Smoothie: ബ്രേക്ക് ഫാസ്റ്റിന് ഒരു ഇംഗ്ലീഷ് ടച്ച് ആയാലോ? എളുപ്പത്തിൽ തയ്യാറാക്കാൻ കഴിയുന്ന സ്മൂത്തികൾ ഇതാ
Smoothie: ബ്രേക്ക്ഫാസ്റ്റായും ബ്രഞ്ചായും എളുപ്പത്തിൽ തയ്യാറാക്കി കഴിക്കാവുന്ന ഒന്നാണ് സ്മൂത്തി. പോഷക സമ്പുടമായ സ്മൂത്തി കഴിക്കുന്നത് ആരോഗ്യത്തിനും ഗുണകരമാണ്. ശരീരഭാരം കുറയ്ക്കുന്നതിനും വർദ്ധിപ്പിക്കുന്നതിനുമായി സ്മൂത്തി നിത്യ ജീവിതത്തിൽ ഉൾപ്പെടുത്താം.
രാവിലെ ഭക്ഷണത്തിന് എന്തുണ്ടാകും എന്നതിനെ കുറിച്ച് തലേദിവസമേ തലപുകയ്ക്കുന്നവരാണ് നമ്മളിൽ. പുട്ടും അപ്പവും ദോശയും ഇഡ്ലിയുമെല്ലാം കഴിച്ച് മടുത്തോ? രുചിയല്ല പലരെയും പിന്നോട്ട് വലിക്കുന്നത്, ഇതെല്ലാം ഉണ്ടാക്കിയെടുക്കുവാനുള്ള സമയമാണ് മിക്കവരുടെയും പ്രശ്നം. അധികം സമയം കളയാതെ എന്തുണ്ടാകാം എന്നാണ് പലരും ചിന്തിക്കുന്നത്. ഇംഗ്ലീഷ് സ്റ്റെെലിൽ സ്മൂത്തി ആയാലോ?
ബ്രേക്ക്ഫസ്റ്റ് സ്മൂത്തി റെസിപ്പികൾ
1. ഓട്സ്- ചിയാ സീഡ് സ്മൂത്തി
ഓട്സ്– 4 ടേബിൾ സ്പൂൺ
പാൽ– 1 ഗ്ലാസ്
കശുവണ്ടി–6എണ്ണം
ഈന്തപ്പഴം– 3 എണ്ണം
റോബസ്റ്റ പഴം – 1
ചിയാ സീഡ്– ഒരു സ്പൂൺ
3 ടീസ്പൂൺ ഓട്സ് തലേദിവസം തന്നെ ആവശ്യത്തിന് വെള്ളം ചേർത്ത് കുതിരാൻ വയ്ക്കുക. ഇതിലേക്ക് 6 കശുവണ്ടിയും ചേർക്കുക. രാവിലെ കുതിർത്ത് വച്ചിരിക്കുന്ന ഓട്സും കശുവണ്ടിയും കരു നീക്കിയ 3 ഈന്തപ്പഴവും റോബസ്റ്റ പഴവും ഒരു സ്പൂൺ ചിയാ സീഡും ഒരു കപ്പ് പാലും മിക്സിൽ അടിച്ചെടുക്കാവുന്നതാണ്. വെയ്റ്റ് കുറയ്ക്കാനായി ഡയറ്റ് ചെയ്യുന്നവർക്കും ബ്രേക്ക് ഫാസ്റ്റ് ഉണ്ടാക്കാൻ സമയമില്ലാത്താവർക്കും എളുപ്പത്തിൽ ഈ സ്മൂത്തി തയ്യാറാക്കാവുന്നതാണ്.
2. പീനട്ട് ബട്ടർ ബനാന സ്മൂത്തി
എത്തപ്പഴം- 1
പാൽ- 1.5 കപ്പ്
പീനട്ട് ബട്ടർ- അര കപ്പ്
തേൻ-2 ടേബിൾ സ്പൂൺ
ഏത്തപ്പഴം ചെറിയ കഷ്ണങ്ങളായി അരിഞ്ഞെടുക്കുക. ഇതിലേക്ക് പാൽ, പീനട്ട് ബട്ടർ, തേൻ എന്നിവ ചേർത്ത് അടിച്ചെടുക്കാം. ആവശ്യമെങ്കിൽ കശുവണ്ടി, ബദാം ഉൾപ്പെടെയുള്ളവും ഇതിലേക്ക് ചേർക്കാം.
3. റാഗി സ്മൂത്തി
റാഗി- 2 സ്പൂൺ
ഉപ്പ്- ആവശ്യത്തിന്
കാരറ്റ്- 1 വലുത്
അണ്ടിപരിപ്പ്- 3 ടേബിൾ സ്പൂൺ
പാൽ- 2 കപ്പ്
പഞ്ചസാര – ആവശ്യത്തിന്
ഒരു പാത്രത്തിൽ ഒന്നര കപ്പ് കപ്പ് വെള്ളം ചൂടാക്കുക. ഇതിലേക്ക് കാൽ കപ്പ് വെള്ളത്തിൽ കലക്കി വച്ചിരിക്കുന്ന റാഗി ചേർക്കുക. ചെറു തീയിൽ കുറുക്കിയെടുക്കുക. തിള വരുമ്പോൾ ഒരു നുള്ള് ഉപ്പ് ചേർക്കുക. റാഗി നന്നായി കുറുകി വരുമ്പോൾ തീ ഓഫ് ചെയ്ത് ചൂടാറാൻ വയ്ക്കുക. കാരറ്റ് ചെറിയ കഷ്ണങ്ങളാക്കി വേവിച്ചെടുക്കുക. റാഗി മിശ്രിതം, വേവിച്ച കാരറ്റ്, അണ്ടിപരിപ്പ്, കാൽ കപ്പ് പാൽ, ആവശ്യത്തിന് പഞ്ചസാര എന്നിവ ചേർത്ത് മിക്സിയിൽ അടിച്ചെടുക്കുക. ഇതിലേക്ക് ബാക്കിയുള്ള പാൽ കൂടി ചേർത്ത് അടിച്ചെടുക്കാം.
4. സ്ട്രോബെറി- ബനാന സ്മൂത്തി
സ്ട്രോബെറി : 10 എണ്ണം
റോബസ്റ്റ പഴം: 2 എണ്ണം
പാൽ: ഒന്നേ കാൽ കപ്പ്
ഈന്തപ്പഴം: മൂന്ന് എണ്ണം
സ്ട്രോബെറി, റോബസ്റ്റ പഴം, പാൽ, ഈന്തപ്പഴം എന്നിവ മിക്സിയിൽ നന്നായി അടിച്ചെടുക്കുക. പാലിന് പകരം സോയാ മിൽക്ക് ബദാം മിൽക്ക് എന്നിവ ഉപയോഗിക്കാവുന്നതാണ്.
5.കാരറ്റ് സ്മൂത്തി
കാരറ്റ്: രണ്ട് എണ്ണം
മാമ്പഴം: 1
കുക്കുംബർ: 1
കട്ടത്തൈര്: കാൽകപ്പ്
ബദാം മിൽക്ക്: അരകപ്പ്
ഒരു മിക്സിയുടെ ജാറിലേക്ക് ചേരുവകളെല്ലാം ചേർത്ത് നന്നായി അടിച്ചെടുക്കുക. മധുരം ആവശ്യമെങ്കിൽ തേൻ, പഞ്ചസാര, ഈന്തപ്പഴം എന്നിവ ചേർക്കാം.