Kidney Problems: കാലുകളിൽ നീര് വരുന്നുണ്ടോ? വൃക്കരോഗത്തിൻ്റെ ഈ ലക്ഷണങ്ങൾ അവഗണിക്കരുത്
Kidney Health Warning Signs: വൃക്ക രോഗവുമായി ബന്ധപ്പെട്ട ലക്ഷണങ്ങൾ നേരത്തെ തിരിച്ചറിയുന്നത് പ്രശ്നം വഷളാകുന്നത് തടയുന്നു. കാലുകളിലെ നീര്, അമിത ക്ഷീണം, മൂത്രത്തിലെ നിറ വ്യത്യാസങ്ങൾ എന്നിവ വൃക്കരോഗത്തിൻ്റെ പ്രാരംഭ സൂചനകളാകാം. പ്രമേഹവും അമിത രക്തസമ്മർദ്ദവുമുള്ളവർ പ്രത്യേകം ഇക്കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതാണ്.
ലോകമെമ്പാടുമുള്ള ജനസംഖ്യയുടെ 10 ശതമാനും ആളുകളിലും വിട്ടുമാറാത്ത വൃക്കരോഗം ഉണ്ടെന്നാണ് നാഷണൽ കിഡ്‌നി ഫൗണ്ടേഷൻ്റെ ഡാറ്റ സൂചിപ്പിക്കുന്നത്. നമ്മുടെ ശരീരത്തിലെ അതിപ്രധാനമായ ശുദ്ധീകരണ പ്ലാൻ്റുകളിൽ ഒന്നാണ് വൃക്കകൾ. പലപ്പോഴും പ്രാരംഭ ലക്ഷണങ്ങൾ പ്രകടിപ്പിക്കാത്തതിനാൽ ഈ രോഗാവസ്ഥയെ തിരിച്ചറിയാൻ വൈകുന്നു എന്നതാണ് രോഗികൾ വർദ്ധിക്കാനുള്ള പ്രധാന കാരണം. ശരീരത്തിന്റെ സുഗമമായ പ്രവർത്തനത്തിന് ആരോഗ്യകരമായ വൃക്കകൾ അനിവാര്യമാണ്.
ശരീരത്തിലെ അധികമായ വെള്ളവും വിഷാംശങ്ങളും നീക്കം ചെയ്ത് ദ്രാവക നില കൃത്യമായി നിലനിർത്തുന്നതിൽ വൃക്കകളുടെ പങ്ക് വളരെ വലുതാണ്. വൃക്ക രോഗവുമായി ബന്ധപ്പെട്ട ലക്ഷണങ്ങൾ നേരത്തെ തിരിച്ചറിയുന്നത് പ്രശ്നം വഷളാകുന്നത് തടയുന്നു. കാലുകളിലെ നീര്, അമിത ക്ഷീണം, മൂത്രത്തിലെ നിറ വ്യത്യാസങ്ങൾ എന്നിവ വൃക്കരോഗത്തിൻ്റെ പ്രാരംഭ സൂചനകളാകാം. പ്രമേഹവും അമിത രക്തസമ്മർദ്ദവുമുള്ളവർ പ്രത്യേകം ഇക്കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതാണ്.
ALSO READ: വണ്ണം വെക്കാൻ അഞ്ച് ചേരുവകൾ; ഒരു മാസം കൊണ്ട് അത്ഭുതമാറ്റം ഉറപ്പ്
മൂത്രമൊഴിക്കുമ്പോഴുള്ള മാറ്റങ്ങൾ
പലപ്പോഴും നാം നിസ്സാരമെന്ന് കരുതി തള്ളിക്കളയുന്ന മാറ്റങ്ങൾ വലിയ ആരോഗ്യപ്രശ്നങ്ങളുടെ തുടക്കമായേക്കാം. മൂത്രത്തിലെ നുരയും പതയും വരുന്നത് പ്രത്യേകം ശ്രദ്ധിക്കണം. മൂത്രത്തിലൂടെ അമിതമായി പ്രോട്ടീൻ പുറന്തള്ളപ്പെടുന്നതിൻ്റെ പ്രധാന ലക്ഷണമാണിത്. മറ്റൊന്നാണ് നിറം മാറ്റം. മൂത്രത്തിൽ രക്തത്തിന്റെ സാന്നിധ്യം കണ്ടാൽ ഇത് അണുബാധയോ കല്ലുകളോ മൂലമാകാമെന്നത് ഓർക്കണം. മൂത്രം തീരെ കുറഞ്ഞുപോകുന്നതോ, രാത്രികാലങ്ങളിൽ അമിതമായ മൂത്രശങ്കയോ തോന്നിയാൽ ശ്രദ്ധിക്കണം.
കാലുകളിലെ നീർവീക്കം
കാലുകളിലെ നീർവീക്കം പലപ്പോഴും ക്ഷീണം കൊണ്ടോ ദീർഘനേരം നിൽക്കുന്നത് കൊണ്ടോ ആണെന്ന് കരുതി അവഗണിക്കാറുണ്ട്. എന്നാൽ ഇത് മാറാതെ നിൽക്കുന്നുണ്ടെങ്കിൽ അത് ശരീരത്തിനുള്ളിലെ ഗൗരവകരമായ ആരോഗ്യപ്രശ്നങ്ങളുടെ സൂചനയായി കരുതണം. ശരീരത്തിലെ അധികമുള്ള ഉപ്പും വെള്ളവും പുറന്തള്ളാൻ വൃക്കകൾക്ക് കഴിയാതെ വരുമ്പോൾ കാലുകളിൽ നീര് വരുന്നത് വൃക്കരോഗത്തിൻ്റെ ലക്ഷണമാണ്. ഹൃദയത്തിന് രക്തം പമ്പ് ചെയ്യാൻ ബുദ്ധിമുട്ട് അനുഭവപ്പെടുമ്പോൾ ദ്രാവകം കാലുകളിൽ കെട്ടിനിൽക്കുന്നതും നീരിന് കാരണമാകുന്നു. സിറോസിസ് പോലുള്ള അവസ്ഥകളിൽ ആൽബുമിൻ എന്ന പ്രോട്ടീൻ്റെ കുറവ് മൂലവും കാലിൽ നീര് വരാം.
വിട്ടുമാറാത്ത ക്ഷീണം
രക്തത്തിലെ മാലിന്യങ്ങൾ നീക്കം ചെയ്യാൻ വൃക്കകൾക്ക് കഴിയാതെ വരുമ്പോൾ കഠിനമായ തളർച്ച നിങ്ങൾക്ക് അനുഭവപ്പെട്ടേക്കാം. ഉറക്കകുറവോ ജോലി സമർദ്ദമോ മൂലമുള്ളതാണെന്ന് കരുതി തള്ളികളയരുത്. ശരീരത്തിലെ ഇരുമ്പിന്റെ കുറവ് മൂലം ഓക്സിജൻ ശരിയായി എത്താതെ വരുന്നതും ക്ഷീണമുണ്ടാക്കും. അതുപോലെ തന്നെ ശരീരത്തിലെ തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവർത്തനം കുറയുന്നത് ഉപാപചയ പ്രവർത്തനങ്ങളെ മന്ദഗതയിലാക്കുന്നു. ഇത് നിങ്ങളുടെ ശരീരത്തിന് തുടർച്ചയായ ക്ഷീണത്തിന് കാരണമാകും.