Tomato Farming: ഓണസദ്യയ്ക്ക് തക്കാളി വീട്ടിൽ തന്നെ കൃഷി ചെയ്താലോ…. കീടങ്ങളെ അകറ്റാനും വഴിയുണ്ട്!
Tomato Farming Tips: വിപണിയിൽ പണം കൊടുത്ത് പച്ചക്കറികൾ വാങ്ങുമ്പോൾ അവ എത്രത്തോളം ശുദ്ധമാണെന്ന് പോലും നമുക്ക് ഉറപ്പിച്ച് പറയാൻ കഴിയില്ല. ഈ ഓണത്തിനെങ്കിലും മാറി ചിന്തിച്ചുകൂടെ... ഇത്തവണ ഓണസദ്യക്ക് വേണ്ടിയുള്ള പച്ചക്കറി നമ്മുടെ വീട്ടിൽ തന്നെ ഒരുക്കിയാലോ? ആദ്യപടിയായി തക്കാളി തന്നെ കൃഷി ചെയ്യാം....
ഓണത്തിന് ഇനി ഒരു മാസമാണ് ബാക്കി. പൂക്കളം ഒരുക്കാനും കുടുംബവുമായി അടിച്ചുപൊളിക്കാനും എല്ലാവരും കാത്തിരിക്കുകയാണ്. എന്നാൽ, ഓണക്കാലത്ത് എപ്പോഴും പ്രധാനി ഓണസദ്യ തന്നെയാണ്. കറികളും പായസവുമൊക്കെയായി ഓണസദ്യ പൊലിപ്പിക്കാൻ നാം അന്യസംസ്ഥാനങ്ങളെയാണ് ആശ്രയിക്കുന്നത്. വിപണിയിൽ പണം കൊടുത്ത് പച്ചക്കറികൾ വാങ്ങുമ്പോൾ അവ എത്രത്തോളം ശുദ്ധമാണെന്ന് പോലും നമുക്ക് ഉറപ്പിച്ച് പറയാൻ കഴിയില്ല. ഈ ഓണത്തിനെങ്കിലും മാറി ചിന്തിച്ചുകൂടെ… ഇത്തവണ ഓണസദ്യക്ക് വേണ്ടിയുള്ള പച്ചക്കറി നമ്മുടെ വീട്ടിൽ തന്നെ ഒരുക്കിയാലോ? ആദ്യപടിയായി തക്കാളി തന്നെ കൃഷി ചെയ്യാം….
തക്കാളി കൃഷി എങ്ങനെ?
അനുയോജ്യമായ ഇനങ്ങൾ തിരഞ്ഞെടുക്കുക എന്നതാണ് ആദ്യപടി. കേരളത്തിന്റെ കാലാവസ്ഥയ്ക്ക് അനുയോജ്യമായതും രോഗാണുക്കളെ പ്രതിരോധിക്കുന്നതുമായ ഇനങ്ങൾ തിരഞ്ഞെടുക്കാം. ശക്തി, അനഘ, മനുലക്ഷ്മി, വെള്ളായണി വിജയ്, മുക്തി പോലുള്ളവ തക്കാളി കൃഷിക്ക് നല്ലതാണ്. തക്കാളി വിത്തുകൾ നേരിട്ട് നടുന്നതിന് പകരം പാകി മുളപ്പിച്ചു വേണം നടാൻ. പ്രോട്രേകളിലോ ചെറിയ ചട്ടികളിലോ ചകിരിച്ചോറും അല്പം കമ്പോസ്റ്റ് വളവും നിറച്ച് വിത്ത് പാകുക. വിതറി 4-5 ദിവസത്തിനകം വിത്ത് മുളയ്ക്കും.
ALSO READ: ഈ ചെടികൾ നടാൻ മണ്ണ് വേണ്ട; എന്നും പരിചരിക്കേണ്ട ആവശ്യവും ഇല്ല!
