ചിരി അടഞ്ഞ വാതിലുകൾ തുറക്കുമ്പോൾ
കയ്പേറിയ സത്യങ്ങളെ എളുപ്പത്തിൽ ഉൾക്കൊള്ളാൻ തമാശകൾ സഹായിക്കുമെങ്കിലും പലപ്പോഴും അതൊരു ആയുധമായും മാറിയേക്കാം. ഇന്നത്തെ 'ഫ്രം ദി സൈലൻസ് വിത്തിൻ' കോളത്തിൽ ചിരി, അധികാരം, അഹംഭാവം എന്നിവയെക്കുറിച്ചും, നമുക്ക് ചുറ്റുമുള്ളവർ നമ്മോട് തമാശ പറയാൻ പോലും ഭയപ്പെടുന്ന അവസ്ഥയെക്കുറിച്ചും സന്തോഷ് നായർ വ്യക്തമാക്കുന്നു.
എല്ലാവരും നിവർന്നിരിക്കുന്ന ഒരു വലിയ മുറി സങ്കൽപ്പിക്കുക. ആ മുറിയുടെ ഒരറ്റത്ത് ഏറ്റവും അധികാരമുള്ള ഒരാളിരിക്കുന്നുണ്ട്. ആളുകൾ വളരെ ശ്രദ്ധിച്ചാണ് അവിടെ സംസാരിക്കുന്നത്. തെറ്റായി എന്തെങ്കിലും പറയാൻ ആരും ആഗ്രഹിക്കുന്നില്ല. അപ്പോഴാണ് എല്ലാവരും പറയാൻ ഭയപ്പെട്ടിരുന്ന ആ വിഷയത്തെക്കുറിച്ച് ഒരാൾ വളരെ മൃദുവായി ഒരു തമാശ പറയുന്നത്. ഒരു നിമിഷം അവിടെ വലിയ നിശബ്ദത പരന്നു. എന്നാൽ ആ അധികാരമുള്ള വ്യക്തി പുഞ്ചിരിക്കുന്നു. അപ്പോൾ മറ്റുള്ളവരും ചിരിക്കുന്നു. ആ മുറിയിലെ അന്തരീക്ഷം തന്നെ മാറുന്നു. പുറമെ മാറ്റങ്ങളൊന്നും സംഭവിച്ചിട്ടില്ല. കസേരകൾ അവിടെത്തന്നെയുണ്ട്, ആളുകളുടെ സ്ഥാനങ്ങൾ മാറിയിട്ടില്ല, ആ പ്രശ്നവും അവിടെത്തന്നെയുണ്ട്. എങ്കിലും അവിടെ ഒരു വാതിൽ തുറക്കപ്പെട്ടിരിക്കുന്നു. വിമർശനമെന്ന രൂപത്തിൽ കടന്നുവരാൻ കഴിയാതിരുന്ന ഒരു സത്യം, ചിരിയുടെ രൂപത്തിൽ ശാന്തമായി അവിടേക്ക് കടന്നുവന്നിരിക്കുന്നു. അധികാരമുള്ളവരെപ്പോലും കേൾക്കാൻ പ്രേരിപ്പിക്കാൻ ചിരിക്ക് കഴിയും.
തമാശകൾ സത്യത്തിലേക്കുള്ള സുരക്ഷിത പാതയാകുമ്പോൾ
നൂറ്റാണ്ടുകളായി മനുഷ്യർക്ക് ഇതറിയാം. രാജകൊട്ടാരങ്ങളിൽ വിദൂഷകന്മാരുണ്ടായിരുന്നു, ഗ്രാമങ്ങളിൽ കഥാകൃത്തുക്കളുണ്ടായിരുന്നു, നാടകങ്ങളിൽ ആക്ഷേപഹാസ്യങ്ങളുണ്ടായിരുന്നു. അതുപോലെ സാധാരണ കുടുംബങ്ങളിൽ പറയാൻ ബുദ്ധിമുട്ടുള്ള കാര്യങ്ങൾ പോലും ചിരിച്ചുകൊണ്ട് പറയാൻ കഴിയുന്ന ഒരാളെങ്കിലും ഉണ്ടാകും. അവരുടെ തമാശകൾ കേവലം വിനോദത്തിന് വേണ്ടി മാത്രമുള്ളതായിരുന്നില്ല. ചിലപ്പോഴൊക്കെ അത് സത്യങ്ങൾ വിളിച്ചുപറയാനുള്ള ഒരു സുരക്ഷിത പാതയായിരുന്നു. നേരിട്ടുള്ള ഒരു ആരോപണം കേൾക്കുമ്പോൾ നമ്മുടെ മനസ്സ് പെട്ടെന്ന് പ്രതിരോധിക്കാൻ ശ്രമിക്കും. എന്നാൽ തമാശകൾക്ക് ഈ പ്രതിരോധത്തെ മറികടക്കാൻ കഴിയും, കാരണം ചോദ്യം ചെയ്യപ്പെടുന്ന വ്യക്തിയും ആ ഒരു നിമിഷം ചിരിക്കുകയാണ്. ഇതിലെ രസകരമായ മനഃശാസ്ത്രം എന്തെന്നാൽ, ആക്രമിക്കപ്പെടുന്നു എന്ന തോന്നൽ ഇല്ലാതിരിക്കുമ്പോൾ, നമ്മൾ നമ്മളെത്തന്നെ സ്വയം വിലയിരുത്താൻ തയ്യാറാകും എന്നതാണ്.
