Snake Alert: വിറക് പുര മുതൽ ഷൂസ് വരെ… പാമ്പുകൾ എവിടെയും പതിയിരിക്കാം, സുരക്ഷാ നിർദ്ദേശങ്ങൾ ഇതാ
Snake Bite Safety in Summer: വീടിനോട് ചേർന്ന് വെച്ചിട്ടുള്ള വിറക്, തൊണ്ട്, ചിരട്ട, പഴയ ചെടിച്ചട്ടികൾ എന്നിവയ്ക്കടിയിൽ പാമ്പുകൾ പതിയിരിക്കാൻ സാധ്യതയുണ്ട്. ഇത്തരം സ്ഥലങ്ങളിൽ പരിശോധന നടത്തുമ്പോൾ അതീവ ജാഗ്രത പാലിക്കണം.കൂടാതെ വീട്ടിനുള്ളിൽ വളർത്തുന്ന വളർത്തുപൂച്ചകൾ പാമ്പുകളെ പിടികൂടി വീടിനുള്ളിലേക്കോ കിടക്കയ്ക്കരികിലോ അടുക്കളയിലോ കൊണ്ടുവന്നിടാൻ സാധ്യതയുണ്ട്. പൂച്ചകളുടെ നീക്കങ്ങൾ നിരീക്ഷിക്കുന്നത് നന്നായിരിക്കും. മുറ്റത്തോ പരിസരത്തോ ഭക്ഷണാവശിഷ്ടങ്ങൾ വലിച്ചെറിയരുത്.
സംസ്ഥാനത്ത് കടുത്ത വേനൽ തുടരുന്നതിനിടെ പാമ്പുകടിയേറ്റുള്ള അപകടങ്ങൾ വർധിക്കുന്നതായാണ് റിപ്പോർട്ട്. ഇതിൽ ഏറ്റവും ഒടുവിൽ കേട്ടതാണ് ചിറയൻകീഴിൽ വീട്ടിനുള്ളിൽ ഉറങ്ങിക്കിടന്ന രണ്ടാം ക്ലാസുകാരൻ പാമ്പുകടിയേറ്റ് മരിച്ചത്. ആഴൂർ മൂലയിൽ വീട്ടിൽ ദിലീപ് – അനു ദമ്പതികളുടെ മകൻ ദിക്ഷൽ ആണ് മരിച്ചത്.
ഇന്നലെ രാത്രി മാതാപിതാക്കളോടൊപ്പം ഉറങ്ങാൻ കിടന്നതായിരുന്നു ദിക്ഷൽ. ഇന്ന് പുലർച്ചെ കാലിൽ എന്തോ കടിച്ചെന്ന് പറഞ്ഞ് കുട്ടി കരഞ്ഞുകൊണ്ട് ഉണരുകയായിരുന്നു. രക്ഷിതാക്കൾ ഉടൻ തന്നെ കുട്ടിയെ അടുത്തുള്ള ആശുപത്രിയിൽ എത്തിക്കുകയും പ്രാഥമിക ചികിത്സയ്ക്ക് ശേഷം വിദഗ്ധ ചികിത്സയ്ക്കായി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഈ സംഭവത്തോടെ സംസ്ഥാനത്ത് വീണ്ടും പാമ്പുകടി ഒഴിവാക്കാൻ ചെയ്യേണ്ടതും ശ്രദ്ധിക്കേണ്ട കാര്യങ്ങളും വീണ്ടും ചർച്ചയാകുന്നു.
എന്തുകൊണ്ട് പാമ്പുകൾ വീടിനുള്ളിലെത്തുന്നു?
കടുത്ത ചൂട് സഹിക്കവയ്യാതെ തണുപ്പ് തേടിയാണ് ഇഴജന്തുക്കൾ ജനവാസമേഖലകളിലേക്കും വീടുകൾക്കകത്തേക്കും എത്തുന്നത്. വീടിനോട് ചേർന്നുള്ള സുരക്ഷിതമായ ഇടങ്ങൾ പാമ്പുകൾ താവളമാക്കുന്നു. ചൂട് കടുക്കും തോറും വീടിനുള്ളിലേക്കും ഇവർ കടക്കും. സുഖകരമായ അവയുടെ സ്ഥാനത്തിനു മാറ്റം വരുത്താൻ ശ്രമിക്കുകയോ ഉപദ്രവിക്കുകയോ മാർഗ തടസം വരുത്തുകയോ ചെയ്താലാണ് ആക്രമണം നടക്കുക.