തൈകൾക്ക് 4-5 ഇലകൾ വരികയോ അല്ലെങ്കിൽ ഏകദേശം 25-30 ദിവസം പ്രായമാവുകയോ ചെയ്യുമ്പോൾ മാറ്റി നടാം. വൈകുന്നേരങ്ങളിൽ നടുന്നതാണ് തൈകൾ വാടിപ്പോകാതിരിക്കാൻ നല്ലത്. ശേഷം മണ്ണൊരുക്കി, ഗ്രോബാഗിലോ ചട്ടികളിലോ നിലത്തോ തക്കാളി നടാം. നല്ല നീർവാർച്ചയുള്ള മണ്ണായിരിക്കണം.
മേൽമണ്ണ്, ചാണകപ്പൊടി അല്ലെങ്കിൽ കമ്പോസ്റ്റ്, ചകിരിട്ടോറ് എന്നിവ തുല്യ അളവിൽ കലർത്തി മണ്ണൊരുക്കാം. മണ്ണിലെ അസിഡിറ്റി കുറയ്ക്കാനും രോഗങ്ങൾ തടയാനും അല്പം കുമ്മായം, അടിവളമായി ഒരു പിടി വേപ്പിൻപിണ്ണാക്ക് എന്നിവ മണ്ണിൽ ചേർത്ത് ഇളക്കുന്നതും വളരെ നല്ലതാണ്.
തക്കാളി കൃഷി – പരിചരണം
തക്കാളിക്ക് കൃത്യമായ നനവ് ആവശ്യമാണ്. എന്നാൽ വെള്ളം കെട്ടിനിൽക്കാൻ അനുവദിക്കരുത്. വെള്ളം അമിതമാകുന്നത് വേര് ചീയാൻ കാരണമാകും. വേനൽക്കാലത്ത് ദിവസവും രണ്ടുനേരം നനയ്ക്കാം. തക്കാളി വളർന്നു വരുമ്പോൾ ചെടിയുടെ ഭാരം കാരണം മറിഞ്ഞു വീഴാൻ സാധ്യതയുണ്ട്. അതുകൊണ്ട് ചെടിക്ക് അര അടി നീളമാകുമ്പോൾ തന്നെ ഒരു കമ്പുനാട്ടി കയറുകൊണ്ട് അയച്ചു കെട്ടി താങ്ങ് നൽകണം.
ചെടി നട്ട് രണ്ടാഴ്ചയ്ക്ക് ശേഷം വളം നൽകിത്തുടങ്ങാം. ആഴ്ചയിലൊരിക്കൽ നേർപ്പിച്ച ചാണകവെള്ളം, ജീവാമൃതം, അല്ലെങ്കിൽ ഫിഷ് അമിനോ ആസിഡ് എന്നിവ ഒഴിച്ചുകൊടുക്കാം. ചെടി പൂവിട്ടു തുടങ്ങുമ്പോൾ ചുവട്ടിൽ അല്പം ചാരം വിതറുന്നത് കായ്ഫലം കൂട്ടാൻ സഹായിക്കും.
രോഗപ്രതിരോധം
പെട്ടെന്ന് ചെടി മുഴുവനായി വാടിപ്പോകുന്ന രോഗമായ ബാക്ടീരിയൽ വാട്ടം തക്കാളിക്ക് വരാൻ സാധ്യതയേറെയാണ്. ഇത് വരാതിരിക്കാൻ നടുന്നതിന് മുൻപ് മണ്ണിൽ കുമ്മായം ചേർക്കുക. ആഴ്ചയിലൊരിക്കൽ സുഡോമോണാസ് ലായനി 20 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ കലക്കി ഒഴിച്ചുകൊടുക്കുന്നത് ഈ രോഗത്തെ തടയും. ഇലകൾ ചുരുണ്ടുപോകുന്നതിനും കായ ചീഞ്ഞുപോകുന്നതിനും കാരണമാകുന്ന കീടങ്ങളെ അകറ്റാൻ വേപ്പെണ്ണ-വെളുത്തുള്ളി മിശ്രിതം അല്ലെങ്കിൽ സോപ്പ് ലായനി ആഴ്ചയിലൊരിക്കൽ ഇലകളുടെ ഇരുവശത്തും തളിക്കാനും മറക്കരുത്.
English Summary:
Tomato cultivation is more successful in Kerala when disease-resistant varieties suited to the local climate are selected. Popular varieties such as Shakthi, Anagha, Manulakshmi, Vellayani Vijay, and Mukthi are recommended.