South Africa vs New Zealand: മക്കോഞ്ചി ആളു കൊള്ളാമല്ലോ; പ്രോട്ടീസിനെ പിടിച്ചുകെട്ടി കിവി ബൗളര്‍മാര്‍; വിജയലക്ഷ്യം 170 റണ്‍സ്
South Africa vs New Zealand Semi Final Match Updates: ആദ്യ ഫൈനലിസ്റ്റുകളാകാന്‍ ന്യൂസിലന്‍ഡിന് വേണ്ടത് 170 റണ്‍സ്. ഈഡന്‍ ഗാര്‍ഡന്‍സില്‍ നടക്കുന്ന മത്സരത്തില്‍ എട്ട് വിക്കറ്റുകള്‍ നഷ്ടപ്പെടുത്തിയാണ് ദക്ഷിണാഫ്രിക്ക 169 റണ്‍സ് നേടിയത്.
കൊല്‍ക്കത്ത: ടി20 ലോകകപ്പ് 2026-ലെ ആദ്യ ഫൈനലിസ്റ്റുകളാകാന്‍ ന്യൂസിലന്‍ഡിന് വേണ്ടത് 170 റണ്‍സ്. ഈഡന്‍ ഗാര്‍ഡന്‍സില്‍ നടക്കുന്ന ആവേശപ്പോരാട്ടത്തില്‍ എട്ട് വിക്കറ്റുകള്‍ നഷ്ടപ്പെടുത്തിയാണ് ദക്ഷിണാഫ്രിക്ക 169 റണ്‍സ് നേടിയത്. വലിയ സ്‌കോറുകള്‍ കണ്ടെത്തുന്നതില്‍ ടോപ് ഓര്‍ഡര്‍ ബാറ്റര്‍മാര്‍ പരാജയപ്പെട്ടത് പ്രോട്ടീസിന് തിരിച്ചടിയായി. ഏഴാമനായി ക്രീസിലെത്തിയ മാര്‍ക്കോ യാന്‍സന്റെ പ്രകടനമാണ് ദക്ഷിണാഫ്രിക്കയ്ക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. പ്രോട്ടീസിന്റെ ടോപ് സ്‌കോററായ യാന്‍സന്‍ പുറത്താകാതെ 30 പന്തില്‍ 55 റണ്‍സെടുത്തു.
ടോസ് നേടി ബൗളിങ് തിരഞ്ഞെടുത്ത ക്യാപ്റ്റന്‍ മിച്ചല്‍ സാന്റ്‌നറിന്റെ തീരുമാനം ശരിയായി എന്ന് തോന്നിക്കുന്ന തരത്തിലായിരുന്നു ന്യൂസിലന്‍ഡ് ബൗളര്‍മാരുടെ ആദ്യ ഓവറുകളിലെ പ്രകടനം. രണ്ടാം ഓവറില്‍ തന്നെ അവര്‍ ആദ്യ വിക്കറ്റ് സ്വന്തമാക്കി. എട്ട് പന്തില്‍ 10 റണ്‍സെടുത്ത ക്വിന്റോണ്‍ ഡി കോക്കിനെ കോള്‍ മക്കോഞ്ചിയുടെ പന്തില്‍ ലോക്കി ഫെര്‍ഗൂസണ്‍ ക്യാച്ചെടുത്ത് പുറത്താക്കുകയായിരുന്നു.
തൊട്ടടുത്ത പന്തില്‍ മക്കോഞ്ചി റിയാന്‍ റിക്കല്‍ട്ടണെയും വീഴ്ത്തി. അപകടകാരിയായ റിക്കല്‍ട്ടണ്‍ ഗോള്‍ഡന്‍ ഡക്കായി മടങ്ങിയതോടെ രണ്ടോവറില്‍ രണ്ട് വിക്കറ്റിന് 12 എന്ന നിലയിലായി ദക്ഷിണാഫ്രിക്ക. മൂന്നാം വിക്കറ്റില്‍ ക്യാപ്റ്റന്‍ ഐഡന്‍ മര്‍ക്രവും, ഡെവാള്‍ഡ് ബ്രെവിസും ചെറുത്തുനില്‍പിന് ശ്രമിച്ചു. കരുതലോടെ കലിച്ച മര്‍ക്രമിനെ രചിന്‍ രവീന്ദ്ര വീഴ്ത്തിയതോടെ പ്രോട്ടീസ് പരുങ്ങലിലായി. 20 പന്തില്‍ 18 റണ്‍സാണ് മര്‍ക്രം നേടിയത്.
Also Read: Sanju Samson: ആര്‍ച്ചര്‍ കാത്തിരിപ്പുണ്ട്, ഷോര്‍ട്ട് ബോള്‍ കെണിയുമായി; സഞ്ജുവിന് ഇത് ‘പ്രതികാര’ സമയം
പല ഘട്ടങ്ങളിലും ടീമിന്റെ രക്ഷകനായി അവതരിക്കാറുള്ള ഡേവിഡ് മില്ലറിനും ഇന്ന് പാളി. ആറു പന്തില്‍ ആറു റണ്‍സ് മാത്രമെടുത്ത മില്ലറെയും രചിന്‍ വീഴ്ത്തി. വെറും രണ്ടു പന്തുകള്‍ക്ക് ശേഷം ഡെവാള്‍ഡ് ബ്രെവിസും പുറത്തായി. 27 പന്തില്‍ 34 റണ്‍സെടുത്ത ബ്രെവിസിനെ പുറത്താക്കിയത് ജെയിംസ് നീഷമായിരുന്നു. ബ്രെവിസ് പുറത്താകുമ്പോള്‍ 10.2 ഓവറില്‍ അഞ്ച് വിക്കറ്റിന് 77 എന്ന നിലയിലായിരുന്നു ദക്ഷിണാഫ്രിക്ക.
തുടര്‍ന്ന് ഒത്തുച്ചേര്‍ന്ന ട്രിസ്റ്റണ്‍ സ്റ്റബ്‌സും, മാര്‍ക്കോ യാന്‍സനും പ്രോട്ടീസിനായി രക്ഷാപ്രവര്‍ത്തനം നടത്തി. ദക്ഷിണാഫ്രിക്കയുടെ സ്‌കോര്‍ 150 കടന്നതിന് ശേഷമാണ് സ്റ്റബ് പുറത്താക്കിയത്. 24 പന്തില്‍ 29 റണ്‍സെടുത്ത സ്റ്റബ്‌സിനെ ലോക്കി ഫെര്‍ഗൂസണ്‍ ക്ലീന്‍ ബൗള്‍ഡ് ചെയ്യുകയായിരുന്നു.
കോര്‍ബിന്‍ ബോഷ്-മൂന്ന് പന്തില്‍ രണ്ട്, കഗിസോ റബാദ-ഗോള്‍ഡന്‍ ഡക്ക്, കേശവ് മഹാരാജ്-ഒരു പന്തില്‍ ഒന്ന് എന്നിങ്ങനെയാണ് മറ്റു ബാറ്റര്‍മാരുടെ പ്രകടനം. ന്യൂസിലന്‍ഡിനായി കോള്‍ മക്കോഞ്ചി, മാറ്റ് ഹെന്റി, രചിന്‍ രവീന്ദ്ര എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും, ലോക്കി ഫെര്‍ഗൂസണ്‍, ജെയിംസ് നീഷം എന്നിവര്‍ ഓരോ വിക്കറ്റ് വീതവും സ്വന്തമാക്കി.