പത്രപ്രവർത്തന രംഗത്തെ വർഷങ്ങളുടെ അനുഭവസമ്പത്ത് എന്നെ ഇത്തരം പല മുറികളും ശ്രദ്ധിക്കാൻ സഹായിച്ചിട്ടുണ്ട്. ഓരോ മുറിക്കും അതിൻ്റേതായ ഒരു അന്തരീക്ഷമുണ്ട്. ചിലയിടങ്ങളിൽ വിയോജിപ്പുകൾ വളരെ സ്വതന്ത്രമായി പ്രകടിപ്പിക്കാൻ സാധിക്കും. എന്നാൽ മറ്റുചിലയിടങ്ങളിൽ സംസാരിക്കുന്നതിന് മുൻപ് ആളുകൾ ഓരോ വാക്കും അളന്നുതൂക്കി മാത്രമേ പറയൂ. ആരും പറയാതെ തന്നെ ഈ മാറ്റം നിങ്ങൾക്ക് പലപ്പോഴും മനസ്സിലാക്കാൻ കഴിയും. അവിടെ ആളുകളുടെ ചിരികൾ പോലും വളരെ ശ്രദ്ധിച്ചായിരിക്കും. താഴെത്തട്ടിലുള്ളവർക്കിടയിൽ തമാശകൾ പറഞ്ഞേക്കാം, എന്നാൽ അത് മുകളിലേക്ക് പോകുന്നില്ല. അധികാരം കുറഞ്ഞവരെ നോക്കി ആളുകൾ ചിരിക്കും, എന്നാൽ അധികാരമുള്ളവർക്ക് മുൻപിൽ അവർ ഗൗരവക്കാരാകും. അപ്പോഴാണ് തമാശ അതിനേക്കാൾ ആഴത്തിലുള്ള മറ്റെന്തോ നമ്മോട് പറയുന്നത്. ഒരു മുറിയിലെ അന്തരീക്ഷം എത്രത്തോളം ആരോഗ്യകരമാണെന്ന് ലളിതമായ ഒരു ചോദ്യത്തിലൂടെ അളക്കാം: അവിടെ ആർക്കാണ് മറ്റുള്ളവരെ നോക്കി ചിരിക്കാൻ അനുവാദമുള്ളത്?
എന്നാൽ ചിരിക്ക് ഇരുണ്ട മറ്റൊരു വശം കൂടിയുണ്ട്. തമാശകൾക്ക് അധികാരത്തെ വെല്ലുവിളിക്കാനും, അതുപോലെ തന്നെ അധികാരമായി മാറാനും കഴിയും. ഒരു തമാശയ്ക്ക് ഭയത്തെ ഇല്ലാതാക്കാൻ കഴിഞ്ഞേക്കാം, എന്നാൽ മറുപടി പറയാൻ കഴിയാത്ത ഒരാളെ അത് അപമാനിക്കുകയും ചെയ്യും. ഒരു കുട്ടി ക്ലാസ് മുറിയിൽ അപഹസിക്കപ്പെടുമ്പോൾ ബാക്കിയുള്ളവർ ചിരിക്കുന്നത് ധൈര്യമല്ല. ഒരു കൂട്ടം ആളുകൾ ഏറ്റവും ദുർബലനായ വ്യക്തിയെ പരിഹസിക്കുന്നത് ബുദ്ധിയുമല്ല. ഇവിടെ യഥാർത്ഥ പരിശോധന അതിൻ്റെ ദിശയാണ്. ശക്തനായ ഒരാളെ സ്വയം വിലയിരുത്താൻ തമാശ സഹായിക്കുമ്പോൾ അതൊരു കണ്ണാടിയായി മാറുന്നു. എന്നാൽ ദുർബലനായ ഒരാളെ വീണ്ടും ചെറുതാക്കാൻ ശ്രമിക്കുമ്പോൾ അതൊരു ആയുധമായി മാറുന്നു. ആളുകളെ എങ്ങനെ ചിരിപ്പിക്കണം എന്നതിലല്ല, മറിച്ച് ആ ചിരിക്ക് ആര് വിലകൊടുക്കണം എന്ന് തിരിച്ചറിയുന്നതിലാണ് വിവേകം.
