Recipe: ചപ്പാത്തി ബാക്കി വന്നോ? ഇത് പോലെ ഒന്ന് ചെയ്തു നോക്കൂ, ഒരു അടിപൊളി സ്നാക്ക് റെസിപ്പി
Kothu Chapati Recipe: ചപ്പാത്തി ബാക്കി വരുന്നത് മിക്ക വീടുകളിലെയും പതിവാണ്. പിറ്റേന്ന് രാവിലെ അത് വെറുതെ ചൂടാക്കി കഴിക്കാൻ പലർക്കും മടിയായിരിക്കും. എന്നാൽ ആ ബാക്കി വന്ന ചപ്പാത്തി ഉപയോഗിച്ച് വെറും 10 മിനിറ്റിനുള്ളിൽ തട്ടുകട സ്റ്റൈലിൽ രുചികരമായ കൊത്ത് ചപ്പാത്തി തയ്യാറാക്കിയാലോ? കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന ഈ എളുപ്പമുള്ള റെസിപ്പി എങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് നോക്കാം.
രാത്രിയിൽ ഉണ്ടാക്കിയ ചപ്പാത്തി ബാക്കി വരുന്നത് മിക്ക വീടുകളിലെയും പതിവാണ്. പിറ്റേന്ന് രാവിലെ അത് വെറുതെ ചൂടാക്കി കഴിക്കാൻ പലർക്കും മടിയായിരിക്കും. എന്നാൽ ആ ബാക്കി വന്ന ചപ്പാത്തി ഉപയോഗിച്ച് വെറും 10 മിനിറ്റിനുള്ളിൽ തട്ടുകട സ്റ്റൈലിൽ രുചികരമായ കൊത്ത് ചപ്പാത്തി (Kothu Chapati) തയ്യാറാക്കിയാലോ? കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന ഈ എളുപ്പമുള്ള റെസിപ്പി എങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് നോക്കാം.
ആവശ്യമായ ചേരുവകൾ
ചപ്പാത്തി (ബാക്കി വന്നത്, ചെറുതായി കീറിയതോ മുറിച്ചതോ ആയത്), തക്കാളി സോസ്, സോയസോസ്, ചില്ലി സോസ്, എണ്ണ, ഇഞ്ചി , വെളുത്തുള്ളി, കാരറ്റ്, ക്യാബേജ്, ക്യാപ്സിക്കം എന്നിവയാണ് ആവശ്യമായ ചേരുവകൾ.
ALSO REAd: വീട്ടിലുണ്ടാക്കാം ഇഞ്ചി മിഠായി; ചുമയും ജലദോഷവും മാറാൻ സ്വീറ്റ്…
തയ്യാറാക്കുന്ന വിധം
ആദ്യം തന്നെ ബാക്കി വന്ന ചപ്പാത്തി നീളത്തിൽ മുറിച്ച് കഷ്ണങ്ങളാക്കുക. ശേഷം ഒരു പാൻ അടുപ്പിൽ വെച്ച് അൽപ്പം എണ്ണയൊഴിച്ചു ചൂടാക്കി കഷ്ണങ്ങളാക്കിയ ചപ്പാത്തി വറുത്തെടുക്കുക. അതേ പാനിലേയ്ക്ക് അൽപ്പം വെളുത്തുള്ളിയും ഇഞ്ചിയും ചതച്ചത് ചേർത്തിളക്കുക. അൽപ്പം കാബേജ്, കാരറ്റ്, ക്യാപ്സിക്കം എന്നിവ നീളത്തിൽ അരിഞ്ഞതു ചേർത്ത് വഴറ്റി മാറ്റി വെച്ചിരിക്കുന്ന ചപ്പാത്തിയും ചേർക്കാം. ഇതിലേക്ക് തക്കാളി സോസ്, സോയ സോസ്, ചില്ലി സോസ് എന്നിവ ആവശ്യാനുസരണം ചേർത്തിളക്കുക. ലഭ്യമെങ്കിൽ അൽപ്പം എള്ള് കൂടി ചേർത്തിളക്കി അടുപ്പിൽ നിന്നും മാറ്റാം. രുചികരമായ കൊത്ത് ചപ്പാത്തി റെഡി.
ബാക്കി വന്ന ചപ്പാത്തി എങ്ങൻെ സൂക്ഷിക്കാം?
ചപ്പാത്തിയുടെ ചൂട് പൂർണ്ണമായും ആറിയ ശേഷം വൃത്തിയുള്ള ഒരു കോട്ടൺ തുണിയിലോ കിച്ചൺ ടിഷ്യൂ പേപ്പറിലോ നന്നായി പൊതിയുക. ഇത് ചപ്പാത്തിയിൽ നിന്ന് അധികമുള്ള വിയർപ്പ് വലിച്ചെടുക്കുകയും, അതേസമയം ചപ്പാത്തി ഉണങ്ങിപ്പോകാതെ മൃദുവായി നിലനിർത്തുകയും ചെയ്യും.
അതുകൂടാതെ, തുണിയിലോ ഫോയിൽ പേപ്പറിലോ പൊതിഞ്ഞ ചപ്പാത്തി വായു കടക്കാത്ത ഒരു പ്ലാസ്റ്റിക് അല്ലെങ്കിൽ സ്റ്റീൽ പാത്രത്തിലാക്കി അടച്ച് ഫ്രിഡ്ജിൽ സൂക്ഷിക്കുക. ചൂടോടെ ഒരിക്കലും ചപ്പാത്തി അടച്ചുവെക്കരുത്, അങ്ങനെ ചെയ്താൽ ആവി തട്ടി വെള്ളത്തുള്ളികൾ വീണ് ചപ്പാത്തി പെട്ടെന്ന് പൂപ്പൽ പിടിക്കാൻ സാധ്യതയുണ്ട്. ഇത്തരത്തിൽ ഫ്രിഡ്ജിൽ സൂക്ഷിക്കുന്ന ചപ്പാത്തി 2 മുതൽ 3 ദിവസം വരെ കേടുകൂടാതെ ഇരിക്കും.
ഓരോ ചപ്പാത്തിക്കും ഇടയിൽ ഓരോ ബട്ടർ പേപ്പറോ ചെറിയ പ്ലാസ്റ്റിക് ഷീറ്റോ വെച്ച ശേഷം ഒരു സിപ്-ലോക്ക് (Zip-lock) കവറിലാക്കി ഉള്ളിലെ വായു മുഴുവൻ കളഞ്ഞ് സീൽ ചെയ്യുക. ഇത് ഫ്രീസറിൽ വെച്ചാൽ ഒരാഴ്ചയ്ക്ക് ശേഷവും ആവശ്യമുള്ളപ്പോൾ പുറത്തെടുത്ത് ചൂടാക്കി ഉപയോഗിക്കാം. ഫ്രിഡ്ജിൽ വെച്ച ചപ്പാത്തി വീണ്ടും ചൂടാക്കുമ്പോൾ, ദോശക്കല്ലിൽ വെക്കുന്നതിന് മുൻപ് രണ്ട് വശത്തും കൈകൊണ്ട് അല്പം വെള്ളം തളിച്ചു കൊടുക്കുക. ശേഷം ചൂടായ കല്ലിലിട്ട് തിരിച്ചും മറിച്ചും ഇട്ട് ചൂടാക്കിയാൽ ചപ്പാത്തി പഞ്ഞിപോലെ സോഫ്റ്റാകും.
English Summary:
Turn your leftover chapatis into a delicious and spicy street-style Kothu Chapati in just 10 minutes. Check out the easy recipe and ingredients.