Kidney Stone: കിഡ്ണി സ്റ്റോൺ ഇനിയൊരു പ്രശ്നമാകില്ല…; കാരണങ്ങളും പ്രതിരോധവും അറിഞ്ഞിരിക്കൂ
Kidney Stone Prevention Tips: രോഗനിർണയം വൈകുന്നതും ലക്ഷണങ്ങൾ തള്ളികളയുന്നതും പലരിലും രോഗം വഷളാകാൻ കാരണമാകാറുണ്ട്. അത്തരത്തിൽ കിഡ്ണി സ്റ്റോണിന് കാരണമാകുന്ന ഘടകങ്ങളും അവയെ എങ്ങനെ വളരെ എളുപ്പത്തിൽ പ്രതിരോധിക്കാമെന്നും നമുക്ക് സൂക്ഷ്മമായി പരിശോധിക്കാം.

Kidney Stone
വൃക്കയിലെ കല്ലുകൾ അഥവ കിഡ്ണി സ്റ്റോൺ പലരും നേരിടുന്ന പ്രശ്നമാണ്. സമീപ വർഷങ്ങളിൽ ഈ അവസ്ഥ വളരെ സാധാരണമായി തീർന്നിരിക്കുകയാണ്. പ്രായഭേദമന്യേ എല്ലാവരെയും ബാധിക്കുന്ന സ്ഥിതിയിലേക്കാണ് ഇതിന്റെ വ്യാപനം. തിരക്കേറിയതും ഉയർന്ന സമ്മർദ്ദമുള്ളതുമായ ജീവിതശൈലി നയിക്കുന്ന ചെറുപ്പക്കാർ മുതൽ പ്രായമായവരിൽ വരെ കിഡ്ണി സ്റ്റോൺ കേസുകൾ ക്രമാനുഗതമായി വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്.
രോഗനിർണയം വൈകുന്നതും ലക്ഷണങ്ങൾ തള്ളികളയുന്നതും പലരിലും രോഗം വഷളാകാൻ കാരണമാകാറുണ്ട്. അത്തരത്തിൽ കിഡ്ണി സ്റ്റോണിന് കാരണമാകുന്ന ഘടകങ്ങളും അവയെ എങ്ങനെ വളരെ എളുപ്പത്തിൽ പ്രതിരോധിക്കാമെന്നും നമുക്ക് സൂക്ഷ്മമായി പരിശോധിക്കാം. യശ്വന്ത്പൂർ, ഹെബ്ബാൽ, യെലഹങ്ക എന്നിവിടങ്ങളിലെ സീനിയർ കൺസൾട്ടന്റ് – നെഫ്രോളജിസ്റ്റും ട്രാൻസ്പ്ലാൻറ് ഫിസിഷ്യനുമായ ഡോ. ദീപക് കുമാർ ചിത്രള്ളിയാണ് ഇതേക്കുറിച്ചുള്ള വിവരങ്ങൾ പങ്കുവെക്കുന്നത്.
വൃക്കയിലെ കല്ലുകൾ വർദ്ധിച്ചതിന് കാരണം
1. വർദ്ധിച്ചുവരുന്ന ചൂടും നിർജ്ജലീകരണവും
ആഗോളതാപനം ഒരു സാധാരണ സംഭവമായി മാറിയതോടെ, താപനില ഓരോ വർഷവും നമുക്ക് ചിന്തിക്കാവുന്നതിലും അപ്പുറം വർദ്ധിച്ചുവരികയാണ്. ഉഷ്ണതരംഗങ്ങൾ മനുഷ്യ ശരീരത്തിൽ നിർജ്ജലീകരണത്തിന് പ്രധാന കാരണമായി മാറുകയും ചെയ്തു. ശരീരത്തിന് ആവശ്യമായ വെള്ളം കുടിക്കാതെ വരുമ്പോൾ ഇത് നിർജ്ജലീകരണത്തിനും കല്ലുകൾ രൂപപ്പെടുന്നതിനും കാരണമാകുന്നു.
