Idukki Special Food: രാവിലെ പഴങ്കഞ്ഞിയും തൈരും, സ്പെഷ്യലായി എല്ലുകറിയും ഇടിയിറച്ചിയും; ഇടുക്കിക്കാരുടെ ആരോഗ്യത്തിന്റെ രഹസ്യം!
Idukki Special Food: എരിവും പുളിയുമൊക്കെ അല്പം കൂടി നിൽക്കുന്ന ഇടുക്കിക്കാരുടെ ഭക്ഷണ സംസ്കാരം ആർക്കും കൊതിവരുന്നതാണ്. നാടൻകോഴിയും പന്നിയും മുയലുമെല്ലാം തീൻ മേശകളെ അലങ്കരിക്കുമ്പോൾ ‘ബീഫ്’ തന്നെയാണ് മുൻപൻ.
കേരളത്തിലെ ഓരോ പ്രദേശങ്ങൾക്കും വ്യത്യസ രുചി സംസ്കാരമാണുള്ളത്. പല പ്രദേശങ്ങളിലും അവരുടെതായ തനത് വിഭവങ്ങളും ഉണ്ടാകും. അത്തരത്തിൽ വ്യത്യസ്ത രുചി വിളമ്പുന്ന നാടാണ് ഇടുക്കിക്കാരുടേത്. എരിവും പുളിയുമൊക്കെ അല്പം കൂടി നിൽക്കുന്ന ഇടുക്കിക്കാരുടെ ഭക്ഷണ സംസ്കാരം ആരുടെ നാവിലും കപ്പലോടിക്കും. നാടൻകോഴിയും പന്നിയും മുയലുമെല്ലാം തീൻ മേശകളെ അലങ്കരിക്കുമ്പോൾ ‘ബീഫ്’ തന്നെയാണ് മുൻപൻ.
കുടംപുളിയിട്ടു വറ്റിച്ച നല്ല ആറ്റുമീൻ കറിയും ഇടുക്കിക്കാരുടെ പ്രത്യേക വിഭവം തന്നെയാണ്. ചെണ്ടൻ കപ്പേം, കപ്പ പുഴുങ്ങിയതുമാണ് കറിക്കൂട്ടുകൾക്ക് പ്രത്യേക കോംബിനേഷൻ. പലരും ദോശയും പുട്ടും കഴിക്കുമ്പോൾ ഇടുക്കിക്കാർ പഴങ്കഞ്ഞിയിൽ തൈര് ഒഴിച്ച് കാന്താരി മുളകും ചേർത്ത് ഒരു പിടിപിടിക്കും . എല്ലുമുറിയെ പണിയെടുത്താലും ഒരു ക്ഷീണവും തോന്നാത്തതിനു കാരണവും ഈ പിടി തന്നെ. വൈകിട്ട് കട്ടൻ കാപ്പിയുടെ കൂടെ ചെണ്ടമുറിയൻ കപ്പേം കാന്താരിച്ചമ്മന്തിയും ഇടുക്കിക്കാരുടെ സ്പെഷ്യലാണ്.
Also Read:നെയ്യിൽ മുറുക്കിയ ചുവന്നുള്ളിയും ഇത്തിരി കുത്തരി ചോറും….. കുട്ടിക്കാലത്തേക്കൊന്നു തിരിച്ചു പോകാം….
ചക്കക്കാലമായാൽ, ഇടുക്കികാർക്ക് ആഘോഷമാണ്. രാവിലെയും വൈകിട്ടും ചക്കകൊണ്ടുള്ള വിഭവങ്ങളാകും അടുക്കളയിൽ. രാവിലെ പഴങ്കഞ്ഞിക്കൊപ്പം ചക്കപുഴുക്കും ചക്കക്കുരു കറിയുമായിരിക്കും. പുതിയ തലമുറയിലെ ഭക്ഷണ ശീലങ്ങൾക്ക് മാറ്റം വന്നെങ്കിലും ഇന്നും മിക്ക ഇടുക്കികാരുടെ വീടുകളിലും ഈ ഭക്ഷണങ്ങളും ശീലവും തുടരുന്നുണ്ട്.
പിടിയും നാടൻ കോഴിക്കറിയും ഇടുക്കിക്കാരുടെ പ്രിയ വിഭവങ്ങളിലുണ്ട്. പച്ചരി പൊടിച്ച് വറുത്തെതിലേക്ക് തേങ്ങയും ജീരകവും ചതച്ച് ചേർത്ത് പാകത്തിനു ചൂടു വെള്ളം ഒഴിച്ച് കുഴച്ചെടുക്കും. ഇതു ഉരുളകളാക്കി വയ്ക്കും. പിന്നെ, വെള്ളം തിളയ്ക്കുമ്പോൾ പാകത്തിന് ഉപ്പും ലേശം അരിപ്പൊടിയും ചേർക്കും. ഇതിലേക്കു ഉരുളകൾ ഇട്ട് കൊടുക്കു. വെട്ടിത്തിളയ്ക്കുമ്പോൾ മൂടി തുറന്ന് ഒരു തണ്ട് കറിവേപ്പില കൂടി ഇട്ടാൽ റെഡി. വാങ്ങിയെടുത്ത് ചൂടോടെ വാഴയിലയിൽ വിളമ്പാം. പിടിയ്ക്കൊപ്പം നാടൻ കോഴിക്കറിയാണ് പതിവ്.