Kerala Jam Roll: ഇത് നമ്മുടെ ജാം റോളല്ലേ… അല്ലല്ല ഇതാണ് സ്വിസ് റോൾ… മലയാളി മോഡിഫൈ ചെയ്ത മധുരകഥ
Jam roll from Swiss roll: റബറും മറ്റ് നാണ്യവിളകളും വിറ്റ് ധനികരായ സമൂഹം അവരുടെ മക്കളെ ഇംഗ്ലീഷ് വിദ്യാഭ്യാസത്തിനും വെള്ളക്കാരന്റെ സംസ്കാരത്തിനും ഒപ്പം പകർന്നു നൽകി വളർത്തിയ കേക്കു പോലുള്ള വിഭവങ്ങളുടെ കൂട്ടുണ്ട്. കാലം കടന്നു പോയപ്പോൾ അത് കിഴക്കുള്ള ചെറു ചായക്കടകളിലെ വരെ ചില്ലുപെട്ടിയിൽ ചിരിച്ചിരുന്നു.
ബ്രിട്ടീഷുമാർ കിഴക്കൻമല കേറി റബർ നട്ട കാലം. അന്ന് വെള്ളക്കാരന്റെ കയ്യാളായി കൂടെ കൂടുകയും പിന്നീട് സായിപ്പ് മലയിറങ്ങി കപ്പൽ കേറിയപ്പോൾ ജന്മിയായി മാറുകയും ചെയ്ത ഒരു തലമുറയുണ്ട്. അവർ കണ്ട പാശ്ചാത്യശീലങ്ങളിലും കള്ളും ഇംഗ്ലീഷ് വിദ്യാഭ്യാസവും മാത്രമല്ല സംസ്കാരവും രുചികളും ഉണ്ടായിരുന്നു.
റബറും മറ്റ് നാണ്യവിളകളും വിറ്റ് ധനികരായ സമൂഹം അവരുടെ മക്കളെ ഇംഗ്ലീഷ് വിദ്യാഭ്യാസത്തിനും വെള്ളക്കാരന്റെ സംസ്കാരത്തിനും ഒപ്പം പകർന്നു നൽകി വളർത്തിയ കേക്കു പോലുള്ള വിഭവങ്ങളുടെ കൂട്ടുണ്ട്. കാലം കടന്നു പോയപ്പോൾ അത് കിഴക്കുള്ള ചെറു ചായക്കടകളിലെ വരെ ചില്ലുപെട്ടിയിൽ ചിരിച്ചിരുന്നു. ജാം റോൾ എന്നാണ് അതിനെ വിളിച്ചത്. ഇത് കിഴക്കൻമലയുടെ മാത്രം പ്രത്യേക വിഭവം ആയിരുന്നില്ല. സായിപ്പിന്റെ പാദം പതിഞ്ഞ മലയാള മണ്ണിലെല്ലാം ഇന്ന് ഈ ജാം റോളുണ്ട്.
കിഴക്കിന്റെ കഥയെടുത്താൽ അതിൽ പൈനാപ്പിൾ ജാം ആണ് നിറച്ചിരിക്കുന്നത് എന്നു കാണാം. റീൽസിലൂടെയും മറ്റും വൈറലായ ഒരു ജാംറോൾ അങ്ങ് കാഞ്ഞിരപ്പള്ളിയിൽ പോലുമുണ്ട്. എന്നാൽ ഈ ജാം റോളിന്റെ വേരുകൾ സ്വിസ്റോളിലാണ് ചെന്നു നിൽക്കുന്നത്. പേര് സ്വിസ് റോൾ എന്നാണെങ്കിലും ഇത് യൂറോപ്പുകാരനാണ്. സ്വിസ് റോൾ ജാംറോൾ ആയ കഥയൊന്നു നോക്കാം
കഥ ഇതുവരെ
സ്വിസ് റോളിന്റെ ചരിത്രം തുടങ്ങുന്നത് പത്തൊൻപതാം നൂറ്റാണ്ടിൽ യൂറോപ്പിലാണ്. മൃദുവായ സ്പോഞ്ച് കേക്കിനുള്ളിൽ വിപ്പിംഗ് ക്രീമോ അല്ലെങ്കിൽ വിലകൂടിയ ഫ്രൂട്ട് പ്രിസർവുകളോ നിറച്ച് ചുരുട്ടിയെടുത്താണ് ഇത് നിർമ്മിച്ചിരുന്നത്. ബ്രിട്ടീഷ് ഭരണകാലത്താണ് കേക്ക് നിർമ്മാണ രീതികൾ കേരളത്തിൽ, പ്രത്യേകിച്ച് തലശ്ശേരി പോലുള്ള സ്ഥലങ്ങളിൽ പ്രചാരത്തിലാകുന്നത്.
അന്ന് ബ്രിട്ടീഷുകാരുടെ ചായക്കപ്പുകൾക്കൊപ്പം വിളമ്പിയിരുന്ന സ്വിസ് റോളിനെ മലയാളികൾ കൗതുകത്തോടെ നോക്കി കണ്ടു. നമ്മുടെ നാട്ടിലെ സാധാരണക്കാർക്ക് കുറഞ്ഞ ചിലവിൽ ഈ വിഭവം എത്തിക്കാൻ ബേക്കറി ഉടമകൾ വരുത്തിയ മാറ്റങ്ങളാണ് ഇതിനെ ജാം റോൾ ആക്കിയത്.
വിപ്പിംഗ് ക്രീം പെട്ടെന്ന് കേടാകുമെന്നതിനാലും അന്നത്തെ കാലത്ത് അത് ലഭിക്കാൻ പ്രയാസമായതിനാലും, ബേക്കറിക്കാർ അതിനുള്ളിൽ മിക്സഡ് ഫ്രൂട്ട് ജാം നിറച്ചു. ഇത് കേക്കിന് കൂടുതൽ രുചിയും ആയുസ്സും നൽകി. സാധാരണ വെളുത്ത ക്രീമിനേക്കാൾ മലയാളികളെ ആകർഷിച്ചത് ജാമിന്റെ കടും ചുവപ്പ് നിറമാണ്.
കേക്ക് മുറിക്കുമ്പോൾ ഉള്ളിലെ ചുവന്ന ചുരുളുകൾ കുട്ടികൾക്ക് വലിയ ഹരമായി മാറി.
സ്വിസ് റോൾ എന്ന പേര് മലയാളികൾക്ക് അല്പം അപരിചിതമായിരുന്നു. ഉള്ളിൽ ജാം ഉള്ളതുകൊണ്ട് നാട്ടുഭാഷയിൽ അതിനെ എല്ലാവരും ‘ജാം റോൾ’ എന്ന് വിളിച്ചു തുടങ്ങി. ഇന്ന് സ്വിസ് റോളിന്റെ പല വകഭേദങ്ങൾ ലോകത്തുണ്ടെങ്കിലും, സ്പോഞ്ച് കേക്കിന്റെ മുകളിൽ പഞ്ചസാര തരികൾ വിതറിയ, ഉള്ളിൽ ഒട്ടിപ്പിടിക്കുന്ന ചുവന്ന ജാം ഉള്ള ‘നാടൻ ജാം റോൾ’ മലയാളിയുടെ ഒരു വികാരമാണ്.