Wheat Flour Recipe: ഗോതമ്പ് ഉണ്ടയ്ക്ക് ഇത്രയും രുചിയോ?; കുഴക്കാതെ, പരത്താതെ ടേസ്റ്റി ബോണ്ട ഉണ്ടാക്കാം
Easy Wheat Flour Bonda Recipe: സാധാരണ മൈദ ഉപയോഗിച്ചാണ് കൂടുതലും ബോണ്ട തയ്യാറാക്കുന്നത്. എന്നാൽ ഗോതമ്പ് ഉപയോഗിച്ചുള്ള ഈ ബോണ്ട ഒരു വെറൈറ്റിയാണ്. മാവ് കുഴച്ചെടുക്കാനോ, പരത്തിയെടുക്കാനോ ഉള്ള ബുദ്ധിമുട്ടൊന്നുമില്ലാതെ മിനിറ്റുകൾക്കുള്ളിൽ ഇത് തയ്യാറാക്കാമെന്നത് മറ്റൊരു പ്രത്യേകതയാണ്. കുട്ടികൾ മുതൽ മുതിർന്നവർ വരെ എല്ലാവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന ഈ ഗോതമ്പ് ബോണ്ട റെസിപ്പി എങ്ങനെയെന്ന് നോക്കാം.
ചായക്കടകളിൽ നിന്നും കഴിക്കുന്ന അതേ രുചിയിൽ, വൈകുന്നേരങ്ങളിൽ ചായയ്‌ക്കൊപ്പം കഴിക്കാൻ പറ്റിയ ഒരു കിടിലൻ പലഹാരമാണ് ഗോതമ്പ് ബോണ്ട. സാധാരണ മൈദ ഉപയോഗിച്ചാണ് കൂടുതലും ബോണ്ട തയ്യാറാക്കുന്നത്. എന്നാൽ ഗോതമ്പ് ഉപയോഗിച്ചുള്ള ഈ ബോണ്ട ഒരു വെറൈറ്റിയാണ്. മാവ് കുഴച്ചെടുക്കാനോ, പരത്തിയെടുക്കാനോ ഉള്ള ബുദ്ധിമുട്ടൊന്നുമില്ലാതെ മിനിറ്റുകൾക്കുള്ളിൽ ഇത് തയ്യാറാക്കാമെന്നത് മറ്റൊരു പ്രത്യേകതയാണ്. കുട്ടികൾ മുതൽ മുതിർന്നവർ വരെ എല്ലാവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന ഈ ഗോതമ്പ് ബോണ്ട റെസിപ്പി എങ്ങനെയെന്ന് നോക്കാം.
ALSO READ: തേങ്ങ ചിരകാൻ ഇനി കഷ്ടപ്പെടേണ്ട; എളുപ്പവഴികളും സൂക്ഷിക്കാൻ ചില പൊടിക്കൈകളും
ആവശ്യമായ ചേരുവകൾ:
- ഗോതമ്പുപൊടി – ഒരു കപ്പ്
- പാൽ – ഒരു കപ്പ്
- പഞ്ചസാര – 1/4 കപ്പ്
- കോഴിമുട്ട – ഒരെണ്ണം
- ബേക്കിംഗ് സോഡ – 1/4 ടീസ്പൂൺ
- ഏലക്കാപ്പൊടി – 1/2 ടീസ്പൂൺ
- നാരങ്ങാനീര് – 1/2 ടീസ്പൂൺ
- ഉപ്പ് – ആവശ്യത്തിന്
- എണ്ണ – ആവശ്യത്തിന്
ഗോതമ്പ് ബോണ്ട തയ്യാറാക്കുന്ന വിധം
ഒരു പാത്രത്തിലേക്ക് പഞ്ചസാരയും കോഴിമുട്ടയും തിളപ്പിച്ചാറിയ പാലും ചേർത്ത് അവ നന്നായി അടിച്ചെടുക്കുക. ശേഷം ഇതിലേക്ക് ഗോതമ്പുപൊടിയും ബേക്കിംഗ് സോഡയും ഏലക്കാപ്പൊടിയും രണ്ട് നുള്ള് ഉപ്പും ചേർത്ത് കട്ട കെട്ടാതെ യോജിപ്പിച്ചെടുക്കണം. ഇനി ഇത് മൂടിവെച്ച് 10 മിനിറ്റ് മാറ്റിവെക്കാം. ഈ സമയത്ത് അവ നന്നായി മൃദുവായിക്കിട്ടും. 10 മിനിറ്റിന് ശേഷം തയ്യാറാക്കി വച്ചിരിക്കുന്ന മാവിലേക്ക് അര ടീസ്പൂൺ നാരങ്ങാനീര് ഒഴിച്ച് വീണ്ടും മിക്സ് ചെയ്യുക.
ശേഷം ഒരു പാനിലേക്കോ ചീനചട്ടിയിലേക്കോ എണ്ണയൊഴിച്ച് നന്നായി ചൂടാക്കുക. ബോണ്ട നല്ല റൗണ്ട് ആകൃതിയിൽ കിട്ടുന്നതിനായി ചെറിയൊരു തവി എടുത്ത് എണ്ണയിൽ മുക്കി നന്നായി ചൂടാക്കുക. ഈ ചൂടായ തവിയിലേക്ക് അല്പം എണ്ണയെടുത്ത ശേഷം കുറച്ചു മാവ് ഒഴിക്കാം. അല്ലെങ്കിൽ എണ്ണ ചൂടായ ശേഷം കൈകൊണ്ട് ചെറിയ ഉരുളകളാക്കി മാവ് എണ്ണയിലേക്ക് ഇട്ടാലും മതിയാകും.
മുട്ട ചേർത്തിട്ടുള്ളതിനാൽ പെട്ടെന്ന് മൊരിഞ്ഞുവരാനും അതുപോലെ കരിയാനുമുള്ള സാധ്യതയുണ്ട്. അതിനാൽ ബോണ്ട പാകമാകുന്ന സമയത്ത് അതിൻ്റെ തീ നന്നായി കുറച്ചുവെക്കാൻ ശ്രദ്ധിക്കണം. ബോണ്ട അത്യാവശ്യം വെന്തുവരുമ്പോൾ ചെറുതായി ഇളക്കിക്കൊടുത്താൽ അത് തവിയിൽ നിന്ന് എണ്ണയിലേക്ക് വിട്ടുപോരും. ശേഷം രണ്ട് വശവും നല്ലതുപോലെ വേവിച്ച് കോരിയെടുത്താൽ നല്ല ടേസ്റ്റി ഗോതമ്പ് ബോണ്ട കഴിക്കാം. വൈകുന്നേരം ചായക്കൊപ്പമോ പലഹാരമായോ ഇത് കഴിക്കാവുന്നതാണ്.
English Summary:
Wheat bonda is a fantastic evening snack to enjoy with tea, offering the same delicious taste you find at tea shops. While bondas are typically made using maida.