നമ്മളെക്കുറിച്ചുള്ള തമാശകളിൽ നമുക്ക് ചിരിക്കാൻ കഴിയുമോ?
ഇവിടെ ചിന്തകൾ നമ്മളിലേക്ക് തന്നെ തിരിയുകയാണ്. എന്തുകൊണ്ടാണ് നമ്മൾ രാജാക്കന്മാരെയും മേലധികാരികളെയും അധികാരമുള്ളവരെയും കുറിച്ച് മാത്രം സംസാരിക്കുന്നത്? നമ്മൾ ഓരോരുത്തർക്കും എവിടെയൊക്കെയോ ചെറിയ ചെറിയ സാമ്രാജ്യങ്ങളുണ്ട്. ഒരു കുട്ടിക്ക് മുന്നിൽ മാതാപിതാക്കൾക്ക് അധികാരമുണ്ട്. വിദ്യാർത്ഥിക്ക് മുന്നിൽ അധ്യാപകന് അധികാരമുണ്ട്. ജൂനിയറിന് മുന്നിൽ സീനിയറിന് അധികാരമുണ്ട്. ഒരു സൗഹൃദത്തിൽ പോലും ഒരാൾക്ക് മറ്റൊരാളുടെ മേൽ ആധിപത്യം സ്ഥാപിക്കാൻ കഴിയും. അധികാരമുള്ളവർക്ക് സ്വയം നോക്കി ചിരിക്കാൻ കഴിയുമോ എന്നതല്ല ബുദ്ധിമുട്ടുള്ള ചോദ്യം. എനിക്ക് അതിന് കഴിയുമോ എന്നതാണ്. എൻ്റെ ഏതെങ്കിലും ഒരു ശീലത്തെക്കുറിച്ച് എൻ്റെ കുട്ടി ഒരു തമാശ പറഞ്ഞാൽ എന്താകും സംഭവിക്കുക? എന്നേക്കാൾ പ്രായം കുറഞ്ഞ ഒരു സഹപ്രവർത്തകൻ എൻ്റെ തെറ്റുകൾ ചൂണ്ടിക്കാണിക്കുമ്പോൾ? എനിക്ക് ദേഷ്യം വരുന്ന രീതി ഞാൻ സ്നേഹിക്കുന്ന ഒരാൾ അനുകരിക്കുമ്പോൾ? എന്നെത്തന്നെ തിരിച്ചറിഞ്ഞ് ഞാൻ ചിരിക്കുമോ, അതോ ഞാനാണ് ഇവിടുത്തെ അധികാരമുള്ള വ്യക്തിയെന്ന് മറ്റുള്ളവരെ ഓർമ്മിപ്പിക്കാൻ ശ്രമിക്കുമോ?
എപ്പോഴും മുഖസ്തുതി പറയുന്നവരെ കൂടെ നിർത്തുന്നതിനെതിരെ പഴയകാല ബിദ്ധിജീവികൾ മുന്നറിയിപ്പ് നൽകിയിരുന്നു. പ്രശംസകൾ മാത്രം കേൾക്കുന്ന ഒരു ഭരണാധികാരിക്ക് പതിയെ യാഥാർത്ഥ്യബോധം നഷ്ടപ്പെടും. എന്നാൽ ഇതേ അപകടത്തിൻ്റെ ഒരു ചെറിയ പതിപ്പ് ഓരോ മനുഷ്യനിലും അടങ്ങിയിട്ടുണ്ട്. നമ്മളെ സന്തോഷിപ്പിക്കുന്നവരിലേക്ക് നമ്മൾ സ്വാഭാവികമായും അടുക്കുകയും, നമ്മളെ വിമർശിക്കുന്നവരിൽ നിന്ന് അകലുകയും ചെയ്യുന്നു. പതിയെ, ആരും ശ്രദ്ധിക്കാതെ തന്നെ നമ്മൾ നമുക്ക് ചുറ്റും ഒരു കൊട്ടാരം പണിയുന്നു. ഏതൊക്കെ വിഷയങ്ങൾ സംസാരിക്കുന്നതാണ് സുരക്ഷിതമെന്ന് അവിടെ എല്ലാവർക്കും അറിയാം. എവിടെയാണ് തമാശ പറയരുതാത്തത് എന്നും അവർക്കറിയാം. എപ്പോഴാണ് നമ്മുടെ പുഞ്ചിരി മാഞ്ഞുപോകുകയെന്നും അവിടെ എല്ലാവർക്കും അറിയാം.
