Kitchen Tips: പുളിക്കാതെ കട്ടിയോടെ തൈര് ദിവസങ്ങളോളം ഇരിക്കും; ഇതാ അടിപൊളി ട്രിക്കുകൾ
How To Make Creamy Curd: തൈര് വാങ്ങി വെച്ചാലോ മണിക്കൂറുകൾക്കകം അത് വെള്ളം പോലെ അയഞ്ഞുപോകുന്നതും അമിതമായി പുളിച്ചുപോകുന്നതും വീട്ടമ്മമാരെ അലട്ടുന്ന പ്രധാന പ്രശ്നമാണ്. എന്നാൽ പാൽ കാച്ചുന്നത് മുതൽ സൂക്ഷിക്കുന്നത് വരെയുള്ള ചില ചെറിയ അടുക്കള വിദ്യകൾ ശ്രദ്ധിച്ചാൽ ഹോട്ടൽ സ്റ്റൈലിൽ നല്ല കട്ടിയുള്ള, പുളിപ്പില്ലാത്ത തൈര് ദിവസങ്ങളോളം കേടുകൂടാതെ ഫ്രിഡ്ജിൽ സൂക്ഷിക്കാം.
വീട്ടിൽ തന്നെ തയ്യാറാക്കാൻ കഴിയാവുന്ന ഒന്നാണ് തൈര്. പക്ഷേ വെള്ളംപോലെ ആകുന്നത് കാരണം പലരും ഇത് ഉണ്ടാക്കാൻ മടിക്കുന്നു. തൈര് വാങ്ങി വെച്ചാലോ മണിക്കൂറുകൾക്കകം അത് വെള്ളം പോലെ അയഞ്ഞുപോകുന്നതും അമിതമായി പുളിച്ചുപോകുന്നതും വീട്ടമ്മമാരെ അലട്ടുന്ന പ്രധാന പ്രശ്നമാണ്. എന്നാൽ പാൽ കാച്ചുന്നത് മുതൽ സൂക്ഷിക്കുന്നത് വരെയുള്ള ചില ചെറിയ അടുക്കള വിദ്യകൾ ശ്രദ്ധിച്ചാൽ ഹോട്ടൽ സ്റ്റൈലിൽ നല്ല കട്ടിയുള്ള, പുളിപ്പില്ലാത്ത തൈര് ദിവസങ്ങളോളം കേടുകൂടാതെ ഫ്രിഡ്ജിൽ സൂക്ഷിക്കാം.
ALSO READ: പാൽപ്പാട കളയല്ലേ… ശുദ്ധമായ നെയ്യ് വീട്ടിൽ തന്നെ തയ്യാറാക്കാം
തൈര് കട്ടിയായി കിട്ടാൻ ശ്രദ്ധിക്കേണ്ടത്
പാൽ വറ്റിച്ചെടുക്കുക: വെള്ളം ചേർക്കാത്ത നല്ല കട്ടിയുള്ള പശുവിൻ പാൽ വേണം തൈരുണ്ടാക്കുന്നതിനായി തിരഞ്ഞെടുക്കാൻ. പാൽ തിളച്ചുതുടങ്ങിയ ഉടൻ തീ കുറച്ച് 5-10 മിനിറ്റ് ചെറുതീയിൽ വറ്റിച്ചെടുക്കാൻ ശ്രദ്ധിക്കണം. പാലിലെ ജലാംശം കുറയുന്നത് തൈരിന് സ്വാഭാവിക കട്ടി നൽകും.
പാലിന്റെ കൃത്യമായ ചൂട്: പാൽ നന്നായി തിളച്ച ശേഷം തണുക്കാൻ അനുവദിക്കുക. വിരൽ മുക്കിയാൽ പൊള്ളാത്ത പാകത്തിനുള്ള ചൂട് ഉണ്ടാവുകയും വേണം. പാൽ നല്ല ചൂടോടെയോ അല്ലെങ്കിൽ തണുത്ത ശേഷമോ ഉറയൊഴിച്ചാൽ തൈര് കട്ടയാകില്ല, പകരം വെള്ളം തെളിഞ്ഞു വരുന്നത് കാണാം.
