Dindigul Thalappakatti Biryani: കടയുടമ തലപ്പാവണിഞ്ഞതിനാൽ തലപ്പാക്കട്ടി; സാക്ഷാൽ ദിണ്ടിഗൽ തലപ്പാക്കട്ടി ബിരിയാണിയാണിയുടെ രഹസ്യം ഇതാ
Dindigul Thalappakatti Biryani: കടയുടമയായ നാഗസ്വാമി നായിഡു എപ്പോഴും തലപ്പാവ് ധരിച്ചാണ് എത്തുന്നത്. അതിനാൽ തന്നെ അദ്ദേഹത്തിന്റെ ബിരിയാണിയ്‌ക്ക് തലപ്പാക്കട്ടി എന്ന് വിളിപ്പേരിട്ടു.
ഭാഷകൊണ്ടും സംസ്‌കാരം കൊണ്ടും മാത്രമല്ല, ഭക്ഷണ വൈവിധ്യം കൊണ്ടും വ്യത്യസ്‌തമാണ് നമ്മുടെ രാജ്യം. ഓരോ നാടിനും തനതായ ഭക്ഷണ രുചിയാണ് അവകാശപ്പെടാനുള്ളത്. ഇത്തരം രുചികളാണ് ഓരോ ദേശത്തിൻ്റെയും കഥ പറയുന്നതും. ഭക്ഷണത്തിന്റെ പേരിൽ അറിയപ്പെടുന്ന നാട് തന്നെയുണ്ട്. അങ്ങനെ ഒരു നാടിനെ തന്നെ ഫേമസ് ആക്കിയ ഭക്ഷണമാണ് ദിണ്ടിഗൽ തലപ്പാക്കട്ടി ബിരിയാണി.
തലശേരി ബിരിയാണി, ഹൈദരാബാദി ബിരിയാണി എന്നിവയൊക്കെപ്പോലെ തന്നെ രുചിയുടെ കാര്യത്തിൽ പ്രശസ്‌തമാണ് തമിഴ്‌നാട്ടിലെ ദിണ്ടിഗൽ തലപ്പാക്കട്ടി ബിരിയാണി.1957 തമിഴ്‌നാട്ടിലെ ഡിണ്ടിഗലിൽ ആരംഭിച്ച ഒരു ഭക്ഷണശാലയിൽ നിന്നാണ് തലപ്പാക്കട്ടി ബിരിയാണിയുടെ ഉത്ഭവം. കടയുടമയായ നാഗസ്വാമി നായിഡു എപ്പോഴും തലപ്പാവ് ധരിച്ചാണ് എത്തുന്നത്. അതിനാൽ തന്നെ അദ്ദേഹത്തിന്റെ ബിരിയാണിയ്‌ക്ക് തലപ്പാക്കട്ടി എന്ന് വിളിപ്പേരിട്ടു.
പിന്നാലെ ഈ ബിരിയാണിയുടെ രുചി നാടെങ്ങും പരന്നതോടെ തലപ്പാക്കട്ടി ബിരിയാണി എന്ന പേരിൽ ബിരിയാണി അറിയാൻ തുടങ്ങി. ഇന്ന് ഇപ്പോൾ ദിണ്ടിഗൽ തലപ്പാക്കട്ടി ബിരിയാണി ലോക പ്രശസ്‌തമാണ്. ഇന്ത്യ, യുഎസ്എ, യുഎഇ, സിംഗപ്പൂർ, മലേഷ്യ, ശ്രീലങ്ക എന്നിവിടങ്ങളിലായി നിരവധി ശാഖകളുമുണ്ട്. പറക്കും സിട്ടു എന്നറിയപ്പെടുന്ന ശ്രീരാഗ ചമ്പാ അരിയാണ് ഈ ബിരിയാണി ഉണ്ടാക്കാനായി ഉപയോഗിക്കുന്നത്. വായിൽ അലിഞ്ഞുചേരുന്ന തരത്തിലാണ് ഇവയുടെ നിർമാണം. മസാലക്കൂട്ടും ചോറും തമ്മിൽ യോജിച്ചതാണ് ഈ ബിരിയാണിയുടെ പ്രത്യേകത. ഈ രുചി വീട്ടിലും തയ്യാറാക്കിയാലോ?
