ഡെഡ് ഹാങ്: ബാറിൽ വെറുതെ തൂങ്ങിക്കിടക്കാം; ആരോഗ്യ ഗുണങ്ങൾ ചെറുതല്ല
How Dead Hangs Can Fix Your Posture and Decompress Your Spine: പ്രായമാകുന്തോറും കൈകളുടെ കരുത്ത് കുറഞ്ഞുവരുന്നത് സ്വാഭാവികമാണ്. അതിനാൽ ഈ വ്യായാമം ഏത് പ്രായക്കാർക്കും ഗുണം ചെയ്യും. തുടക്കക്കാർക്ക് 10 മുതൽ 20 സെക്കൻഡ് വരെ തൂങ്ങിക്കിടക്കാൻ ശ്രമിക്കാം. പിന്നീട് ഇത് പടിപടിയായി 30 മുതൽ 60 സെക്കൻഡ് വരെ വർധിപ്പിക്കാം. പൂർണ്ണമായും ശരീരം അയച്ചിടുന്നതിന് പകരം തോളുകൾക്ക് നേരിയ തോതിൽ ബലം നൽകാൻ ശ്രദ്ധിക്കുക. ഇതിനായി സുരക്ഷിതമായി ഉറപ്പിച്ച ബാറുകൾ മാത്രം ഉപയോഗിക്കുക
വ്യായാമങ്ങളിൽ ഏറ്റവും ലളിതവും എന്നാൽ അധികമാരും ശ്രദ്ധിക്കാത്തതുമായ ഒന്നാണ് ‘ഡെഡ് ഹാങ്’ ഉയരത്തിലുള്ള ഒരു ബാറിൽ പിടിച്ച് കൈകൾ നിവർത്തി ശരീരം താഴേക്ക് സ്വതന്ത്രമായി തൂക്കിയിടുന്നതാണ് ഈ വ്യായാമം. ഇതിൽ ശരീരം മുകളിലേക്ക് ഉയർത്തുകയോ മറ്റ് ചലനങ്ങളോ ആവശ്യമില്ല. പുറമെ കാണാൻ വളരെ ലളിതമാണെങ്കിലും ശരീരത്തിന് ഈ വ്യായാമം നൽകുന്ന ഗുണങ്ങൾ ചെറുതല്ല.
ഇതൊരു സാധാരണ സ്ട്രെച്ചിങ് മാത്രമല്ല. ശരീരഭാരം മുഴുവൻ കൈകളിൽ താങ്ങുന്നത് വഴി ഗ്രിപ്പ് സ്ട്രെങ്ത് വർധിക്കും. കൈകളിലെയും പേശികൾക്കും മികച്ച കരുത്ത് ലഭിക്കും. ശരീരം താഴേക്ക് വലിയുമ്പോൾ നട്ടെല്ലിന് അയവ് ലഭിക്കുകയും വെർട്ടെബ്രകൾക്കിടയിൽ വിടവ് ഉണ്ടാവുകയും ചെയ്യുന്നു. ദിവസം മുഴുവൻ കസേരയിലിരുന്ന് ജോലി ചെയ്യുന്നവർക്ക് നട്ടെല്ലിനുണ്ടാകുന്ന സമ്മർദ്ദം കുറയ്ക്കാൻ ഇത് മികച്ച ഒരു വ്യായാമമാണ്. കൂടാതെ, കൈകൾ മുകളിലേക്ക് ഉയർത്തിപ്പിടിക്കുന്നത് തോളുകൾക്കും, ലാറ്റ്സ് മസിലുകൾക്കും സ്ട്രെച്ചിങ് നൽകുന്നു. ഇതിലൂടെ ശരീരത്തിൻ്റെ പോസ്ചർ ശരിയാക്കാനും സാധിക്കും
17 രാജ്യങ്ങളിലായി ഏകദേശം 1,40,000 മുതിർന്ന ആളുകളിൽ നടത്തിയ പഠനമനുസരിച്ച്, ഗ്രിപ് സ്ട്രെങ്തിൽ ഉണ്ടാകുന്ന ഓരോ അഞ്ച് കിലോഗ്രാമിൻ്റെ കുറവും മരണസാധ്യത 16 ശതമാനം വരെ വർധിപ്പിക്കുന്നുവെന്ന് കണ്ടെത്തിയിട്ടുണ്ട്. രക്തസമ്മർദ്ദത്തേക്കാൾ കൃത്യമായി ആരോഗ്യനില പ്രവചിക്കാൻ ഗ്രിപ്പ് സ്ട്രെങ്ത്തിന് സാധിക്കും. ഗ്രിപ്പ് സ്ട്രെങ്ത് വർദ്ഹിപ്പിക്കാനുള്ള ഏറ്റവും മികച്ച മാർഗ്ഗമാണ് ഡെഡ് ഹാങ്.
പ്രായമാകുന്തോറും കൈകളുടെ കരുത്ത് കുറഞ്ഞുവരുന്നത് സ്വാഭാവികമാണ്. അതിനാൽ ഈ വ്യായാമം ഏത് പ്രായക്കാർക്കും ഗുണം ചെയ്യും. തുടക്കക്കാർക്ക് 10 മുതൽ 20 സെക്കൻഡ് വരെ തൂങ്ങിക്കിടക്കാൻ ശ്രമിക്കാം. പിന്നീട് ഇത് പടിപടിയായി 30 മുതൽ 60 സെക്കൻഡ് വരെ വർധിപ്പിക്കാം. പൂർണ്ണമായും ശരീരം അയച്ചിടുന്നതിന് പകരം തോളുകൾക്ക് നേരിയ തോതിൽ ബലം നൽകാൻ ശ്രദ്ധിക്കുക. ഇതിനായി സുരക്ഷിതമായി ഉറപ്പിച്ച ബാറുകൾ മാത്രം ഉപയോഗിക്കുക.
തോളുകൾക്കോ കൈക്കുഴകൾക്കോ പരിക്കുള്ളവർ ഡോക്ടറുടെ നിർദ്ദേശം തേടിയ ശേഷം മാത്രമേ ഇത് ചെയ്യാവൂ എന്നത് പ്രത്യേകം ശ്രദ്ധിക്കണം. മറ്റ് പ്രധാന വ്യായാമങ്ങൾക്ക് പകരമായി ഇതിനെ കാണരുത്. നിങ്ങളുടെ ദിനചര്യകൾക്കൊപ്പം ദിവസവും അല്പനേരം ഡെഡ് ഹാങ് ചെയ്യുന്നത് കരുത്ത് വർധിപ്പിക്കാനും കൂടുതൽ കാലം ആരോഗ്യത്തോടെയിരിക്കാനും സഹായിക്കും.
English Summary
The dead hang is a simple yet highly effective exercise that builds grip strength, decompresses the spine, and improves shoulder health. Research shows a strong grip is linked to longevity.