Vipanchika Death: വിപഞ്ചികയുടെ റീ പോസ്റ്റ്മോർട്ടം പൂർത്തിയാക്കി; കൊല്ലത്തെ വീട്ടിൽ മൃതദേഹം സംസ്കരിക്കും
Vipanchika Cremation: ഭർത്താവ് നിധീഷ് മകളെ ക്രൂരമായി പീഡിപ്പിച്ചുവെന്നാണ് വിപഞ്ചികയുടെ കുടുംബത്തിൻ്റെ ആരോപണം. നിധീഷിൻ്റെ ക്രൂരതകൾ വെളിപ്പെടുത്തുന്ന വിപഞ്ചികയുടെ കത്ത് കേസിലെ നിർണായക തെളിവാണ്. കുടുംബത്തിൻ്റെ ആരോപണങ്ങൾ ശരിവയ്ക്കുന്ന തരത്തിലാണ് വിപഞ്ചികയുടെ കത്ത്.
കൊല്ലം: ഷാർജയിൽ മരിച്ച നിലയിൽ കണ്ടെത്തിയ വിപഞ്ചികയുടെ റീ പോസ്‌റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കി. തിരുവനന്തപുരം മെഡിക്കൽ കോളേജിലാണ് റീ പോസ്‌റ്റ്‌മോർട്ടം നടത്തിയത്. വിപഞ്ചികയുടെ മൃതദേഹം കൊല്ലത്തെ വീട്ടിലേക്ക് കൊണ്ടുപോയി. സംസ്കാരം ഇന്ന് തന്നെ നടത്തുമെന്നാണ് റിപ്പോർട്ട്. ഇന്ന് രാവിലെ പതിനൊന്നരയോടെയാണ് റീ പോസ്‌റ്റ്‌മോർട്ടം നടപടികൾ ആരംഭിച്ചത്.
റീ പോസ്‌റ്റ്‌മോർട്ടം പൂർണമായും വീഡിയോയിൽ ചിത്രീകരിച്ചിച്ചിരുന്നു. ഇന്നലെ രാത്രിയയാണ് വിപഞ്ചികയുടെ മൃതദേഹം ഷാർജയിൽ നിന്ന് തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിച്ചത്. തുടർന്ന് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോവുകയായിരുന്നു. വരും ദിവസങ്ങളിൽ വിപഞ്ചികയുടെ മരണവുമായി ബന്ധപ്പെട്ട് കേരളത്തിൽ രജിസ്റ്റർ ചെയ്ത കേസിൽ നടപടിയുണ്ടാകും. വിപഞ്ചികയുടെ മകളുടെ സംസ്കാരം ഷാർജയിൽ വച്ച് തന്നെയാണ് നടന്നത്.
ഭർത്താവ് നിധീഷ് മകളെ ക്രൂരമായി പീഡിപ്പിച്ചുവെന്നാണ് വിപഞ്ചികയുടെ കുടുംബത്തിൻ്റെ ആരോപണം. നിധീഷിൻ്റെ ക്രൂരതകൾ വെളിപ്പെടുത്തുന്ന വിപഞ്ചികയുടെ കത്ത് കേസിലെ നിർണായക തെളിവാണ്. കുടുംബത്തിൻ്റെ ആരോപണങ്ങൾ ശരിവയ്ക്കുന്ന തരത്തിലാണ് വിപഞ്ചികയുടെ കത്ത്. ജൂലൈ എട്ടിനാണ് ഷാർജയിലെ താമസ സ്ഥലത്ത് വിപഞ്ചികയേയും മകളേയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
ഇതോടൊപ്പം ഭർത്താവിനും കുടുംബത്തിനുമെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചുകൊണ്ടുള്ള വിപഞ്ചികയുടെ ആത്മഹത്യാ കുറിപ്പും പൊലീസ് കണ്ടെടുത്തു. സ്ത്രീധനത്തിന്റെ പേരിൽ നേരിടേണ്ടിവന്ന ക്രൂരതകളെക്കുറിച്ചും വിപഞ്ചിക കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. ഭർത്താവിന്റെ പിതാവിൽ നിന്നുണ്ടായ മോശം അനുഭവം അടക്കം വിപഞ്ചിക കത്തിൽ വിവരിച്ചിട്ടുണ്ട്.