Monsoon Health: മഴക്കാലത്തെ ദഹനക്കേടും ഗ്യാസും; ഒഴിവാക്കേണ്ട പ്രധാന ഭക്ഷണങ്ങൾ ഇവയാണ്
Monsoon Healthcare Tips: മഴക്കാലത്ത് ചില ഭക്ഷണങ്ങൾ നമ്മുടെ വയറിന് അത്ര നല്ലതാവണമെന്നില്ല. അതറിഞ്ഞ് കഴിച്ചില്ലെങ്കിൽ നമ്മൾ കരുതുന്നതിലും അപ്പുറം ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായേക്കാം. മഴക്കാലത്ത് നമ്മുടെ അന്തരീക്ഷ താപനില കുറയുമ്പോൾ ശരീരത്തിന്റെ ദഹനപ്രക്രിയ പതുക്കെയാകുന്നു. അതിനാൽ നമ്മൾ കഴിക്കുന്ന ചില ഭക്ഷണങ്ങൾ പെട്ടെന്ന് ദഹിക്കാതെ വരികയും വൻതോതിൽ ഗ്യാസ് പ്രശ്നങ്ങൾക്ക് കാരണമാകുകയും ചെയ്യും.
മഴ പെയ്തു തുടങ്ങിയാൽ ചൂടു ചായയും വറുത്ത പലഹാരങ്ങളും കഴിക്കാൻ ഇഷ്ടപ്പെടുന്നവരാണ് നമ്മളെല്ലാവരും. എന്നാൽ പലരെയും ഈ സമയത്ത് അലട്ടുന്ന പ്രധാന പ്രശ്നമാണ് വയർ വീർക്കൽ, അസിഡിറ്റി, ഗ്യാസ്, ദഹനക്കേട് എന്നിവ. മഴക്കാലത്ത് ചില ഭക്ഷണങ്ങൾ നമ്മുടെ വയറിന് അത്ര നല്ലതാവണമെന്നില്ല. അതറിഞ്ഞ് കഴിച്ചില്ലെങ്കിൽ നമ്മൾ കരുതുന്നതിലും അപ്പുറം ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായേക്കാം. മഴക്കാലത്ത് നമ്മുടെ അന്തരീക്ഷ താപനില കുറയുമ്പോൾ ശരീരത്തിന്റെ ദഹനപ്രക്രിയ പതുക്കെയാകുന്നു. അതിനാൽ നമ്മൾ കഴിക്കുന്ന ചില ഭക്ഷണങ്ങൾ പെട്ടെന്ന് ദഹിക്കാതെ വരികയും വൻതോതിൽ ഗ്യാസ് പ്രശ്നങ്ങൾക്ക് കാരണമാകുകയും ചെയ്യും. ഈ മഴക്കാലത്ത് വയറിന് പണി തരാൻ സാധ്യതയുള്ള, നിങ്ങൾ ഒഴിവാക്കേണ്ട ഭക്ഷണങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം.
ALSO READ: ഫോൺ സ്ക്രോളിംഗ് പ്രമേഹത്തിന് കാരണമാകുമോ? നിങ്ങൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
വറുത്തതും എണ്ണമയമുള്ളതുമായ പലഹാരങ്ങൾ
നല്ല മഴയുള്ളപ്പോൾ നമ്മൾ കഴിക്കുന്ന ബജ്ജി, ബോണ്ട, സമോസ, പക്കോഡ എന്നിവ നാവിന് രുചി നൽകുമെങ്കിലും വയറിന് അത്ര ഗുണകരമല്ല. കാരണം എണ്ണമയമുള്ള ഭക്ഷണങ്ങൾ ദഹിക്കാൻ കൂടുതൽ സമയം ആവശ്യമാണ്. മന്ദഗതിയിലായ ദഹനവ്യവസ്ഥയുള്ള മഴക്കാലത്ത് ഇവ ദഹിക്കാതെ വരുമ്പോൾ വയറ്റിൽ അസിഡിറ്റിയും ഗ്യാസും പുളിച്ചുതികട്ടലും ഉണ്ടാകുകയും വലിയ അസ്വസ്ഥതകൾ അനുഭവിക്കേണ്ടി വരികയും ചെയ്യുന്നു.
