AQI
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Oral Health: പല്ല് തേച്ച ശേഷം വായ കഴുകരുത്?; പല്ലിൻ്റെ ആയുസ് കൂട്ടാൻ ചെയ്യേണ്ടത്

Common Dental Mistakes: നമ്മൾ ചെയ്യുന്ന പലതും ദന്താരോ​ഗ്യത്തെ അനുദിനം നശിപ്പിച്ചുകൊണ്ടിരിക്കുകയാണ്. എന്തിനേറെ പറയുന്ന ചില അസമയത്തുള്ള പല്ലുതേപ്പുപോലും പല്ലുകളെ ഇല്ലാതാക്കുന്നതാണ്. നമ്മൾ പോലും അറിയാതെ ചെയ്യുന്ന തെറ്റുകൾ ഭാവിയിൽ വലിയ വില നൽകേണ്ടി വരുമെന്നാണ് അദ്ദേഹം ചൂണ്ടികാട്ടുന്നത്. ദൈനദിന ശുചിത്വവുമായി ബന്ധപ്പെട്ട് നമ്മൾ ചെയ്യുന്ന ചില തെറ്റുകൾ എന്തെല്ലാമെന്ന് നോക്കാം.

Oral Health: പല്ല് തേച്ച ശേഷം വായ കഴുകരുത്?; പല്ലിൻ്റെ ആയുസ് കൂട്ടാൻ ചെയ്യേണ്ടത്
Oral HealthImage Credit source: Westend61/Getty Images
Neethu Vijayan
Neethu Vijayan | Published: 19 Feb 2026 | 03:55 PM

ദിവസവും രണ്ടു നേരം പല്ലുതേച്ചാൽ വായയുടെ ആരോ​ഗ്യം സുരക്ഷിതമാണെന്ന് കരുതുന്നവരാണ് നമ്മളിൽ ഭൂരിപക്ഷവും. എന്നാൽ കേട്ടോളൂ, നമ്മൾ ചെയ്യുന്ന പലതും ദന്താരോ​ഗ്യത്തെ അനുദിനം നശിപ്പിച്ചുകൊണ്ടിരിക്കുകയാണ്. എന്തിനേറെ പറയുന്ന ചില അസമയത്തുള്ള പല്ലുതേപ്പുപോലും പല്ലുകളെ ഇല്ലാതാക്കുന്നതാണ്. കാലിഫോർണിയ ആസ്ഥാനമായുള്ള ദന്തഡോക്ടറായ ഡോ. മാർക്ക് ബർഹെന്നാനാണ് ഇന്ന് ദന്താരോ​ഗ്യത്തെ കുറിച്ച് മുന്നറിയിപ്പ് നൽകുന്നത്. നമ്മൾ പോലും അറിയാതെ ചെയ്യുന്ന തെറ്റുകൾ ഭാവിയിൽ വലിയ വില നൽകേണ്ടി വരുമെന്നാണ് അദ്ദേഹം ചൂണ്ടികാട്ടുന്നത്. ദൈനദിന ശുചിത്വവുമായി ബന്ധപ്പെട്ട് നമ്മൾ ചെയ്യുന്ന ചില തെറ്റുകൾ എന്തെല്ലാമെന്ന് നോക്കാം.

ALSO READ: വിശപ്പില്ലായ്മയും ശ്വാസം മുട്ടലും…. കുട്ടികളിലെ ഈ ലക്ഷണങ്ങൾ അവഗണിക്കരുത്

മൗത്ത് വാഷ് ഒഴിവാക്കുക

പലരും പല്ല് തേച്ചതിന് ശേഷം വായ ശുദ്ധമാക്കാൻ ആൻ്റി ബാക്ടീരിയൽ മൗത്ത് വാഷുകൾ ഉപയോഗിക്കാറുണ്ട്. എന്നാൽ ഇത് ആരോഗ്യത്തിന് അത്ര ഗുണകരമല്ലെന്നാണ് വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നത്. നമ്മുടെ വായിൽ ദഹനത്തിനും പല്ലുകളുടെ ആരോഗ്യത്തിനും സഹായിക്കുന്ന ​ഗുണകരമായ ബാക്ടീരിയകളുണ്ട്. ആൻ്റി ബാക്ടീരിയൽ മൗത്ത് വാഷുകൾ ഉപയോ​ഗിക്കുമ്പോൾ ഇത്തരം ഗുണകരമായ ബാക്ടീരിയകളെക്കൂടി നശിപ്പിക്കുന്നു. വായിലെ ബാക്ടീരിയകൾ നൈട്രിക് ഓക്സൈഡ് ഉൽപാദനത്തിന് സഹായിക്കാറുണ്ട്. ഇവ നശിക്കുന്നത് വഴി രക്തസമ്മർദ്ദം വർദ്ധിക്കാൻ സാധ്യതയുണ്ടെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്.