2. സോഡിയം കൂടുതലുള്ള ഭക്ഷണക്രമം
ഫാസ്റ്റ് ഫുഡ്, പായ്ക്ക് ചെയ്ത ലഘുഭക്ഷണങ്ങൾ, റസ്റ്റോറന്റ് ഭക്ഷണം എന്നിവ കൂടുതലായി കഴിക്കുന്നത് ശരീരത്തിൽ അമിതമായ സോഡിയം എത്തിച്ചേരാനുള്ള കാരണമാണ്. ഉയർന്ന സോഡിയത്തിന്റെ അളവ് മൂത്രത്തിൽ കാൽസ്യം വർദ്ധിപ്പിക്കുകയും വൃക്കയിലെ കല്ലുകൾ ഉണ്ടാകാനുള്ള സാധ്യത ഗണ്യമായി വർദ്ധിപ്പിക്കുകയും ചെയ്യുന്നു.
ALSO READ: വായ എപ്പോഴും വരണ്ടതാണോ? ഇത് പ്രമേഹത്തിൻ്റെ ലക്ഷണമെന്ന് വിദഗ്ധർ
3. പഞ്ചസാര പാനീയങ്ങളുടെ ഉപഭോഗം
കോള, എനർജി ഡ്രിങ്കുകൾ, മധുരമുള്ള ചായ, ജ്യൂസുകൾ എന്നിവ പലരും പ്രധാന ഭക്ഷണമായി മാറ്റിയിരിക്കുന്നു. ഈ പാനീയങ്ങൾ മൂത്രത്തെ അമ്ലമാക്കുകയും കല്ല് രൂപപ്പെടുന്നതിന് കാരണമാകുകയും ചെയ്യുന്നു, പ്രത്യേകിച്ച് ഉയർന്ന ഓക്സലേറ്റ് അളവ് ഉള്ള വ്യക്തികളിൽ.
4. ഉദാസീനമായ ജീവിതശൈലി
ദീർഘനേരം ഇരിക്കുന്നത് മെറ്റബോളിസത്തെ മന്ദഗതിയിലാക്കുകയും ശരീരത്തിലെ കാൽസ്യം സന്തുലിതാവസ്ഥയെ തടസ്സപ്പെടുത്തുകയും കല്ല് രൂപപ്പെടുന്നതിന് കാരണമാവുകയും ചെയ്യുന്നു. വ്യായാമം കുറയുന്നതും മറ്റൊരു കാരണമാണ്.
പ്രതിരോധം
വെള്ളം കുടിക്കുക (പ്രതിദിനം 3–3.5 ലിറ്റർ): ഏറ്റവും ഫലപ്രദമായ പ്രതിരോധ നടപടി എന്തെന്നാൽ ശരീരത്തിൽ ജലാംശം നിലനിർത്തുക എന്നതാണ്. തെളിഞ്ഞതോ ഇളം മഞ്ഞയോ നിറമുള്ള മൂത്രം ശ്രദ്ധയിൽപ്പെട്ടാൽ, നന്നായി വെള്ളം കുടിക്കാൻ ശ്രമിക്കുക.
ഉപ്പിന്റെ അളവ് കുറയ്ക്കുക: ഉപ്പിൻ്റെ അമിത ഉപയോഗം കുറയ്ക്കുക. അതിന് ആദ്യം സംസ്കരിച്ച ഭക്ഷണങ്ങൾ ഒഴിവാക്കുക. സാധ്യമാകുമ്പോഴെല്ലാം വീട്ടിൽ പാകം ചെയ്ത ഭക്ഷണം കഴിക്കാൻ ശ്രമിക്കുക. സോഡിയത്തിന്റെ അളവ് പരിശോധിച്ച് പായ്ക്കറ്റ് ഭക്ഷണങ്ങൾ വാങ്ങിക്കുക.
ആരോഗ്യകരമായ ഭാരം നിലനിർത്തുക: പൊണ്ണത്തടി കല്ല് വരാനുള്ള സാധ്യത വർദ്ധിപ്പിക്കുന്ന ഘടകമാണ്. ദിവസവും 10 മിനിറ്റ് നടത്തം, ആരോഗ്യകരമായ ഭക്ഷണം കഴിക്കൽ തുടങ്ങിയ ജീവിതശൈലി ക്രമീകരണങ്ങൾ കിഡ്ണി സ്റ്റോൺ മാത്രമല്ല പല പ്രശ്നങ്ങളെയും അകറ്റി നിർത്തുന്നു.