Constipation: ടോയ്ലറ്റിൽ ഇരിക്കുന്ന രീതി ശരിയല്ലെങ്കിൽ…; മലബന്ധം മാറാൻ ചെയ്യേണ്ടത്
Natural Remedies For Constipation:ആവശ്യത്തിന് നാരുകൾ അടങ്ങിയ ഭക്ഷണം കഴിക്കാത്തത്, ശരീരത്തിൽ ജലാംശം കുറയുന്നത്, വ്യായാമം കുറയുക, മാനസിക സമ്മർദ്ദം എന്നിവയെല്ലാം മലവിസർജ്ജനത്തെ തടയുന്നു.ടോയ്‌ലറ്റിൽ ഇരിക്കുന്ന രീതി മുതൽ കുടിക്കുന്ന വെള്ളത്തിൻ്റെ അളവിലെ വ്യത്യാസം വരെ ഈ അവസ്ഥയെ സ്വാധീനിക്കുന്നു.
കേൾക്കുമ്പോൾ നിസ്സാരമെന്ന് തോന്നും… എങ്കിലും ശാരീരികമായും മാനസികമായും ബുദ്ധിമുട്ടുണ്ടാക്കുന്ന പ്രശ്നമാണ് മലബന്ധം (Constipation). നമ്മുടെ ഭക്ഷണക്രമം മുതൽ ജീവിതശൈലി വരെ മലബന്ധത്തിന് കാരണമാകുന്നവയാണ്. ആവശ്യത്തിന് നാരുകൾ അടങ്ങിയ ഭക്ഷണം കഴിക്കാത്തത്, ശരീരത്തിൽ ജലാംശം കുറയുന്നത്, വ്യായാമം കുറയുക, മാനസിക സമ്മർദ്ദം എന്നിവയെല്ലാം മലവിസർജ്ജനത്തെ തടയുന്നു. അങ്ങനെയെങ്കിൽ ആരോഗ്യകരമായ ഭക്ഷണക്രമത്തിലൂടെയും ജീവിതശൈലിയിലൂടെയും മലബന്ധം തടയാനും നിയന്ത്രിക്കാനും സാധിക്കും.
എയിംസ്, ഹാർവാർഡ്, സ്റ്റാൻഫോർഡ് സർവകലാശാലകളിൽ പരിശീലനം നേടിയ ഗ്യാസ്ട്രോഎൻട്രോളജിസ്റ്റ് ഡോ. സൗരഭ് സേഥി മലബന്ധം ഇല്ലാതാക്കാൻ സാധിക്കുന്ന ചില പൊടികൈകളെക്കുറിച്ച് പറയുന്നു. എവ എന്തെല്ലാമെന്ന് നോക്കാം. ടോയ്‌ലറ്റിൽ ഇരിക്കുന്ന രീതി മുതൽ കുടിക്കുന്ന വെള്ളത്തിൻ്റെ അളവിലെ വ്യത്യാസം വരെ ഈ അവസ്ഥയെ സ്വാധീനിക്കുന്നു.
ടോയ്ലറ്റിൽ ഇരിക്കുന്ന രീതി
ടോയ്ലറ്റിൽ പ്രത്യേകിച്ച് ഇന്ത്യനല്ലെങ്കിൽ, കാലുകൾ നേരെ വച്ച് ഇരിക്കുന്ന രീതി നല്ലതല്ല. ടോയ്‌ലറ്റ് സീറ്റിൽ ഇരിക്കുമ്പോൾ, താഴെ ഒരു സ്റ്റൂളോ മറ്റോ ഉപയോഗിച്ച് കാലുകൾ ഉയർത്തിവയ്ക്കാൻ ശ്രമിക്കണം. കാൽമുട്ടുകൾ നിങ്ങളുടെ ഇടുപ്പിന് മുകളിൽ വരുന്ന രീതിയിലാവണം ഇരിക്കേണ്ടത്. ഇത് ചെയ്യുന്നതിലൂടെ, നിങ്ങൾ അനോറെക്റ്റൽ ആംഗിൾ നേരെയാക്കുകയും ഇത് മലം വളരെ എളുപ്പത്തിൽ പുറത്തുവരാൻ സഹായിക്കുകയും ചെയ്യുന്നു.
Also Read: പാലൂട്ടുമ്പോൾ വേദന ഉണ്ടോ?; പരിഹരിക്കാം, അമ്മമാർ ശ്രദ്ധിക്കണ്ടത് എന്തെല്ലാം
വെള്ളം കുടിക്കുക
ആരോഗ്യകരമായ ദഹനം ഉറപ്പാക്കാൻ ആവശ്യത്തിന് വെള്ളം കുടിക്കേണ്ടത് വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണ്. ദിവസവും കുറഞ്ഞത് എട്ട് ഗ്ലാസ് വെള്ളമെങ്കിലും കുടിക്കുക. ശരീരത്തിൽ ആവശ്യത്തിന് ജലാംശം ഉണ്ടായിരിക്കുമ്പോൾ മലബന്ധം ഉണ്ടാവുകയില്ല. മധുരം ചേർത്ത കാർബണേറ്റഡ് ഡ്രിങ്കുകളോ സോഡകളോ കുടിക്കരുതെന്നും ഡോ. സേഥി നിർദ്ദേശിക്കുന്നു. നിർജ്ജലീകരണം മലബന്ധത്തിന് കാരണമാകുന്ന പ്രധാന ഘടകമാണ്.
വ്യായാമം ചെയ്യുക
അലസമായ ജീവിതശൈലി മലബന്ധത്തിന് വഴിയൊരുക്കുമെന്നത് യാഥാർത്ഥ്യമാണ്. അതിനാൽ ദിവസവും ശാരീരിക വ്യായാമം ചെയ്യുക. കൃത്യമായ ഒരു വ്യായാമരീതി പാലിക്കുന്നത് നിരവധി ഗുണങ്ങൾ ലഭിക്കുന്നു. അതേസമയം, വ്യായാമം കൊണ്ടുമാത്രം മലബന്ധം അകറ്റാൻ സാധിക്കില്ല. എന്നാൽ, മലബന്ധം വരാനുള്ള സാധ്യത കുറയ്ക്കാൻ സാധിക്കുന്നു.
ഭക്ഷണം
നാരുകൾ ധാരാളമടങ്ങിയ ഭക്ഷണം ദിവസവും കഴിക്കുക. ജങ്ക് ഫുഡ് വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങൾ തുടങ്ങിയവ പരമാവധി ഒഴിവാക്കുക. നിങ്ങൾ കഴിക്കുന്ന ഭക്ഷണത്തിൽ ആവശ്യത്തിന് നാരുകൾ ഇല്ലെങ്കിൽ മലബന്ധം വർധിക്കുകയും അതുവഴി വലിയ ആരോഗ്യ പ്രശ്നങ്ങൾ നേരിടേണ്ടി വരികയും ചെയ്യുന്നു.