ഒരു ചെറിയ പരീക്ഷണം ചെയ്തു നോക്കുക. അടുത്ത തവണ ആരെങ്കിലും നിങ്ങളെക്കുറിച്ച് ദോഷകരമല്ലാത്ത ഒരു തമാശ പറയുമ്പോൾ, നിങ്ങളുടെ ഉള്ളിൽ ആദ്യം ഉണ്ടാകുന്ന പ്രതികരണം ശ്രദ്ധിക്കുക. ആ തമാശയെ വിലയിരുത്തരുത്. നിങ്ങളെത്തന്നെ വിലയിരുത്തുക. ഉള്ളിൽ എന്തെങ്കിലും ബുദ്ധിമുട്ട് തോന്നിയോ? പെട്ടെന്ന് പ്രതിരോധിക്കാൻ തോന്നിയോ? മറുപടിയായി കുറച്ചുകൂടി മൂർച്ചയുള്ള മറ്റൊരു തമാശ പറയാൻ നിങ്ങൾ തയ്യാറെടുക്കുകയായിരുന്നോ? അതോ ചിരിച്ചുകൊണ്ട് “ഇതിൽ ചെറിയൊരു സത്യം ഒളിഞ്ഞിരിപ്പില്ലേ?” എന്ന് ചിന്തിക്കാൻ കഴിഞ്ഞോ?
ഒരു കുട്ടിക്ക് ഇത് എളുപ്പത്തിൽ പഠിപ്പിക്കാൻ കഴിയും. മുതിർന്നവർ വർഷങ്ങളോളം മറച്ചുവെക്കാൻ ശ്രമിക്കുന്ന കാര്യങ്ങളെ നോക്കി ചിലപ്പോൾ കുട്ടികൾ ചിരിച്ചേക്കാം. നമ്മുടെ വിചിത്രമായ ശീലങ്ങളും, തെറ്റുകളും, ഗൗരവവുമൊക്കെ അവർ ശ്രദ്ധിക്കുന്നുണ്ട്. ഏതൊക്കെ സത്യങ്ങൾ പറയാനാണ് അനുവാദം വേണ്ടതെന്ന് അവർ ഇതുവരെ പഠിച്ചിട്ടില്ല. അതുകൊണ്ടായിരിക്കാം അവരുടെ ചിരി ചിലപ്പോഴെങ്കിലും നമുക്ക് അസ്വസ്ഥതയുണ്ടാക്കുന്നത്. അത് ഒരു നിമിഷത്തേക്ക് നമ്മുടെ മുഖംമൂടി അഴിച്ചുമാറ്റുന്നു.
ബഹുമാനം വളർന്നുവോ, അതോ ഭയം പതിയെ കടന്നുവന്നതാണോ?
അതിനാൽ തമാശയുടെ ഏറ്റവും ഉയർന്ന രൂപത്തിന് വെറുതെ തമാശകൾ പറയുന്നതുമായി വലിയ ബന്ധമൊന്നുമില്ലായിരിക്കാം. അത് നമ്മളെത്തന്നെ ലളിതമായി കാണാനുള്ള കഴിവായിരിക്കാം. നമ്മുടെ ഈഗോയ്ക്ക് എപ്പോഴും ഒരു സ്ഥിരം സിംഹാസനം ആവശ്യമാണ്. എന്നാൽ ആ കസേര താൽക്കാലികം മാത്രമാണെന്ന് ചിരി അതിനെ ഓർമ്മിപ്പിക്കുന്നു.
വെറുപ്പില്ലാതെ സത്യം സംസാരിക്കാൻ കഴിയുന്ന ആളുകളെയാണ് ഒരു സമൂഹത്തിന് ആവശ്യം. ഭയമില്ലാതെ വിയോജിക്കാൻ കഴിയുന്ന ആളുകളെ ഒരു കുടുംബത്തിന് ആവശ്യമുണ്ട്. നമ്മൾ സംരക്ഷിക്കാൻ ഇത്രയധികം പാടുപെടുന്ന നമ്മുടെ സ്വന്തം വ്യക്തിത്വത്തെ നോക്കി നമ്മളെത്തന്നെ ചിരിപ്പിക്കാൻ കഴിയുന്ന ഒരാളെങ്കിലും നമ്മൾ ഓരോരുത്തർക്കും ആവശ്യമാണ്.
എനിക്ക് ചുറ്റുമുള്ള എല്ലാവരും എന്നെക്കുറിച്ച് തമാശ പറയുന്നത് നിർത്തിയെങ്കിൽ, അതിനർത്ഥം എനിക്ക് കൂടുതൽ ബഹുമാനം ലഭിക്കുന്നു എന്നാണോ, അതോ അവർക്ക് എന്നെ ഭയമായിത്തുടങ്ങി എന്നാണോ?