Also Read:മഴ, കുലാവി, ജോൺസൺ മാഷ്; ആഹാ.. അന്തസ്! ചായക്ക് പകരം ഇതൊന്ന് ട്രൈ ചെയ്യൂ
ചേരുവകൾ
ബിരിയാണി റൈസ് – 1 കിലോ
ചിക്കൻ- 1 കിലോ
തൈര്- 200 ഗ്രാം
പുതിനയില- ഒരു പിടി
മല്ലിയില- ഒരു പിടി
ഇഞ്ചി- 80 ഗ്രാം
വെളുത്തുള്ളി- 80 ഗ്രാം
സവാള- 50 ഗ്രാം
ചെറിയ ഉള്ളി- 150 ഗ്രാം
പച്ചമുളക്- 10 എണ്ണം
തക്കാളി- 1
മല്ലിപ്പൊടി- 1 ടേബിൾ സ്‌പൂൺ
മുളകുപൊടി- 1 ടേബിൾ സ്‌പൂൺ
മഞ്ഞൾപ്പൊടി- 1 ടീസ്‌പൂൺ
ജീരകം- 1 ടേബിൾ സ്‌പൂൺ
ഗ്രാമ്പൂ- 10 എണ്ണം
കറുവപ്പട്ട- 30 ഗ്രാം
ഏലം- കുറച്ച്
ബിരിയാണി ലീഫ്- കുറച്ച്
വെളിച്ചെണ്ണ- 100 മി. ഗ്രാം
തയാറാക്കുന്ന വിധം
ആദ്യം ചെറിയ ഉള്ളി, വെളുത്തുള്ളി, ഇഞ്ചി, പച്ചമുളക് എന്നിവ അരച്ചെടുക്കുകയും ഗ്രാമ്പൂ, കറുവപ്പട്ട, ഏലം, ബിരിയാണി ലീഫ് എന്നിവ പൊടിച്ചെടുക്കുകയും ചെയ്യുക. ശേഷം ബിരിയാണി റൈസ് നന്നായി കഴുകി തിളപ്പിച്ചു ഊറ്റി മാറ്റി വയ്ക്കുക. പാതി വേന്താൽ മതി.ഇനി ഒരു പാൻ അടുപ്പിലേക്ക് വച്ച് ഇതിലേക്ക് എണ്ണ ഒഴിച്ച് ചൂടായി വരുമ്പോൾ പെരും ജീരകം, കറുവപ്പട്ട, ഏലയ്ക്ക എന്നിവ ഇട്ട് മൂപ്പിക്കുക. ശേഷം സവാള ചേർത്ത് വഴറ്റുക. ഇതിലേക്ക് നേരത്തെ അരച്ച് വച്ചത് ചേർത്ത് വീണ്ടും വഴറ്റുക. അവസാനം തക്കാളി കൂടി ചേർത്ത് ഇളക്കുക. ഇതിലേക്ക് വൃത്തിയാക്കിയെടുത്ത ചിക്കൻ ചേർത്ത് കൊടുക്കുക.
ഇതിലേക്ക് മസാല പൊടികളായ മുളകുപൊടി, മല്ലിപൊടി, മഞ്ഞൾപ്പൊടി എന്നിവയും ആദ്യം പൊടിച്ച് വച്ചതും ചേർക്കുക. ഇതിനു ശേഷം മല്ലിയില, പുതിനയില, ഉപ്പ് എന്നിവ കൂടി ചേർത്തിളക്കുക. തൈര് കൂടി ചേർത്ത് ചിക്കനിൽ മസാല പിടിക്കുന്ന രീതിയിൽ നന്നായി ഇളക്കി യോജിപ്പിക്കുക. ഇതിലേക്ക് ആവശ്യത്തിനെ വെള്ളം ഒഴിച്ച് അടച്ചുവച്ച് 10 മിനിറ്റ് വേവിക്കുക. ഇതിലേക്ക് പാതി വേവിച്ചു വച്ച ബിരിയാണി അരികൂടി ചേർക്കാം. ശേഷം ഇതിലേക്ക് മല്ലിയില, പുതിനയില, ഒരു പകുതി നാരങ്ങാനീര് എന്നിവ ചേർത്ത് അടച്ച് വച്ച് വേവിക്കുക. പാത്രം അടച്ച് കനം കൂടിയ വസ്തു ഇതിനു മുകളിലായി വയ്ക്കുക. ഏകദേശം 15-20 മിനിറ്റ് ചെറുതീയിൽ വേവിച്ച് തീയണച്ച് വയ്‌ക്കുക.