Tapioca’s story: കപ്പൽ വഴി വന്നതിനാൽ കപ്പയായി, വിദേശിയായ മരച്ചീനി മലയാളിക്ക് സ്വന്തമായത് ഇങ്ങനെ
History of Tapioca : കപ്പ വിഷാംശമുള്ളതാണോ എന്ന് സംശയിച്ച ജനങ്ങൾക്കിടയിൽ വിശ്വാസം വളർത്താനായി, വിശാഖം തിരുനാൾ കപ്പ പാചകം ചെയ്ത് തനിക്ക് വിളമ്പാൻ ഉത്തരവിട്ടു.

Tapioca
തിരുവനന്തപുരം: കേരളത്തിന്റെ തീൻമേശയിലെ ഒഴിച്ച് കൂടാനാവാത്ത വിഭവമായ കപ്പ. കുടിലു തൊട്ടു കൊട്ടാരം വരെ ഇന്ന് കപ്പയുടെ സാന്നിധ്യമുണ്ട്. എന്നാൽ സാധാരണക്കാരുടെ പ്രിയ വിഭവമായ കപ്പ ഒരു വിദേശിയാണ് എന്ന അതിശയിപ്പിക്കുന്ന കാര്യം എത്രപേർക്കറിയാം. ചരിത്രത്തിലെ ഏറ്റവും കൗതുകകരമായ ഒരു കുടിയേറ്റ കഥയാണ് കപ്പയുടേത്. ബ്രസീലിൽ നിന്ന് കപ്പൽ കയറി വന്ന ഈ കിഴങ്ങ് കപ്പൽ കേറ വന്നതായതിനാൽ കപ്പയാവുകയായിരുന്നത്രേ…
ബ്രസീലിൽ നിന്ന് തിരുവിതാംകൂറിലേക്ക്
തെക്കേ അമേരിക്കയിലെ ബ്രസീലാണ് കപ്പയുടെ ജന്മദേശം. പോർച്ചുഗീസുകാർ വഴിയാണ് ഈ വിള ഇന്ത്യയിലേക്ക് എത്തുന്നത്. എന്നാൽ, കപ്പ കേരളത്തിൽ ഒരു പ്രധാന ഭക്ഷ്യവിളയായി മാറുന്നത് 19-ാം നൂറ്റാണ്ടിന്റെ അവസാനത്തിലാണ്. അതായത് തിരുവിതാംകൂർ രാജഭരണകാലത്ത്.
ആയില്യം തിരുനാൾ രാമവർമ്മയുടെ ഭരണകാലത്ത് രാജ്യത്ത് കടുത്ത ഭക്ഷ്യക്ഷാമം, പ്രത്യേകിച്ചും അരിയുടെ ലഭ്യതക്കുറവ്, ഉണ്ടായപ്പോൾ ഇതിന് പരിഹാരം കാണാൻ രാജകുടുംബം കണ്ടെത്തിയ ഒരു ബദൽ മാർഗ്ഗമായിരുന്നു കപ്പ.
സസ്യശാസ്ത്രത്തിൽ വലിയ അറിവുണ്ടായിരുന്ന വിശാഖം തിരുനാൾ രാമവർമ്മബ്രസീലിൽ നിന്ന് കപ്പത്തണ്ടുകൾ ഇറക്കുമതി ചെയ്തു. കപ്പ വിഷാംശമുള്ളതാണോ എന്ന് സംശയിച്ച ജനങ്ങൾക്കിടയിൽ വിശ്വാസം വളർത്താനായി, വിശാഖം തിരുനാൾ കപ്പ പാചകം ചെയ്ത് തനിക്ക് വിളമ്പാൻ ഉത്തരവിട്ടു. കപ്പ എങ്ങനെ സുരക്ഷിതമായി പാചകം ചെയ്യാമെന്ന് പ്രഖ്യാപനം വഴി ജനങ്ങളെ അറിയിക്കുകയും ചെയ്തു.
രണ്ടാം ലോകമഹായുദ്ധത്തിലെ രക്ഷകൻ
തുടക്കത്തിൽ ‘പാവപ്പെട്ടവന്റെ ഭക്ഷണം’ എന്നൊരു ധാരണ കപ്പയ്ക്കുണ്ടായിരുന്നെങ്കിലും, രണ്ടാം ലോകമഹായുദ്ധം ഈ ധാരണ തിരുത്തി. ബർമ്മയിൽ നിന്നുള്ള അരിയുടെ ഇറക്കുമതി നിലച്ചപ്പോൾ, കേരളത്തിലെ ജനങ്ങൾക്ക് കപ്പ ഒരു സ്ഥിരവും വിശ്വസ്തവുമായ ഭക്ഷണ സ്രോതസ്സായി മാറി.