5
KeralaOnamIndiaEntertainmentBusinessEducationSportsLifestyleWorldTechnologyWeb StoryPhoto

‘ചങ്കുറപ്പ് വേണം, വെട്ടാൻ വരുന്ന പോത്തിനെ നമ്മള്‌‍ വെട്ടാൻ പോണം’; കാളപൂട്ട് ഹരമാക്കിയ 60-കാരന്റ കഥ

കാളപൂട്ട് ഹരമായി കൊണ്ടുനടക്കുന്ന വെറും ഒരു 61-കാരനല്ല, എല്ലാ മത്സരത്തിലും ഒന്നാമൻ, കാളപൂട്ടിന്റെ ​ഗുരു എന്നീങ്ങനെ നീളുന്നു ഉണ്ണിയച്ഛൻ എന്ന കർഷകൻ.

‘ചങ്കുറപ്പ് വേണം, വെട്ടാൻ വരുന്ന പോത്തിനെ നമ്മള്‌‍ വെട്ടാൻ പോണം’; കാളപൂട്ട് ഹരമാക്കിയ 60-കാരന്റ കഥ
ഉണ്ണികൃഷ്ണൻ
Follow Us
sarika-kp
Sarika KP | Updated On: 04 Sep 2024 19:58 PM

ഉഴുത് മറിച്ച നിലം, ചെളിവെള്ളത്തിൽ പുതഞ്ഞ് കിടക്കുന്ന പാഠശേഖരങ്ങൾ, വമ്പോടും ശൗര്യത്തോട് കൂടിയും നിൽക്കുന്ന കാളകുട്ടന്മാർ. ഇവരെ മെരുക്കാൻ വീര്യത്തോടെ നിൽക്കുന്ന 60-കാരൻ. പറഞ്ഞുവരുന്നത് പാലക്കാട് ജില്ലയിലെ കുഴൽമന്ദത്തിന്റെ സ്വന്തം കാളപ്പൂട്ട് രാജാവ് ഉണ്ണിയച്ഛനെ പറ്റിയാണ്. കാളപൂട്ട് ഹരമായി കൊണ്ടുനടക്കുന്ന വെറും ഒരു 60-കാരനല്ല, എല്ലാ മത്സരത്തിലും ഒന്നാമൻ, കാളപൂട്ട്ട്ന്റെ ​ഗുരു എന്നീങ്ങനെ നീളുന്നു ഉണ്ണിയച്ഛൻ എന്ന കർഷകൻ. ജനങ്ങളെയാകമാനം ആവേശത്തിലാഴ്ത്തുക എന്നതിലുപരി ഒരു ജനതയെ മുഴുവൻ ഇരുട്ടിൽ നിന്ന് പ്രതീക്ഷയുടെ പുതിയ വെളിച്ചത്തിലേക്ക് കൈപിടിച്ച് ഉയർത്തുക എന്ന മഹത്തായ ലക്ഷ്യം കൂടി ഉണ്ട് ഇവിടെ നടക്കുന്ന കാളപ്പൂട്ടിന്.

എങ്ങനെയാണ് ഇത്രേയും ധൈര്യമുണ്ടാകുന്നതെന്ന ചോദ്യത്തിന് ”നല്ല ചങ്കുറപ്പ് വേണം, വെട്ടാൻ വരുന്ന പോത്തിനെ നമ്മള്‌‍ വെട്ടാൻ പോണം. അങ്ങനെയാണ് ഇതിന്റെയൊക്കെ കഥ. എല്ലാർക്കും ഒന്നും പറ്റൂല. ഞാൻ നല്ല ചങ്കുറപ്പുള്ളവനാണ്, എനിക്ക് അങ്ങനെ പേടിയൊന്നൂല്ല”.എന്നാണ് 60-കാരനായ ഉണ്ണിയച്ഛന്റെ മറുപടി. തനി പാലക്കാടുക്കാരൻ, കുഴൽമന്ദത്തിന്റെ സ്വന്തം കുന്നുകാട് വീട്ടിൽ ഉണ്ണികൃഷ്ണൻ. കൗമാരത്തിന്റെ ശൗര്യവും യൗവനത്തിന്റെ വീര്യവും 60-ാം വയസിലും കാത്തുസൂക്ഷിക്കുന്ന കർഷകനാണ് നാട്ടുകാർ സനേഹത്തോടെ വിളിക്കുന്ന ഉണ്ണിയച്ഛൻ. സഹോ​ദരങ്ങൾ രണ്ട് പേരും മറ്റ് മേഖലകൾ തിരഞ്ഞെടുത്തപ്പോൾ ഉണ്ണിയച്ഛൻ തന്റെ അച്ഛന്റെ പാരമ്പര്യം തന്നെ തുടർന്നു. പഠനം ഉപേക്ഷിച്ച് അച്ഛനൊപ്പം 12 വയസ്സിലാണ് ഉണ്ണിയച്ഛൻ കൃഷിയിലേക്ക് തിരിയുന്നത്. അന്ന് മുതൽ ഇന്നു വരെ പല വെല്ലുവിളികൾ നേരിട്ടെങ്കിലും ഉണ്ണിയച്ഛന് എന്നും പ്രിയം കാളപ്പൂട്ടിനോടായിരുന്നു. ​ഗുരുനാഥനായ ബെംബല്ലൂർ തീത്തീയുടെ ശിക്ഷണത്തിൽ വളർന്ന ഉണ്ണിയച്ഛന് കാളപൂട്ട് ഹരമാണ്.

