Wayanad Poopoli: വയനാടൻ ‘പൂപ്പൊലി’ കാണണ്ടേ: ടിക്കറ്റ് ബുക്കിംഗ്, ബസ് സർവീസുകൾ, വിശദമായി അറിയാം
Wayanad Poopoli Flower Show: 5 ദിവസം നീണ്ടുനിൽക്കുന്ന ഗംഭീര പുഷ്പമേളയിൽ ഡാലിയ, സൂര്യകാന്തി, ഗ്ലാഡിയോലസ്, ആസ്റ്റർ, മാരിഗോൾഡ്, പെറ്റൂണിയ, ഡെൻഫീനിയ, പാൻസി, ട്യൂബ് റോസ്, സാൽവിയ, ഫ്‌ലോക്സ്, ഡയാന്തസ്, ഓർക്കിഡുകൾ, കാക്ടസുകൾ എന്നിവയുടെ പുഷ്‌പോദ്യാനങ്ങൾ, പുഷ്പാലങ്കാരങ്ങൾ എന്നിവ ആസ്വദിക്കാനാകും.
വയനാടിന്റെ വർണോത്സവമായ പൂപ്പൊലിക്ക് നാളെ (ജനുവരി 1 2026) മുതൽ തുടക്കം. 15 ദിവസം നീണ്ടുനിൽക്കുന്ന ഗംഭീര പുഷ്പമേളയിൽ ഡാലിയ, സൂര്യകാന്തി, ഗ്ലാഡിയോലസ്, ആസ്റ്റർ, മാരിഗോൾഡ്, പെറ്റൂണിയ, ഡെൻഫീനിയ, പാൻസി, ട്യൂബ് റോസ്, സാൽവിയ, ഫ്‌ലോക്സ്, ഡയാന്തസ്, ഓർക്കിഡുകൾ, കാക്ടസുകൾ എന്നിവയുടെ പുഷ്‌പോദ്യാനങ്ങൾ, പുഷ്പാലങ്കാരങ്ങൾ എന്നിവ ആസ്വദിക്കാനാകും.
ഈ വർഷം, 350-ലധികം പുഷ്പങ്ങളാണ് മേളയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. 800-ലധികം ഇനങ്ങളുള്ള 2.5 ഏക്കർ റോസ് ഗാർഡൻ, ഒരു ഏക്കർ ഗ്ലാഡിയോലസ് ഗാർഡൻ എന്നിവയും ഇക്കൂട്ടത്തിൽ ഉൾപ്പെടുന്നു. ഇതുകൂടാതെ കാർഷിക ഉപകരണങ്ങൾ, കാർഷിക യന്ത്രങ്ങൾ, വിവിധ ഇനങ്ങളുടെ വിത്തുകൾ, കർഷകരിൽ നിന്നുള്ള ജൈവ ഉൽപന്നങ്ങൾ, കർഷക-ഉൽപാദക സംഘടനകൾ, കമ്പനികൾ എന്നിവയുൾപ്പെടെയുള്ള കാർഷിക ആവശ്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന 200 ഓളം വാണിജ്യ സ്റ്റാളുകളും ഇവിടെ സജ്ജമാക്കിയിട്ടുണ്ട്.
ALSO READ: കോട്ടയത്തിത് പൂക്കാലം…; വീട്ടിലിരിക്കാതെ വേഗം വിട്ടോ, സമയം അറിയാം
സിപ്‌ലൈൻ, ജയന്റ് വീൽ, മെറി-ഗോ-റൗണ്ട്, ചെയർ-സ്വിംഗ്-റൈഡ്, കുട്ടികൾക്കുള്ള കളിസ്ഥലം, വിനോദ കേന്ദ്രങ്ങൾ, മൃഗങ്ങളുടെയും പക്ഷികളുടെയും മേഖല എന്നിവയും പൂപ്പൊലിയിൽ മാറ്റ് കൂട്ടും. വയനാട്ടിലെ അമ്പലവയലിലാണ് പൂപ്പൊലി സ്ഥിതി ചെയ്യുന്നത്. കോഴിക്കോട്-ഊട്ടി റോഡിലെ വടുവൻചാലിൽ നിന്ന് വെറും 9 കിലോമീറ്റർ അകലെയാണിത്. വിനോദ സഞ്ചാര കേന്ദ്രങ്ങൾ ഉൾപ്പെടെയുള്ള മിക്ക സ്ഥലങ്ങളിൽ നിന്നും നിരവധി സ്വകാര്യ, കെഎസ്ആർടിസി ബസുകൾ സർവീസ് നടത്തുന്നുണ്ട്.
കെഎസ്ആർടിസിയുടെ ബജറ്റ് ടൂറിസം സെല്ലിൻ്റെ ഭാഗമായിട്ടുള്ള പ്രത്യേക സർവീസുകളും പുഷ്പമേള നടക്കുന്ന സ്ഥലത്തേക്ക് സർവീസ് നടത്തുന്നുണ്ട്. പൂപ്പൊലിയിലേക്കുള്ള ടിക്കറ്റ് ഉൾപ്പെടുത്തിയാണ് കെഎസ്ആർടിസി സർവീസ് നടത്തുക. രാവിലെ 9 മുതൽ രാത്രി 10 വരെയാണ് ഇവിടേക്കുള്ള സന്ദർശന സമയം. ടിക്കറ്റ് കൗണ്ടറുകൾക്ക് പുറമെ, ഇക്കൊല്ലം മുതൽ സന്ദർശകർക്ക് ഓൺലൈനായും ടിക്കറ്റുകൾ ബുക്ക് ചെയ്യാനാകും.