Kerala preterm births: കേരളത്തിൽ മാസം തികയാതെയുള്ള പ്രസവങ്ങൾ വർദ്ധിക്കുന്നു: ഗർഭിണികൾ പാലിക്കേണ്ട മുൻകരുതലുകൾ ഇവ
Kerala sees a surge in preterm births: പല കാരണങ്ങൾ കൊണ്ടാണ് മാസം തികയാതെയുള്ള പ്രസവങ്ങൾ സംഭവിക്കുന്നത്. അതിൽ പ്രധാനം ജീവിത ശൈലിയാണ്. അമിതമായ മാനസിക സമ്മർദ്ദം, ഉത്കണ്ഠ, ഉറക്കക്കുറവ്, പോഷകങ്ങളുടെ കുറവ് എന്നിവ ഇതിൽ പ്രധാനം.
തിരുവനന്തപുരം: സമീപ വർഷങ്ങളിൽ കേരളത്തിൽ മാസം തികയാതെയുള്ള പ്രസവങ്ങളുടെ എണ്ണത്തിൽ വർദ്ധനവുണ്ടായതായി വിവിധ റിപ്പോർട്ടുകൾ പുറത്തു വരുന്നു. ഗർഭകാലം 37 ആഴ്ചകൾ പൂർത്തിയാകും മുമ്പ് നടക്കുന്ന പ്രസവങ്ങളെയാണ് മാസം തികയാതെയുള്ള പ്രസവം എന്ന് പറയുന്നത്. മാസം തികയാതെയുള്ള ജനനം ശിശുക്കളിൽ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാവാം. ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങൾ, ഭാരം കുറയൽ, അണുബാധകൾ, എന്നിവ ഉണ്ടാക്കാം. ഇത് ഒഴിവാക്കാൻ ഗർഭകാല പരിചരണം അത്യന്താപേക്ഷിതമാണ്.
കാരണങ്ങൾ
പല കാരണങ്ങൾ കൊണ്ടാണ് മാസം തികയാതെയുള്ള പ്രസവങ്ങൾ സംഭവിക്കുന്നത്. അതിൽ പ്രധാനം ജീവിത ശൈലിയാണ്. അമിതമായ മാനസിക സമ്മർദ്ദം, ഉത്കണ്ഠ, ഉറക്കക്കുറവ്, പോഷകങ്ങളുടെ കുറവ് എന്നിവ ഇതിൽ പ്രധാനം. പ്രമേഹം, അമിത രക്തസമ്മർദ്ദം, തൈറോയ്ഡ് സംബന്ധമായ പ്രശ്നങ്ങൾ എന്നിവയാണ് മറ്റൊന്ന്. പുകവലി, മദ്യപാനം, ലഹരിവസ്തുക്കളുടെ ഉപയോഗം എന്നിവയും ഗർഭകാലത്ത് പ്രശ്നങ്ങൾക്ക് കാരണമാകും. മുൻപ് മാസം തികയാതെയുള്ള പ്രസവം നടന്നിട്ടുണ്ടെങ്കിൽ വീണ്ടും അതിനുള്ള സാധ്യത കൂടുതലാണ് എന്നും വിദഗ്ധർ പറയുന്നു.
മുൻകരുതലുകൾ
മാസം തികയാതെയുള്ള പ്രസവം പൂർണ്ണമായും തടയാൻ കഴിയില്ലെങ്കിലും, ഉയർന്ന സാധ്യതയുള്ള ഗർഭകാലത്ത് ചില മുൻകരുതലുകൾ സഹായകമാകും. ഗർഭകാല പരിശോധനകളും സ്ക്രീനിംഗുകളും ഒരു കാരണവശാലും ഒഴിവാക്കരുത്. ഗർഭസ്ഥ കാലയളവിലെ ചെറിയ മാറ്റങ്ങൾ പോലും നിർണ്ണായകമാണ്. പ്രോട്ടീൻ, ഇരുമ്പ്, കാൽസ്യം, പച്ചക്കറികൾ, പഴങ്ങൾ, വിറ്റാമിനുകൾ എന്നിവ അടങ്ങിയ സമീകൃതാഹാരം പ്രധാനമാണ്. ജങ്ക് ഫുഡ്, അമിതമായ കാപ്പി, കാർബണേറ്റഡ് പാനീയങ്ങൾ എന്നിവ ഒഴിവാക്കുക. ഡോക്ടറുടെ ഉപദേശപ്രകാരം നേരിയ വ്യായാമങ്ങൾ ചെയ്യാം. കൂടാതെ, നല്ല ഉറക്കവും ആവശ്യത്തിന് വിശ്രമവും ഉറപ്പാക്കണം. സമ്മർദ്ദമുള്ള തൊഴിൽ അന്തരീക്ഷം ഒഴിവാക്കുക. മൂത്രാശയ അണുബാധ, പനി, ചുമ എന്നിവയ്ക്ക് കൃത്യ സമയത്ത് ചികിത്സ തേടുക.
Also read – ബാൽക്കെണിയിൽ ഈ ചെടികൾ വളർത്തിക്കോളൂ… കീടശല്യം പമ്പകടക്കും
ചെറിയ അണുബാധകൾ പോലും മാസം തികയാതെയുള്ള പ്രസവ സാധ്യത വർദ്ധിപ്പിക്കും. പുകവലി, മദ്യപാനം, ലഹരിവസ്തുക്കളുടെ ഉപയോഗം എന്നിവ ഗർഭസ്ഥ ശിശുവിന് ദോഷകരമാവാം. സമ്മർദ്ദവും ഉത്കണ്ഠയും ഗർഭസ്ഥ ശിശുവിനെ ദോഷകരമായി ബാധിക്കും. കൗൺസിലിംഗ്, കുടുംബ പിന്തുണ, ആരോഗ്യകരമായ ജീവിതശൈലി എന്നിവ സഹായകമായേക്കാം.
ഡോക്ടറെ കാണേണ്ടത് എപ്പോൾ?
വേദന, വെള്ളം പോകുക, രക്തസ്രാവം, അല്ലെങ്കിൽ അമിത സമ്മർദ്ദം എന്നിവ നിശ്ചിത സമയത്തിന് മുമ്പ് അനുഭവപ്പെട്ടാൽ ഡോക്ടറെ കാണാൻ മടിക്കരുത്. മാസം തികയാതെയുള്ള പ്രസവത്തിന്റെ സാധ്യത മുൻകൂട്ടി കണ്ടെത്തിയാൽ അമ്മയെയും കുഞ്ഞിനെയും രക്ഷിക്കാനും മികച്ച ജീവിത നിലവാരം ഉറപ്പാക്കാനും സാധിക്കുമെന്ന് വിദഗ്ധർ പറയുന്നു.