ഉണ്ണികൃഷ്ണൻ (കടപ്പാട്: രൂപേഷ് പ്രകാശ്)

1980-ൽ കാളപൂട്ടിലേക്ക് എത്തിയ ഉണ്ണിയച്ഛൻ കഴിഞ്ഞ ഒരു വർഷക്കാലം മാത്രമാണ് ഇതിൽ നിന്ന് മാറിനിന്നിട്ടുള്ളത്. ആരോ​ഗ്യ സംബന്ധമായ അസുഖത്തെ തുടർന്ന് കുടുംബക്കാരുടെ നിർബന്ധപ്രകാരമായിരുന്നു അതും. കൃത്യം ഒരു വർഷത്തിനു ശേഷം പൂർവ്വാധികം ശക്തിയോടെ തിരിച്ചെത്തുകയായിരുന്നു. ഭാര്യയും അഞ്ച് മക്കളും അടങ്ങുന്നതാണ് ഉണ്ണിയച്ഛന്റെ കുടുംബം. അഞ്ച് മക്കളിൽ ഒരു ആണും നാല് പെണുമാണുള്ളത്. എന്നാൽ കാളപൂട്ടിലേക്ക് മക്കൾ വരുന്നതില്ല അത്ര നല്ല അഭിപ്രായമല്ല ഉണ്ണിയച്ഛനുള്ളത്. സരസ്വതിയാണ് ഭാര്യ.

ഉണ്ണികൃഷ്ണനും കുടുംബവും

വയനാട് മുണ്ടക്കൈയിലും ചൂരൽമലയിലും അപ്രതീക്ഷിതമായി എത്തിയ ദുരന്തത്തിൽ ഉരുളെടുത്ത ജീവിതങ്ങളെ തിരിച്ചുപിടിക്കാനും ശക്തിപകരാനും വേണ്ടിയാണ് ഉണ്ണിയച്ഛനും സംഘവും ഈ അടുത്ത് കളത്തിൽ ഇറങ്ങിയത്. അതിൽ നിന്ന് കിട്ടിയ നല്ലൊരു പങ്കും വയനാടിനായാണ് ഇവർ ഉപയോ​ഗിച്ചത്.

