Shooting Location Food: ലാൽ സാറിന് പാൽക്കഞ്ഞി; മമ്മൂക്കയ്ക്ക് മട്ടന്‍ ബിരിയാണി നിർബന്ധം: ആസിഫിന് ഉപ്പുമാവും പഴവും; സിനിമ സെറ്റിലെ രുചിവിശേഷങ്ങൾ
Celebrities’ Favourite Food: ആസിഫ് അലിക്ക് ഏറ്റവും പ്രിയപ്പെട്ടത് ഉപ്പുമാവും പഴം പുഴുങ്ങിയതുമാണെന്നും രാജേഷ് പറയുന്നു. നടി ഉർവശിക്ക് മീൻ വിഭവങ്ങളോട് വലിയ താത്പര്യമാണെന്നും രാജേഷ് പങ്കുവെക്കുന്നു.

Mammootty, Mohanlal
കഴിഞ്ഞ 30 വർഷമായി സിനിമ സെറ്റിൽ താരങ്ങള്‍ക്കുള്‍പ്പെടെ എല്ലാവർക്കും രുചികരമായ ഭക്ഷണം വിളമ്പുന്ന പ്രൊഡക്ഷൻ അസിസ്റ്റന്റ് ആണ് രാജേഷ്. ഇപ്പോഴിതാ താൻ ഏറെ ഇഷ്ടപ്പെട്ട് ചെയ്യുന്ന ജോലിയേക്കുറിച്ചും വിവിധ അഭിനേതാക്കളുടെ ഭക്ഷണ രീതിയേക്കുറിച്ചും രാജേഷ് പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. ക്ലബ് എഫ്എം ദ ക്രൂ ക്ലബ് എന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം .
സിനിമയിലെ ഓരോ താരങ്ങൾക്കും വ്യത്യസ്തമായ ഭക്ഷണശീലങ്ങളാണുള്ളത് എന്നാണ് രാജേഷ് പറയുന്നത്. സെറ്റിൽ ഒട്ടുമിക്ക ആളുകളും ഡയറ്റ് പിന്തുടരുന്നവരാണെന്നും രാജേഷ് പറയുന്നു. മോഹൻലാൽ യറ്റിലാണെങ്കിൽ മൂന്ന് നേരവും പാൽക്കഞ്ഞി മാത്രമാണ് കഴിക്കാറുള്ളത്. പുറത്ത് നിന്നുള്ള ഭക്ഷണത്തേക്കാൾ സെറ്റിലെ മെസ്സിലുള്ള ഭക്ഷണം കഴിക്കാനാണ് അദ്ദേഹത്തിന് ഏറെ പ്രിയം. എന്നാൽ മമ്മൂട്ടി ചോറ് പൂർണ്ണമായും ഒഴിവാക്കാറാണ് പതിവെന്നാണ് രാജേഷ് പറയുന്നത്.
ചെറിയ മീനുകൾ കഴിക്കാനാണ് അദ്ദേഹത്തിന് പ്രത്യേക ഇഷ്ടം. ഓരോ സിനിമയുടെയും പാക്കപ്പ് ദിവസം സെറ്റിലുള്ള എല്ലാവർക്കും തന്റെ വകയായി മട്ടൺ ബിരിയാണി നൽകാറുമുണ്ട്. ആസിഫ് അലിക്ക് ഏറ്റവും പ്രിയപ്പെട്ടത് ഉപ്പുമാവും പഴം പുഴുങ്ങിയതുമാണെന്നും രാജേഷ് പറയുന്നു. നടി ഉർവശിക്ക് മീൻ വിഭവങ്ങളോട് വലിയ താത്പര്യമാണെന്നും രാജേഷ് പങ്കുവെക്കുന്നു.
സിനിമയിലെ താരങ്ങൾക്കും അണിയറ പ്രവർത്തകർക്കും ഒരേ മെസ്സിൽ നിന്നാണ് ഭക്ഷണം തയ്യാറാക്കുന്നതെന്നും രാജേഷ് പറയുന്നു. ഒരാൾക്ക് നാല് നേരം ഭക്ഷണം നൽകാനായി ഏകദേശം 350 രൂപയാണ് ചിലവഴിക്കുന്നതെന്നും രാജേഷ് പറയുന്നു. രാവിലെ ഇഡലി, പൂരി, റവയോ റാഗിയോ കൊണ്ടുള്ള ഉപ്പുമാവ്, പുട്ട് എന്നിവയാണ് തയ്യാറാക്കാറുള്ളത്. ഉച്ചഭക്ഷണത്തിന് കുത്തിരി ചോറും പച്ചേരി ചോറും ഉണ്ടാകും. ഇതിനൊപ്പം മീൻ കറിയും മീൻ വറുത്തതും നിർബന്ധമാണ്. ഓരോ ദിവസവും ചിക്കൻ അല്ലെങ്കിൽ ബീഫ് വിഭവങ്ങൾ ഉൾപ്പെടുത്തു. ഞായറാഴ്ച ദിവസങ്ങളിൽ എല്ലാവർക്കും ബിരിയാണിയാണ് വിളമ്പാറുള്ളതെന്നും രാജേഷ് പറയുന്നു.