Hair Spa: ബ്യൂട്ടി പാർലറിൽ പോകേണ്ട, ഹെയർ സ്പാ വീട്ടിൽ ചെയ്യാം
മിക്കവരും ബ്യൂട്ടി പാർലറുകളിൽ പോയി ഹെയർ സ്പാ ചെയ്യാറാണ് പതിവ്. എന്നാൽ വലിയ തുക ചിലവാക്കാതെ തന്നെ വീട്ടിലെ ചേരുവകൾ ഉപയോഗിച്ച് നമുക്ക് ഹെയർ സ്പാ ചെയ്യാവുന്നതാണ്.

പ്രതീകാത്മക ചിത്രം
ചർമസംരക്ഷണം പോലെ പ്രധാനമാണ് തലമുടിയുടെ സംരക്ഷണവും. തിളക്കമുള്ളതും ആരോഗ്യവുമുള്ളതുമായ മുടി എല്ലാവരുടെയും സ്വപ്നമാണ്. പക്ഷേ, പൊടിപടലങ്ങളും മുടിയിൽ ഉപയോഗിക്കുന്ന രാസവസ്തുക്കളും മുടിയുടെ സ്വാഭാവിക ഭംഗി നഷ്ടപ്പെടുത്തുന്നു. ഇതിന് പരിഹാരമായി മിക്കവരും ബ്യൂട്ടി പാർലറുകളിൽ പോയി ഹെയർ സ്പാ ചെയ്യാറാണ് പതിവ്. എന്നാൽ വലിയ തുക ചിലവാക്കാതെ തന്നെ വീട്ടിലെ ചേരുവകൾ ഉപയോഗിച്ച് നമുക്ക് ഹെയർ സ്പാ ചെയ്യാവുന്നതാണ്.
ഹെയർ സ്പാ എങ്ങനെ ചെയ്യാം?
എണ്ണ ഉപയോഗിച്ചുള്ള മസാജ്: ഹെയർ സ്പായുടെ ആദ്യ ഘട്ടം മുടിക്ക് പോഷണം നൽകുക എന്നതാണ്. വെളിച്ചെണ്ണയോ ഒലിവ് ഓയിലോ അല്പം ചൂടാക്കി തലയോട്ടിയിലും മുടിയിലും നന്നായി തേച്ചുപിടിപ്പിക്കുക. 15-20 മിനിറ്റ് മൃദുവായി മസാജ് ചെയ്യുന്നത് രക്തയോട്ടം വർദ്ധിപ്പിക്കാനും മുടി വളർച്ചയ്ക്കും സഹായിക്കും.
സ്റ്റീമിംഗ് അഥവാ ആവി പിടിക്കൽ: തലയിൽ തേച്ച എണ്ണ മുടിയുടെ ഉള്ളിലേക്ക് ആഴ്ന്നിറങ്ങാൻ സ്റ്റീമിംഗ് സഹായിക്കും. ഇതിനായി ഒരു ടവ്വൽ ചൂടുവെള്ളത്തിൽ മുക്കി പിഴിഞ്ഞെടുക്കുക. ഈ ടവ്വൽ തലയിൽ 10-15 മിനിറ്റ് ചുറ്റിവെക്കുക. മുടിയുടെ സുഷിരങ്ങൾ തുറക്കാനും ഈർപ്പം നിലനിർത്താനും ഇത് സഹായിക്കും.
ALSO READ: കാൽപാദങ്ങൾ മനോഹരമാക്കാം, വീട്ടിൽ തന്നെ വഴിയുണ്ട്
ഹെയർ വാഷ്: സ്റ്റീമിംഗിന് ശേഷം വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് മുടി കഴുകുക. തണുത്ത വെള്ളമോ അല്ലെങ്കിൽ ഇളം ചൂടുവെള്ളമോ ഉപയോഗിക്കാൻ ശ്രദ്ധിക്കുക. മുടിയിലെ എണ്ണമയം പൂർണ്ണമായും നീക്കം ചെയ്യണം.
ഹെയർ മാസ്ക്: ഹെയർ സ്പായിലെ ഏറ്റവും പ്രധാനപ്പെട്ട ഘട്ടമാണിത്. വീട്ടിൽ തന്നെ നിങ്ങൾക്ക് മികച്ച മാസ്കുകൾ തയ്യാറാക്കാം. മുട്ടയും തൈരും, തേനും വാഴപ്പഴവും ഇതെല്ലാം മാസ്കിന് വേണ്ടി ഉപയോഗിക്കാം. ഈ മാസ്ക് മുടിയിൽ തേച്ചുപിടിപ്പിച്ച് 20-30 മിനിറ്റ് വയ്ക്കുക.
കണ്ടീഷണർ: മാസ്ക് കഴുകിക്കളഞ്ഞ ശേഷം ഒരു നല്ല കണ്ടീഷണർ ഉപയോഗിക്കുക. ഇത് മുടിയുടെ തിളക്കം വർദ്ധിപ്പിക്കും. മുടി ഉണങ്ങുമ്പോൾ ഹീറ്റ് ഡ്രയർ ഉപയോഗിക്കാതെ സ്വാഭാവികമായി ഉണക്കാൻ ശ്രമിക്കുക.