പയറുവർഗ്ഗങ്ങളും കിഴങ്ങുകളും
കടല, വൻപയർ, പരിപ്പ്, ചെറുപയർ, ഉരുളക്കിഴങ്ങ്, ചേമ്പ് എന്നിവ പൊതുവെ ഗ്യാസിന് കാരണമാകുന്ന ഭക്ഷണങ്ങളാണ്. ഇവയിൽ അടങ്ങിയിരിക്കുന്ന സങ്കീർണ്ണമായ കാർബോഹൈഡ്രേറ്റുകൾ ദഹിപ്പിക്കാൻ കുടലിന് കൂടുതൽ അധ്വാനം ഈ സമയത്ത് ആവശ്യമാണ്. മഴക്കാലത്ത് ഇവ അമിതമായി കഴിക്കുന്നത് വയർ വീർക്കലിനും വയറുവേദനയ്ക്കും കാരണമാകും. മിതമായ അളവിൽ കഴിക്കുന്നതുകൊണ്ട് കുഴപ്പമില്ല.
കാബേജ്, കോളിഫ്ലവർ, ബ്രൊക്കോളി
ആരോഗ്യത്തിന് നല്ലതാണെങ്കിലും മഴക്കാലത്ത് കാബേജ്, കോളിഫ്ലവർ, ബ്രൊക്കോളി അമിതമായി കഴിക്കുന്നത് കുറയ്ക്കുന്നതാണ് നല്ലത്. ഇവയിൽ ‘റാഫിനോസ്’ എന്ന കോംപ്ലക്സ് ഷുഗർ അടങ്ങിയിട്ടുണ്ട്. ഇത് ദഹിക്കാൻ പ്രയാസമുള്ളതു കൊണ്ട് കുടലിലെത്തുമ്പോൾ വൻതോതിൽ ഗ്യാസ് ഉത്പാദിപ്പിക്കുന്നു. കൂടാതെ ഇലക്കറികളിലും കാബേജിലും മഴക്കാലത്ത് ബാക്ടീരിയകളും പ്രാണികളുടെ മുട്ടകളും ഉണ്ടാകാൻ സാധ്യത കൂടുതലാണ്. അതിനാൽ കഴിക്കുന്നതിന് മുമ്പായി നന്നായി വൃത്തിയാക്കാൻ മറക്കരുത്.
ചായ/കാപ്പിയും
മഴക്കാലത്ത് തണുപ്പ് മാറ്റാൻ പലരും ചായയും കാപ്പിയും ധാരാളമായി കുടിക്കുന്നത് കാണാറുണ്ട്. ചിലർ ദഹിക്കാൻ വേണ്ടി സോഡയോ മറ്റ് സോഫ്റ്റ് ഡ്രിങ്കുകളോ കുടിക്കും. കാർബണേറ്റഡ് പാനീയങ്ങളിലെ ഗ്യാസ് വയറ്റിലെ അസ്വസ്ഥതകൾ ഇരട്ടിയാക്കുന്നു. ചായയിലെയും കാപ്പിയിലെയും കഫീൻ വയറ്റിലെ ആസിഡ് ഉത്പാദനം കൂട്ടി അസിഡിറ്റി ഉണ്ടാക്കുന്നു.
ഗ്യാസ് വരാതിരിക്കാൻ ചെയ്യേണ്ടത്
മഴക്കാലത്ത് ദഹനശക്തി കൂട്ടാൻ ഏറ്റവും നല്ലത് തിളപ്പിച്ചാറിയ ചെറുചൂടുവെള്ളം ഇടയ്ക്കിടെ കുടിക്കുന്നതാണ്. ഇത് ദഹനപ്രക്രിയ വേഗത്തിലാക്കും.
ഗ്യാസ് ഉണ്ടാക്കാൻ സാധ്യതയുള്ള ഭക്ഷണങ്ങൾ പാകം ചെയ്യുമ്പോൾ കായം, ഇഞ്ചി, വെളുത്തുള്ളി, ജീരകം എന്നിവ കൂടുതലായി ചേർക്കുക.
രാത്രി സമയത്ത് എളുപ്പം ദഹിക്കുന്ന കഞ്ഞി, സൂപ്പ്, ഇഡ്ഡലി തുടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നതാണ് നല്ലത്. ഉറങ്ങുന്നതിന് 2 മണിക്കൂർ മുൻപെങ്കിലും ഭക്ഷണം കഴിക്കുക.
വയറ്റിൽ ഗ്യാസ് നിറഞ്ഞ് അസ്വസ്ഥത തോന്നുമ്പോൾ അല്പം ജീരകവും ചെറിയ കഷ്ണം ഇഞ്ചിയും ഇട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് നല്ലതാണ്.
English SUmmary:
In a rainy season, some foods triggers gastric, bloating and stomach issues. In this situation we dont eat junk foods, oily items and avoide excess use of tea coffee. Here is the prevention tips and how to maintain health in monsoon.