Newborn Baby Care: നവജാത ശിശുക്കൾ കരയുമ്പോൾ കണ്ണീരില്ല… എന്തുകൊണ്ട്?; കേട്ടിട്ടില്ലാത്ത മറ്റ് ചില കാര്യങ്ങൾ ഇതാ
Newborn Baby Care And Preference: ജനിച്ച് വീണ കുട്ടികളിൽ അവിശ്വസനീയവും അധികം അറിയപ്പെടാത്തതുമായ ചില വസ്തുതകളുണ്ട്. അത്തരത്തിൽ പലർക്കും അറിയാത്ത നവജാത ശിശുക്കളുടെ ആകർഷകമായ ശീലങ്ങളും സ്വഭാവവിശേഷങ്ങളും എന്തെല്ലാമെന്ന് നോക്കാം.
നവജാത ശിശുക്കൾ എന്നും അമ്മമാർക്ക് കൗതുകവും സന്തോഷവും അത്ഭുതവുമാണ്. അവരുടെ ചില ചേഷ്ടകളും എന്തിന് ഒരു ചെറുപുഞ്ചിരി പോലും നമ്മുടെ ഉള്ളിൽ കുളിരേകുന്ന സുഖമാണ് നൽകുന്നത്. എന്നാൽ ജനിച്ച് വീണ കുട്ടികളിൽ അവിശ്വസനീയവും അധികം അറിയപ്പെടാത്തതുമായ ചില വസ്തുതകളുണ്ട്. അത്തരത്തിൽ പലർക്കും അറിയാത്ത നവജാത ശിശുക്കളുടെ ആകർഷകമായ ശീലങ്ങളും സ്വഭാവവിശേഷങ്ങളും എന്തെല്ലാമെന്ന് നോക്കാം.
നവജാത ശിശുക്കൾക്ക് കണ്ണീരില്ല
കുഞ്ഞുങ്ങൾ അവർക്ക് അസ്വസ്ഥകൾ ഉണ്ടാകുമ്പോഴോ വിശക്കുമ്പോഴോ അങ്ങനെ പല കാരണങ്ങൾ കൊണ്ട് കരയാറുണ്ട്. പക്ഷേ നവജാത ശിശുക്കൾ, കരയുമ്പോൾ യഥാർത്ഥത്തിൽ കണ്ണുനീർ വരില്ല. എന്തുകൊണ്ടാണെന്ന് നിങ്ങൾക്ക് അറിയാമോ? കാരണം അവരുടെ കണ്ണുനീർ നാളങ്ങൾ വികസിച്ചുകൊണ്ടിരിക്കുന്നതേയുള്ളൂ. നവജാത ശിശുക്കൾക്ക് അവരുടെ കണ്ണുകൾ വരണ്ടുപോകാതിരിക്കാൻ ആവശ്യമായ ഈർപ്പം ഉത്പാദിപ്പിക്കാൻ കഴിയുമെങ്കിലും, കണ്ണുനീർ വരണമെങ്കിൽ പിന്നെയും ആഴ്ച്ചകളെടുക്കും. ഇനി ശ്രദ്ധിച്ചാൽ നിങ്ങൾക്കത് മനസ്സിലാകും.
300 ഓളം അസ്ഥികൾ
നവജാതശിശുക്കളുടെ ആ ചെറിയ ശരീരത്തിൽ ഏകദേശം 300 അസ്ഥികൾ ഉണ്ട്. അതേസമയം മുതിർന്നവരുടെ ശരീരത്തിൽ 206 അസ്ഥികൾ മാത്രമേയുള്ളൂ. അപ്പോൾ വളരുമ്പോൾ നമ്മുടെ അസ്ഥികൾ എങ്ങോട്ടാണ് പോയത്. കുഞ്ഞ് വളരുന്നതിന് അനുസരിച്ച്, അസ്ഥികൾ പരസ്പരം ലയിക്കുന്നു. ഉദാഹരണത്തിന്, ജനനസമയത്ത് അവരുടെ തലയോട്ടിയിലെ നിരവധി അസ്ഥികൾ വേറിട്ടുനിൽക്കുന്നു. കാലക്രമേണ, ഈ അസ്ഥികൾ പരസ്പരം കൂടിച്ചേരുകയും മുതിർന്നവരിൽ നമ്മൾ കാണുന്ന ഘടന സൃഷ്ടിക്കപ്പെടുകയും ചെയ്യുന്നു.
