കോൺഗ്രസിൽ അടി മൂക്കുന്നു! ഷാഫി എ ഗ്രൂപ്പെങ്കിൽ എട്ടാമത്തെ അത്ഭുതം, കൂടുതൽ പറയിപ്പിക്കരുത്: ഉണ്ണിത്താൻ
Rajmohan Unnithan criticizes Shafi Parambil: ഷാഫി പറമ്പിൽ എംപിക്ക് എതിരേ കടുത്ത പരാമർശങ്ങളുമായി രാജ്മോഹൻ ഉണ്ണിത്താൻ എംപി രംഗത്തെത്തി. ഷാഫി എ ഗ്രൂപ്പെങ്കിൽ അത് എട്ടാമത്തെ അത്ഭുതമെന്ന് ഉണ്ണിത്താൻ പറഞ്ഞു. ഉമ്മൻ ചാണ്ടി സ്കൂൾ ഓഫ് പൊളിറ്റിക്സ് പറയുന്നവർ സരിത കേസ് വന്നപ്പോൾ ഓടിയൊളിച്ചു. ഉമ്മൻ ചാണ്ടിയെ വളഞ്ഞിട്ട് ആക്രമിക്കുമ്പോൾ ഉമ്മൻ ചാണ്ടിയെ രക്ഷിക്കാൻ താനും പാവപ്പെട്ട സിദ്ദിഖുമാണ് ഉണ്ടായിരുന്നതെന്നും ഉണ്ണിത്താൻ പറഞ്ഞു.

Rajmohan Unnithan Criticizes Shafi Parambil
തിരുവനന്തപുരം: കോൺഗ്രസിൽ തമ്മിലടി കൂടുതൽ രൂക്ഷമാകുന്നു. ഷാഫി പറമ്പിൽ എംപിക്ക് എതിരേ കടുത്ത പരാമർശങ്ങളുമായി രാജ്മോഹൻ ഉണ്ണിത്താൻ എംപി രംഗത്തെത്തി. ഷാഫി എ ഗ്രൂപ്പെങ്കിൽ അത് എട്ടാമത്തെ അത്ഭുതമെന്ന് ഉണ്ണിത്താൻ പറഞ്ഞു. ഉമ്മൻ ചാണ്ടി സ്കൂൾ ഓഫ് പൊളിറ്റിക്സ് പറയുന്നവർ സരിത കേസ് വന്നപ്പോൾ ഓടിയൊളിച്ചു. ഉമ്മൻ ചാണ്ടിയെ വളഞ്ഞിട്ട് ആക്രമിക്കുമ്പോൾ ഉമ്മൻ ചാണ്ടിയെ രക്ഷിക്കാൻ താനും പാവപ്പെട്ട സിദ്ദിഖുമാണ് ഉണ്ടായിരുന്നതെന്നും ഉണ്ണിത്താൻ പറഞ്ഞു. തനിക്കെതിരേ നടക്കുന്ന സൈബർ ആക്രമണങ്ങളിൽ മുൻ കോൺഗ്രസ് നേതാവിനെ ലക്ഷ്യമിട്ടുള്ള പരാമർശങ്ങളും ഉണ്ണിത്താൻ നടത്തി.
”ഉമ്മൻ ചാണ്ടി അവസാനനാളുകളിൽ സംസാരശേഷി നഷ്ടപ്പെട്ട് ബെംഗളൂരുവിൽ കഴിയുമ്പോൾ കഴക്കൂട്ടത്തുകാരൻ അഖിലിനെ യൂത്ത് കോൺഗ്രസ് പ്രസിഡന്റ് ആക്കണമെന്ന കുറിപ്പ് തിരുവന്തപുരത്തേക്ക കൊടുത്ത് അയച്ചു. ആ കടലാസ് വലിച്ചുകീറി ചവറ്റുകുട്ടയിൽ എറിഞ്ഞിട്ടാണ് അത് അട്ടിമറിച്ച് അടൂരുകാരനെ പ്രസിഡന്റാക്കിയത്”. തനിക്കെതിരായ അക്രമം നടത്തുന്നത് അടൂർ കേന്ദ്രീകരിച്ചാണെന്നും ഉണ്ണിത്താൻ ആരോപിച്ചു.
”എനിക്കെതിരായ സൈബർ ആക്രമണങ്ങൾ നടത്താൻ ആശാനു വേണ്ടി ശിഷ്യൻ ഇറങ്ങിയിരിക്കുകയാണ്. നാലു ഗർഭമുണ്ടാക്കിയവനാണ് അടൂരിലെ വീട്ടിലിരുന്ന് ഇതെല്ലാം ചെയ്യുന്നത്, എനിക്കെതിരായ ആക്രമണം ചില കോൺഗ്രസ് നേതാക്കൾ ആസ്വദിക്കുകയാണ്. ഈ ആസ്വാദനത്തിനൊന്നും അധികം ആയുസില്ല. എനിക്ക് സ്കൂൾ ഓഫ് പൊളിറ്റിക്സുകാരുടെ സർട്ടിഫിക്കറ്റ് വേണ്ട. എനിക്ക് മറിയാമ്മയുടെയും മറിയത്തിന്റെയും ചാണ്ടി ഉമ്മന്റെയും സർട്ടിഫിക്കറ്റ് മതി” എന്ന് ഉണ്ണിത്താൻ പ്രതികരിച്ചു.