Also Read – പാമ്പുകടിയേറ്റാൽ ആദ്യം ചെയ്യേണ്ടത്
വീട്ടമ്മമാരും രക്ഷിതാക്കളും ശ്രദ്ധിക്കാൻ
വീടിനോട് ചേർന്ന് വെച്ചിട്ടുള്ള വിറക്, തൊണ്ട്, ചിരട്ട, പഴയ ചെടിച്ചട്ടികൾ എന്നിവയ്ക്കടിയിൽ പാമ്പുകൾ പതിയിരിക്കാൻ സാധ്യതയുണ്ട്. ഇത്തരം സ്ഥലങ്ങളിൽ പരിശോധന നടത്തുമ്പോൾ അതീവ ജാഗ്രത പാലിക്കണം.കൂടാതെ വീട്ടിനുള്ളിൽ വളർത്തുന്ന വളർത്തുപൂച്ചകൾ പാമ്പുകളെ പിടികൂടി വീടിനുള്ളിലേക്കോ കിടക്കയ്ക്കരികിലോ അടുക്കളയിലോ കൊണ്ടുവന്നിടാൻ സാധ്യതയുണ്ട്. പൂച്ചകളുടെ നീക്കങ്ങൾ നിരീക്ഷിക്കുന്നത് നന്നായിരിക്കും. മുറ്റത്തോ പരിസരത്തോ ഭക്ഷണാവശിഷ്ടങ്ങൾ വലിച്ചെറിയരുത്. ഇത് എലികളെ ആകർഷിക്കുകയും, എലികളെ പിടികൂടാൻ പാമ്പുകൾ വീടിന് സമീപം എത്തുകയും ചെയ്യും.
പ്രധാന മുൻകരുതലുകൾ
- വീടും പരിസരവും സദാ വൃത്തിയായി സൂക്ഷിക്കുക. മുറ്റത്തെയും നടപ്പുവഴിയിലെയും കാടുപടലങ്ങളും ചപ്പുചവറുകളും നീക്കം ചെയ്യുക.
- വാതിലിന് താഴെയുള്ള ഇടുങ്ങിയ വിടവുകളിലൂടെ പാമ്പുകൾ അകത്തുകടക്കാം. രാത്രിയിൽ ഇവ അടച്ചുറപ്പുള്ളതാണെന്ന് ഉറപ്പാക്കുക. എയർഹോളുകൾ വഴി പാമ്പുകൾ വരാതിരിക്കാൻ നെറ്റുകൾ ഉപയോഗിക്കാം.
- കെട്ടിടത്തിന് മുകളിലേക്ക് വളർന്നുനിൽക്കുന്ന മരക്കൊമ്പുകൾ വെട്ടിമാറ്റുക. വള്ളിച്ചെടികൾ വഴി ജനലുകളിലേക്ക് പാമ്പുകൾ കയറാൻ സാധ്യതയുണ്ട്.
- ഡ്രെയിനേജ് പൈപ്പുകൾ ശരിയായി മൂടി സംരക്ഷിക്കുക. തുറന്ന പൈപ്പുകൾ പാമ്പുകൾക്ക് വീടിനുള്ളിലേക്കുള്ള എളുപ്പവഴിയാണ്.
- രാത്രിയിൽ വെളിച്ചമില്ലാതെ പുറത്തിറങ്ങരുത്. ടോർച്ചോ മറ്റ് വെളിച്ചമോ ഉപയോഗിക്കുന്നത് ശീലമാക്കുക.
- വീടിന് പുറത്തുവെക്കുന്ന ഷൂ, ചെരിപ്പ്, ഹെൽമറ്റ് എന്നിവ ധരിക്കുന്നതിന് മുൻപ് അതിനുള്ളിൽ പാമ്പോ മറ്റ് ജീവികളോ ഇല്ലെന്ന് തട്ടി പരിശോധിക്കുക.
- വേനൽക്കാലം കഴിയുന്നത് വരെ ഇഴജന്തുക്കളുടെ സാന്നിധ്യം ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ ചെറിയ ലക്ഷണങ്ങൾ കണ്ടാൽ പോലും ഒട്ടും വൈകാതെ വൈദ്യസഹായം തേടണമെന്ന് ആരോഗ്യവിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു