Food nostalgia: കൊഴുത്ത പനങ്കുറുക്കിൽ അലുത്ത താളുകറി… ദാരിദ്രത്തിന്റെ രുചിയല്ല… വിശപ്പിന്റെ പഴയ കാലത്തെ നാട്ടിൻപുറത്തിന്റെ രുചി
Old Kerala tastes and its background story: ദാരിദ്രത്തിന്റെ നാളുകളിൽ അടുത്ത പറമ്പിൽ പന വെട്ടിയപ്പോൾ പോയി ചോദിച്ചതും. ഏറെ നേരത്തെ കാത്തിരിപ്പിനൊടുവിൽ അനുമതി കിട്ടിയതും ആ അദ്ദേഹത്തിന്റെ കഥയിൽ കാണാം. വെട്ടി നുറുക്കി തെളിയൂറ്റി പനങ്കുറുക്ക് വെച്ചപ്പോൾ കറിയായി തോട്ടുവക്കിലെ താളിനെ കൂട്ടുപിടിച്ചതും രസകരമായി അതിൽ വിവരിക്കുന്നു.
പയ്യെ തിന്നാൽ പനയും തിന്നാം…
പണ്ട് പണ്ട്.. വളരെ പണ്ടു മുതൽ സ്കൂളുകളിൽ കേൾക്കുന്ന അല്ലെങ്കിൽ വീട്ടിലെ പ്രായമായവർ പറഞ്ഞു കേൾക്കുന്ന പഴമൊഴിയാണിത്. പന എങ്ങനെ തിന്നു… വളർന്നു പടർന്ന് ആകാശം മുട്ടി നിൽക്കുന്ന മരം. തുമ്പത്ത് മുടിയഴിച്ചിട്ട യക്ഷിയെ പോലെ കുലകൾ. വല്ലവരും വന്ന് ചെത്തിയാൽ കള്ള് കിട്ടുമെന്ന് കേട്ടിട്ടുണ്ട്. പക്ഷെ ഇതെങ്ങനെ കഴിക്കുമെന്ന് ചെറുപ്പത്തിൽ ചിന്തിക്കാത്ത 90കളിലെ കുട്ടികൾ ഉണ്ടാകില്ല. ജെൻസികൾ അതേപ്പറ്റി കേട്ടിട്ടുകൂടി കാണില്ല. പക്ഷെ അതിനും മുൻപേയുള്ള പഴയതലമുറയ്ക്ക് അത് സുപരിചിതം ആയിരുന്നിരിക്കണം.
പനമരം പല പറമ്പിലെയും സ്ഥിരം സാന്നിധ്യ മായിരുന്ന ഒരു കാലമുണ്ടായിരുന്നു. ദാരിദ്ര്യവും അരപ്പട്ടിണിയും കൊടികുത്തിവാണ അന്ന് ഉണക്കുകപ്പയും വെള്ളം കൂടുതലൊഴിച്ച കഞ്ഞിയുമെല്ലാം സ്ഥിരം സംഭവമാണ്. അന്നെല്ലാം പന വെട്ടുന്നിടത്ത് ചിലരെത്തും. പനയുടെ ചില കഷ്ണങ്ങൾ ചോദിച്ച്. പനങ്കഞ്ഞിക്കോ കുറുക്കിനോ ഉള്ളത് കണ്ടെത്തുകയാണ് ലക്ഷ്യം.
പട്ടിണിയില്ലെങ്കിലും പിന്നീടുള്ള കാലത്തും പന വെട്ടിയാൽ കുറുക്കിനുള്ളത് മാറ്റാറുണ്ട് കേട്ടോ. പല തലമുറയുടെ ഓർമ്മകളിലെ കണ്ണീരുപ്പുള്ള .. അല്ലെങ്കിൽ പല സംഭവങ്ങളിലേക്കുള്ള ചൂണ്ടുപലകയായ രുചിയെപ്പറ്റി അറിയാം…
പനങ്കുറുക്കിന്റെ കഥ
പനങ്കുറുക്ക് എന്നത് പനയുടെ തടിയുടെ ഉൾഭാഗം സംസ്കരിച്ചെടുക്കുന്ന ഒരുതരം പൊടിയാണ്. വിശപ്പ് മാറ്റാനും പോഷണം നൽകാനും കഴിവുള്ളതിനാൽ, പനങ്കുറുക്ക് പട്ടിണി കാലങ്ങളിൽ പലരുടെയും പ്രധാന ആശ്രയമായിരുന്നു. പ്രായമായ, എന്നാൽ കായ്ക്കാത്ത പനമരം പ്രധാനമായി ഈത്തപ്പനയോ കരിമ്പനയോ മുറിച്ച് എടുക്കുന്നു. മരത്തിൻ്റെ ഉൾഭാഗം അഥവാ കുറുക്കൽ പുറത്തെടുത്ത് നന്നായി ചതയ്ക്കുന്നു.
ചതച്ചെടുത്ത ഈ ഭാഗം വെള്ളത്തിൽ കുതിർത്ത്, പിഴിഞ്ഞ് അരിച്ചെടുക്കുന്നു.
Also read – ബംഗാളിനേയും ഒഡിഷയെയും തമ്മിൽ തെറ്റിച്ച ഒരു മധുരപലഹാരം…
ഈ പ്രക്രിയയിലൂടെ പനയിലെ നാരുകൾ നീക്കം ചെയ്യപ്പെടുകയും ശുദ്ധമായ അന്നജം കലർന്ന വെള്ളം മാത്രം ലഭിക്കുകയും ചെയ്യുന്നു. ഈ അന്നജ ലായനി ഊറിത്തെളിയാൻ വെച്ച ശേഷം, അടിഞ്ഞുകൂടിയ അന്നജം കട്ട (കുറുക്ക്) വെയിലത്ത് നന്നായി ഉണക്കി പൊടിച്ചെടുക്കുന്നു. ഇങ്ങനെ ലഭിക്കുന്ന പനങ്കുറുക്ക് പൊടി ഉപയോഗിച്ച് കഞ്ഞി വെച്ചോ, വെള്ളത്തിൽ കുഴച്ചോ, മറ്റ് കറികളോടൊപ്പം ചേർത്തോ കഴിച്ചിരുന്നു. ചില പ്രദേശങ്ങളിൽ ഇത് ഹൽവ പോലെയുള്ള പലഹാരങ്ങൾ ഉണ്ടാക്കാനും ഉപയോഗിക്കാറുണ്ട്.
താളുകറി
തോട്ടുവക്കിൽ നിൽക്കുന്ന ചേമ്പിലകളും തണ്ടും ചേർത്ത് കറിവയ്ക്കാം. പനങ്കുറുക്കിനൊപ്പം താളുകറിയും ചേർത്തു കഴിക്കുന്ന ഓർമ്മകൾ ഗോത്രവർഗ സമൂഹങ്ങളുടെ ജീവിതം ആവിഷ്ക്കരിച്ച എഴുത്തുകാരൻ നാരായൻ വ്യക്തമാക്കിയിട്ടുണ്ട്. ദാരിദ്ര്യത്തിന്റെ നാളുകളിൽ അടുത്ത പറമ്പിൽ പന വെട്ടിയപ്പോൾ പോയി ചോദിച്ചതും. ഏറെ നേരത്തെ കാത്തിരിപ്പിനൊടുവിൽ അനുമതി കിട്ടിയതും ആ അദ്ദേഹത്തിന്റെ കഥയിൽ കാണാം. വെട്ടി നുറുക്കി തെളിയൂറ്റി പനങ്കുറുക്ക് വെച്ചപ്പോൾ കറിയായി തോട്ടുവക്കിലെ താളിനെ കൂട്ടുപിടിച്ചതും രസകരമായി അതിൽ വിവരിക്കുന്നു.
കൊഴുത്ത പനങ്കുറുക്കിൽ അലുത്ത ചാണകം പോലെ താള് എന്നാണ് താളുകറിയെ അദ്ദേഹം ഉപമിച്ചത്. ഏറെ അധ്വാനമുള്ള ഈ പനങ്കുറുക്കു നിർമ്മാണം ഇന്ന് ദാരിദ്രകാലം പോലെ കഥകളിൽ മാത്രമായിരിക്കുന്നു. പക്ഷെ താള് അത്ര അന്യം നിന്നിട്ടില്ല. ഇന്നും ഓർമ്മകൾ പൊടിതട്ടിയെടുക്കാൻ താളുകറി വയ്ക്കുന്നവർ ഏറെയുണ്ട് നാട്ടിൻപുറങ്ങളിൽ.