മൺപാത്രങ്ങളുടെ ഉപയോഗം: തൈര് ഉറയൊഴിക്കാൻ പ്ലാസ്റ്റിക് അല്ലെങ്കിൽ സ്റ്റീൽ പാത്രങ്ങൾക്ക് പകരം മൺപാത്രങ്ങൾ ഉപയോഗിക്കുന്നതാണ് ഏറ്റവും നല്ലത്. മൺപാത്രം പാലിലെ അമിതമായ ഈർപ്പം വലിച്ചെടുക്കുന്നതിനാൽ തൈരിന് നല്ല കട്ടി ലഭിക്കും. അതുകൊണ്ട് ഇനി ഉറയൊഴിക്കുമ്പോൾ മൺപാത്രങ്ങളിൽ ചെയ്യാൻ ശ്രദ്ധിക്കണം.
ഉറ ഒഴിക്കുന്നതിൻ്റെ അളവ്: അല്പം പോലും പുളിയില്ലാത്ത, കട്ടിയുള്ള പഴയ തൈര് വേണം ഉറയൊഴിക്കാനായി എടുക്കാൻ. ഒരു ലിറ്റർ പാലിലേക്ക് ഒന്ന് അല്ലെങ്കിൽ രണ്ട് ചെറിയ സ്പൂൺ ഉറ തൈര് മാത്രം ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. ഉറ കൂടുതൽ കൂടിയാലും തൈര് വേഗം പുളിച്ചുപോകും.
ഫ്രിഡ്ജിലേക്ക് മാറ്റേണ്ട സമയം: ഉറയൊഴിച്ച പാത്രം അനക്കാതെ 6-8 മണിക്കൂർ വെച്ച് തൈര് നന്നായി കട്ടയായി കഴിഞ്ഞാൽ ഉടൻ തന്നെ ഫ്രിഡ്ജിലേക്ക് മാറ്റേണ്ടതാണ്. പുറത്തുതന്നെ വെച്ചാൽ ബാക്ടീരിയകളുടെ പ്രവർത്തനം കൂടി തൈര് കൂടുതൽ പുളിച്ചുപോകും.
തൈര് ഫ്രിഡ്ജിൽ വയ്ക്കേണ്ടത്
തൈര് എപ്പോഴും ഫ്രിഡ്ജിന്റെ മുകളിലത്തെ തട്ടിലോ അല്ലെങ്കിൽ പ്രധാന ഷെൽഫുകളിലോ സൂക്ഷിക്കുക. ഫ്രിഡ്ജിന്റെ ഡോർ റാക്കുകളിൽ വെക്കരുത്. ഡോർ ഇടയ്ക്കിടെ തുറക്കുമ്പോൾ ഊഷ്മാവിൽ മാറ്റം വരുന്നത് തൈര് വേഗം കേടാകാൻ കാരണമാകും. അതുപോലെ തന്നെ തൈര് എപ്പോഴും അടപ്പുള്ള നല്ല ഗ്ലാസ്, സ്റ്റെയിൻലെസ്സ് സ്റ്റീൽ അല്ലെങ്കിൽ മൺപാത്രങ്ങളിൽ സൂക്ഷിക്കുക. ഫ്രിഡ്ജിലെ മറ്റ് ഭക്ഷണസാധനങ്ങളുടെ മണം തൈരിലേക്ക് പിടിക്കാതിരിക്കാൻ ഇത് സഹായിക്കും. തൈര് കോരിയെടുക്കാൻ എപ്പോഴും ഉണങ്ങിയ സ്പൂൺ ഉപയോഗിക്കുക. ഈർപ്പമുള്ള സ്പൂൺ ഉപയോഗിച്ചാൽ തൈരിൽ പൂപ്പൽ വരാനും രുചി മാറാനും സാധ്യതയേറെയാണ്.
English Summary:
Discover essential kitchen hacks, dairy-style setting techniques, and proper refrigerator storage tips to keep your curd thick and fresh for days right here .