ഭക്ഷണം കഴിഞ്ഞാലുടൻ പല്ല് തേക്കരുത്

പല്ലുകളെ സംരക്ഷിക്കാൻ നമ്മൾ ചെയ്യുന്ന പല കാര്യങ്ങളും പലപ്പോഴും വിപരീത ഫലമുണ്ടാക്കാറുണ്ട്. അതിലൊന്നാണ് ഭക്ഷണം കഴിച്ച ഉടനെ പല്ല് തേക്കുന്ന ശീലം. നമ്മൾ കഴിക്കുന്ന ഭക്ഷണത്തിലെയും പാനീയങ്ങളിലെയും ആസിഡുകൾ പല്ലിൻ്റെ സംരക്ഷണ കവചമായ ഇനാമലിനെ താൽക്കാലികമായി മൃദുവാക്കുന്നു. അതുകൊണ്ട് തന്നെ ഈ അവസ്ഥയിൽ ഉടൻ തന്നെ ബ്രഷ് ചെയ്യുന്നത് പല്ലിൻ്റെ ഇനാമൽ പാളി തേഞ്ഞുപോകാൻ കാരണമാകും.‍‍‍

പല്ല് വെളുപ്പിക്കുന്നത് നിർത്തിക്കോ

മുത്തുപോലെയുള്ള പല്ലുകൾ എല്ലാവരുടെയും സ്വപ്നമാണ്. അതുകൊണ്ടുതന്നെ പലരും പല്ല് വെളുപ്പിക്കാനുള്ള ചികിത്സകളോ ഉൽപ്പന്നങ്ങളോ ആറ് മാസം കൂടുമ്പോഴെങ്കിലും തേടിപ്പോകാറുണ്ട്. എന്നാൽ ഇത്തരം പ്രവണതകൾ പല്ലിൻ്റെ ആരോഗ്യത്തിന് ഗുരുതരമായ ദോഷം ചെയ്യും. പല്ലിൻ്റെ ഏറ്റവും പുറമെയുള്ള സംരക്ഷണ പാളിയായ ഇനാമൽ ഒരിക്കൽ നഷ്ടപ്പെട്ടാൽ പിന്നീട് വളരില്ല എന്ന കാര്യം മറക്കരുത്. പല്ല് വെളുപ്പിക്കാൻ ഉപയോഗിക്കുന്ന കെമിക്കലുകൾ ഈ പാളിയെ നശിപ്പിക്കുന്നു.

വായ കഴുകരുത്?

പല്ല് തേച്ച ശേഷം വായ വെള്ളമൊഴിച്ച് കുലുക്കുഴിയുന്നത് മിക്കവരുടെയും ശീലമാണ്. ടൂത്ത് പേസ്റ്റുകളിൽ അടങ്ങിയിരിക്കുന്ന പ്രധാന ഘടകമാണ് ഫ്ലൂറൈഡ്. പല്ലുകൾക്ക് കവചമായി നിന്ന് പോടുകൾ വരുന്നത് തടയുകയാണ് ഇതിൻ്റെ ധർമ്മം. പല്ല് തേച്ച ശേഷം ഈ ഘടകങ്ങൾ പല്ലുമായി പ്രതിപ്രവർത്തിക്കാൻ കുറച്ചു സമയം വേണ്ടിവരും. അതിനാൽ പല്ല് തേച്ച ഉടനെ വെള്ളമൊഴിച്ച് കഴുകിക്കളയുന്നതോടെ ടൂത്ത് പേസ്റ്റിൻ്റെ ഗുണവും മുഴുവനായും നഷ്ടപ്പെടുന്നു.