തിനിടെ കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫിനെ നേരിൽകണ്ട് കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവിയർ. ഗവൺമെന്റ് പ്ലീഡർ നിയമനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി കെഎസ്‌യുവിനെതിരെ നടത്തിയ പരാമർശത്തിലും തനിക്ക് കാണാൻ അവസരം നൽകാത്തതിലുമുള്ള പരാതി അലോഷ്യസ് കെപിസിസി അധ്യക്ഷനെ അറിയിച്ചു.
കഴിഞ്ഞദിവസം തേവര എസ് എച്ച് കോളേജിൽ നേർക്കുനേർ വന്നിട്ടും കെഎസ്‌യു പ്രസിഡണ്ടിനെ മൈൻഡ് ചെയ്യാതിരുന്ന വിഷയത്തിൽ താൻ മുഖ്യമന്ത്രിയുമായി സംസാരിച്ചെന്ന് സണ്ണി ജോസഫ് മാധ്യമങ്ങളോട് പ്രതികരിച്ചു. കോളേജിലെ പരിപാടി കഴിഞ്ഞ് പ്രധാനമന്ത്രി പങ്കെടുക്കുന്ന ഒരു മീറ്റിങ്ങിൽ ഓൺലൈൻ പങ്കെടുക്കാൻ ഉള്ളതുകൊണ്ട് വേഗത്തിൽ അവിടെ നിന്ന് പോരുക ആയിരുന്നെന്നും. ആ തിരക്കിനിടയിൽ കെഎസ് യു പ്രസിഡന്റിനെ ശ്രദ്ധിച്ചില്ല എന്നുമാണ് മുഖ്യമന്ത്രി പറഞ്ഞത് എന്ന് സണ്ണി ജോസഫ് വിശദീകരിച്ചു. ഇത് വിവാദമാക്കേണ്ട വിഷയം അല്ലെന്നും അദ്ദേഹം പറഞ്ഞു.
തർക്കം മുറുകുന്നതിനിടെ വിഷയത്തിൽ പ്രതികരണവുമായി കെസി വേണുഗോപാൽ എംപിയും ഇന്ന് രംഗത്തെത്തി. കെ എസ് യു പ്രവർത്തകർക്ക് സങ്കടമുണ്ടാക്കുന്ന കാര്യങ്ങൾ ഉണ്ടായിട്ടുണ്ടാകും എന്നാണ് അദ്ദേഹം പറഞ്ഞത്. എന്നാൽ ഇത്തരം കാര്യങ്ങൾ ബന്ധപ്പെട്ട പാർട്ടി വേദികളിലാണ് അറിയിക്കേണ്ടതെന്നും എത്രയും വേഗം പ്രശ്നപരിഹാരം ഉണ്ടാകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതിനിടെ കെഎസ്‌യു സംസ്ഥാന പ്രസിഡണ്ടിന് പരസ്യ പിന്തുണയുമായി വി എം സുധീരനും എത്തി. തിരുവനന്തപുരത്ത് നടന്ന ഉമ്മൻ ചാണ്ടി അനുസ്മരണ പരിപാടിയായിരുന്നു വേദി. ആരുടെ മുന്നിലും തലകുനിക്കാത്തതാണ് കെഎസ്‌യുവിന്റെ ശൈലി എന്നും ധൈര്യമായി മുന്നോട്ടു പോകാനും അലോഷ്യസിനെ ചേർത്തുനിർത്തി സുധീരൻ ഉപദേശിച്ചു. ധീരമായ നിലപാടുകൾ എടുക്കുമ്പോൾ ചില പ്രശ്നങ്ങൾ ഉണ്ടാകാമെന്നും അതിനെയൊക്കെ മറികടന്ന് മുന്നോട്ടു പോകണമെന്നും അലോഷ്യസിനോട് സുധീരൻ പറഞ്ഞു. സംഭവം വിവാദമാക്കേണ്ട കാര്യം ഇല്ലെന്നും കെഎസ്‌യുവിന് പരാതിയുണ്ടെങ്കിൽ അത് പാർട്ടി വേദികളിൽ ഉന്നയിക്കാവുന്നതാണ് എന്ന് എന്നും രമേശ് ചെന്നിത്തല പ്രതികരിച്ചു.
യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നതിനുശേഷം ഗവൺമെന്റ് പ്ലീഡർമാരെ നിയമിച്ചതിൽ വീഴ്ച ഉണ്ടെന്ന് കാട്ടി കെഎസ്‌യു രംഗത്ത് എത്തിയതാണ് പ്രശ്നങ്ങൾക്ക് തുടക്കം കുറിച്ചത്. എൽഡിഎഫ് സർക്കാരിന്റെ കാലത്ത് തങ്ങളുടെ പ്രവർത്തകരെ ക്രൂരമായി മർദിക്കാൻ നേതൃത്വം നൽകിയവർക്ക് യുഡിഎഫ് സർക്കാർ വന്നപ്പോൾ പ്ലീഡർ നിയമനം നൽകി എന്ന് പറഞ്ഞാണ് ഒരു വിഭാഗം കെഎസ്‌യു പ്രവർത്തകർ പ്രതികരിച്ചത്. എന്നാൽ പ്ലീഡർ നിയമനത്തിൽ കെഎസ്‌യു വിന് എന്താണ് കാര്യം എന്നാണ് മുഖ്യമന്ത്രി വിഷയത്തിൽ മറുപടി നൽകിയത്. തുടർന്നാണ് പരസ്യ പ്രതികരണത്തിലേക്ക് കാര്യങ്ങൾ നീങ്ങിയത്.
English Summary
Amid the ongoing standoff between the KSU and the Chief Minister, KSU State President Aloysius Xavier met KPCC President Sunny Joseph in person. Sunny Joseph told the media that he had spoken to the Chief Minister regarding the incident where the latter had ignored the KSU President despite coming face-to-face at Sacred Heart College, Thevara, the previous day.