10,000 രുചി മുകുളങ്ങൾ
നവജാതശിശുക്കളിൽ ഏകദേശം 10,000 രുചി മുകുളങ്ങളാണുള്ളത്. ഇത് മുതിർന്നവരേക്കാൾ വളരെ കൂടുതലാണ് . ഈ രുചി മുകുളങ്ങൾ അവരുടെ നാവിൽ മാത്രമല്ല – അവ അവരുടെ കവിളുകളുടെ ഉൾഭാഗത്തും, വായുടെ മുകൾഭാഗത്തും, തൊണ്ടയിലുമായി കാണപ്പെടുന്നു. അതിലൂടെ അവർക്ക് മധുരം, കയ്പ്പ്, പുളി എന്നിവ വേർതിരിച്ചറിയാൻ സാധിക്കുന്നു, എന്നിരുന്നാലും അവർ മധുരത്തോടാണ് സ്വാഭാവികമായ ഇഷ്ടം കാണിക്കുന്നത്. കുട്ടി വളരുമ്പോൾ, രുചി മുകുളങ്ങളുടെ എണ്ണവും കുറയുന്നു.
ശ്വസിക്കുന്നത്
ചില സന്ദർഭങ്ങളിൽ നവജാതശിശുക്കൾ ശ്വസിക്കുന്നത് നിർത്തുന്നതായി കാണാം. ഇക്കാര്യം അറിയാത്തവർക്ക് ആദ്യം പരിഭ്രാന്തിയുണ്ടാകുമെങ്കിലും കുഞ്ഞുങ്ങളിൽ ഇത് സ്വാഭാവികമാണ്. അവരുടെ ശ്വസനവ്യവസ്ഥ വളർന്നുകൊണ്ടിരിക്കുന്നതാണ്. അതിനാലാണ് ഇങ്ങനൊരു പ്രക്രിയ കാണപ്പെടുന്നത്. ഉറക്കത്തിലാണ് ഏറ്റവും സാധാരണമായി ഇത് കാണുന്നത്. ശ്വസന ഇടവേളകൾ കൂടുതൽ ദൈർഘ്യമുള്ളതായി തോന്നുകയോ മറ്റ് ലക്ഷണങ്ങളോടൊപ്പം വരികയോ ചെയ്താൽ, നിങ്ങൾക്ക് ഡോക്ടറെ സമീപിക്കാവുന്നതാണ്.
വലത്തോട്ട് തിരിഞ്ഞ്
നിങ്ങളുടെ നവജാത ശിശു കിടക്കുമ്പോൾ തല വലത്തേക്ക് തിരിക്കാൻ ഇഷ്ടപ്പെടുന്നത് എപ്പോഴെങ്കിലും ശ്രദ്ധിച്ചിട്ടുണ്ടോ? എങ്കിൽ ഇത് സാധാരണമാണ്. ഏകദേശം 70-85 ശതമാനം കുഞ്ഞുങ്ങളും വലതു വശത്തേക്ക് തിരിഞ്ഞ് കിടക്കാൻ ഇഷ്ടപ്പെടുന്നു. 2017 ലെ ഒരു പഠനം പറയുന്നത് ഇത് അവരുടെ തലച്ചോറിന്റെ വികാസവുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നാണ്. വളരുന്നതിന് അനുസരിച്ച് ഇതിന് മാറ്റം വരുന്നു.