Wine recipe: ക്രിസ്മസ് കളറാക്കാം, അഞ്ച് ദിവസംകൊണ്ട് ഒരു വൈൻ തയ്യാറാക്കിയാലോ?
Homemade Christmas Wine in 5 days: ഗുണമേന്മയുള്ള വൈൻ ലഭിക്കാൻ ആഴ്ചകളോ മാസങ്ങളോ സമയമെടുക്കുമെങ്കിലും, പെട്ടെന്ന് തയ്യാറാക്കാൻ ഈ രീതി സഹായിക്കും.

Wine in 5 days
ക്രിസ്മസിന് ഇനി വെറും അ‍്ചു ദിവസം മാത്രമാണ് ഉള്ളത്. ഇനിയും വൈൻ തയ്യാറാക്കിയില്ലെങ്കിൽ ഇതാ ഒരു എളുപ്പവഴി. വെറും അഞ്ചു ദിവസം കൊണ്ട് വീട്ടിൽ വൈൻ തയ്യാറാക്കാം. ഇത് യഥാർത്ഥ വൈൻ പോലെ മാസങ്ങളോളം പഴക്കമുള്ളതല്ലെങ്കിലും, 5 മുതൽ 7 ദിവസത്തിനുള്ളിൽ കുടിക്കാവുന്ന ഒരു പാനീയമായി ഇത് മാറും.
ആവശ്യമായ സാധനങ്ങൾ
- പഴച്ചാറ്: പഞ്ചസാരയുടെ അളവ് കൂടുതലുള്ള മുന്തിരി ജ്യൂസോ ആപ്പിൾ ജ്യൂസോ ഉപയോഗിക്കാം.
- വൈൻ യീസ്റ്റ് : പുളിപ്പിക്കാൻ ആവശ്യമായത്.
- പഞ്ചസാര: മധുരം കൂട്ടാൻ ആവശ്യമുണ്ടെങ്കിൽ മാത്രം.
- കഴുകി വൃത്തിയാക്കിയ പാത്രം: എയർലോക്ക് ഘടിപ്പിച്ചതോ അല്ലെങ്കിൽ വായു കടക്കാത്ത വിധം മൂടി വെക്കാവുന്നതോ ആയ വലിയ പാത്രം.
- അണുനാശിനി ലായനി: പാത്രങ്ങൾ വൃത്തിയാക്കാൻ.
തയ്യാറാക്കുന്ന വിധം
വൈൻ തയ്യാറാക്കാൻ ഉപയോഗിക്കുന്ന പാത്രങ്ങളും ഉപകരണങ്ങളും നന്നായി കഴുകി അണുവിമുക്തമാക്കുക. ജ്യൂസ് പാത്രത്തിലേക്ക് ഒഴിക്കുക. കൂടുതൽ മധുരം വേണമെങ്കിൽ അല്പം ചൂടുവെള്ളത്തിൽ പഞ്ചസാര ലയിപ്പിച്ച് ഇതിലേക്ക് ചേർക്കാം. ജ്യൂസിന് മുകളിലായി യീസ്റ്റ് വിതറുക. തുടക്കത്തിൽ അധികം ഇളക്കേണ്ടതില്ല.
പാത്രം എയർലോക്ക് ഉപയോഗിച്ച് അടയ്ക്കുകയോ അല്ലെങ്കിൽ ഒരു മൂടി കൊണ്ട് അയവായി മൂടുകയോ ചെയ്യുക. ശേഷം 18-22°C താപനിലയുള്ള ചൂടുള്ള സ്ഥലത്ത് 5-7 ദിവസത്തേക്ക് മാറ്റിവെക്കുക. പുളിപ്പിക്കൽ നടക്കുമ്പോൾ കാർബൺ ഡയോക്സൈഡ് പുറത്തേക്ക് പോകുന്നത് കൊണ്ട് വായു കുമിളകൾ വരുന്നത് കാണാം. ആദ്യത്തെ കുറച്ചു ദിവസങ്ങളിൽ ദിവസവും ഒന്നോ രണ്ടോ തവണ ഇളക്കി കൊടുക്കാം.
വായു കുമിളകൾ വരുന്നത് കുറയുമ്പോൾ (പുളിപ്പിക്കൽ ഏകദേശം പൂർത്തിയാകുമ്പോൾ), പാത്രത്തിന്റെ അടിയിൽ അടിഞ്ഞുകൂടിയ അവശിഷ്ടങ്ങൾ (Sediment) ഇളകാതെ തെളിഞ്ഞ വൈൻ മറ്റൊരു വൃത്തിയുള്ള കുപ്പിയിലേക്ക് മാറ്റുക. ഗുണമേന്മയുള്ള വൈൻ ലഭിക്കാൻ ആഴ്ചകളോ മാസങ്ങളോ സമയമെടുക്കുമെങ്കിലും, പെട്ടെന്ന് തയ്യാറാക്കാൻ ഈ രീതി സഹായിക്കും.