”ഉമ്മൻ ചാണ്ടിയുടെ കാലം കഴിഞ്ഞെന്ന് മനസിലായപ്പോൾ മറുകണ്ടം ചാടിയവരാണ് സ്കൂൾ ഓഫ് പൊളിറ്റിക്സുകാർ. കൂടുതൽ കാര്യങ്ങൾ എന്നെക്കൊണ്ട് പറയിപ്പിക്കരുത്. പെട്ടി താങ്ങികളെ കൊണ്ട് അത് ചെയ്യിക്കുന്ന ആളുകൾ നിർത്തണം. ഇല്ലെങ്കിൽ മാന്യതയുടെ മുഖംമൂടി ഞാൻ വലിച്ചുകീറും. ആശാന്റെയും ശിഷ്യന്റെയും കാര്യങ്ങൾ എന്റെ ഡയറിയിലുണ്ട്. ആക്രമണം നിർത്താൻ ഷാഫിയോട് പറഞ്ഞോളൂ”.
”രണ്ട് ക്ലൂ ഞാൻ തരാം. അതിന്റെ കാരണം പിന്നീട് പറയാം. പനമ്പള്ളി നഗറിലെ ഒരു നേതാവ് കാലുപിടിച്ച് അപേക്ഷിച്ചിട്ടുണ്ട്. പിന്നെ ഒരു നേതാവിന്റെ കാറിന്റെ നമ്പർ ട്വന്റി 20 ആണ്’’ – രാജ്മോഹൻ ഉണ്ണിത്താൻ പറഞ്ഞു. ന്റെ മകൻ ബിജെപിയിൽ പോയിട്ടില്ല. ഈ പാർട്ടിയിൽ എല്ലാം നേടിയവരുടെ മക്കൾ ആണ് ബിജെപിയിൽ പോയത്. തനിക്കെതിരെ ആരോപണം തെളിയിച്ചാൽ പൊതുജീവിതം അവസാനിപ്പിക്കാം എന്ന് ഉണ്ണിത്താൻ വെല്ലുവിളിച്ചു.
”അനാവശ്യമായി പ്രകോപിപ്പിക്കരുത്. വിനാശ കാലേ വിപരീത ബുദ്ധി എന്ന് മാത്രം ഇപ്പോൾ പറയുന്നു. ഇപ്പോഴത്തെ ആക്രമണം ഭയന്ന് പിന്നോട്ട് പോകുന്ന പ്രശ്നമില്ല. ആവശ്യം വന്നാൽ എല്ലാം തുറന്നു പറയും. ചിലപ്പോൾ എല്ലാം പറയേണ്ടി വരും. അത് ചിലരുടെ മാന്യതയുടെ മുഖം മൂടി വലിച്ചു കീറുന്നതാവും. അപ്പൊ കാണുന്നവനെ അപ്പാ എന്ന് വിളിക്കുന്നവർ ഈ പാർട്ടിയിൽ ഉണ്ട്”
പിന്തുണ ഉണ്ടെങ്കിലും ഇല്ലെങ്കിലും അപ്രിയ സത്യങ്ങൾ തുറന്നു പറഞ്ഞു കൊണ്ടേയിരിക്കും. പാർട്ടിയിൽ എന്നും താൻ ഒറ്റയാൻ ആണെന്നും ഉണ്ണിത്താൻ പറഞ്ഞു. കാസർഗോഡ് അഡിഷണൽ പ്രോസിക്യൂട്ടർ നിയമനവുമായി ബന്ധപ്പെട്ട വിഷയത്തിൽ പ്രതികരിക്കാൻ ഇല്ലെന്നും രാജ്മോഹൻ ഉണ്ണിത്താൻ പറഞ്ഞു. വിദ്യാധരൻ നമ്പ്യാർ കോൺഗ്രസ് കുടുംബത്തിലെ അംഗം ആണ്. തനിക്ക് വേണ്ടി ബൂത്തിൽ ഇരുന്നയാളാണ് എന്നാണ് ഞാൻ പറഞ്ഞത്. സിപിഎം ആണ് വിദ്യാധരൻ എന്ന് പറയുന്നത് ശരിയല്ല. ഞാൻ പറഞ്ഞ കാര്യത്തിന് തെളിവ് തരാമെന്നും ഉണ്ണിത്താൻ പറഞ്ഞു.