അഫ്സൽ, ശബരി വിപിൻ, ഹരി, സുധി

കാളപ്പൂട്ട് കഴിഞ്ഞാൽ ഉണ്ണിയച്ഛന്റെ ലോകം സുഹൃത്തുക്കളുടേതാണ്.  മാണിക്യം, സുധി, ചിമ്പു, അഫ്സൽ, ശബരി, വിപിൻ,  സുധി എന്നിങ്ങനെ നീളുന്നു ഉണ്ണിയച്ഛന്റെ സുഹൃത്തുക്കളുടെ ആ പട്ടിക. സുഹൃത്തുക്കൾ കുറവാണെങ്കിലും ഉണ്ണിയച്ഛനെ പ്രിയമുള്ളതായി കാണുന്ന വലിയൊരു ആരാധകവൃന്ദം കുഴൽമന്ദത്തിലുണ്ട്. ചെറിയ കുട്ടികൾ മുതൽ പ്രായമായവർ വരെ ഉണ്ണിയച്ഛന്റെ കടുത്ത ആരാധകരാണ്. അടുത്ത സുഹൃത്തായ സുധിയുടെ മകനായ ആറാം ക്ലാസുകാരന്റെ ആ​ഗ്രഹം ഉണ്ണിയച്ഛനെ പോലെ ആകണമെന്നും അതേപോലെ കാളപ്പൂട്ട് നടത്തണമെന്നുമാണ്. കാളപൂട്ടിൽ ഉണ്ണിയച്ഛനെ പോലെ വേറെ ആർക്കും കഴിയില്ലെന്നാണ് സുധിയുടെയും അഭിപ്രായം. ഉണ്ണിയച്ഛൻ ഒരു മഹാസംഭവമെന്നാണ് സുഹൃത്തുകൾക്ക് പറയാനുള്ളത്. ഉണ്ണിയച്ഛനെ കുറിച്ച് പറയാൻ തുടങ്ങിയാൽ വാ തോരാതെ സംസാരിക്കും ഈ സു​ഹൃത്തുകൾ. ഉണ്ണിയച്ഛനെ തേടിയെത്തുന്നവർക്ക് മുന്നിൽ സുഹൃത്തുകളും എത്തും. അവർക്ക് പാട്ട് പാടി നൽകും, ഉണ്ണിയച്ഛന്റെ കഥ പറയും, കാളപൂട്ടിന്റെ ആവേശം വാക്കുകളാൽ അവരിലേക്ക് എത്തിക്കും . ഇതൊക്കെ കേൾക്കുമ്പോഴും ഉണ്ണിയച്ഛന് പുതുമ തോന്നാറില്ല. വേണമെങ്കിൽ ഇനിയും അങ്കത്തിനു ബാല്യമുണ്ടെന്നാണ് ഉണ്ണിയച്ഛന്റെ നിലപാട്. ‘എയ്ജ് ഈസ് ജസ്റ്റ് എ നമ്പർ’ മാത്രമാണെന്നും ധൈര്യമാണ് പ്രധാനമെന്നും ഉണ്ണിയച്ഛൻ തെളിയിക്കുന്നു. ഇതിനൊപ്പം വരും തലമുറയ്ക്ക് കൂടി കാളപൂട്ട് മത്സരം പകർന്ന് കൊടുക്കാനുള്ള ശ്രമത്തിലാണ് ഉണ്ണിയച്ഛൻ. കാളപൂട്ടിൽ  നിന്ന് സമ്പാദിക്കുന്ന ശീലം ഉണ്ണിയച്ഛന് ഇല്ല. വിലപേശലിനു നിൽക്കില്ല, കിട്ടുന്നത് എന്തോ അത് വാങ്ങിക്കുന്നതാണ് പതിവ്. ഉണ്ണിയച്ഛന് ശേഷം വന്നവർ ഇതിൽ നിന്ന് സമ്പാദിച്ച് പണക്കാരായപ്പോഴും ഉണ്ണിയച്ഛൻ എവിടെ നിന്ന് തുടങ്ങിയോ അവിടെ തന്നെയുണ്ടെന്നാണ് ഇളയ മകൾ പറയുന്നത്.

ഉണ്ണികൃഷ്ണൻ (കടപ്പാട്: രൂപേഷ് പ്രകാശ്)

എന്താണ് കാളപൂട്ട്
പോത്തോട്ടം, മരമടി, ഋഷഭയാ​ഗം എന്നീ പേരുകളിൽ അറിയപ്പെടുന്ന ഈ മത്സരം കാർഷിക ജീവിതവൃത്തിയുമായി ഏറെ ബന്ധപ്പെട്ട് കിടക്കുന്നു. ആദ്യകാലത്ത് കൃഷിക്കായി നിലം ഒരുക്കുന്നതിന്റെ ഭാ​ഗമായാണ് കാളപൂട്ട് നടന്നിരുന്നത്. എന്നാൽ ഇന്ന് കൃഷി ഒഴിഞ്ഞ നെൽപാടത്ത് നടത്തുന്ന കാളയോട്ട മത്സരമാണ്. കേരളത്തിൽ കാസർ​ഗോഡ് ജില്ലയുടെ അതിർത്തി പ്രദേശങ്ങളിലും പാലക്കാട് – മലപ്പുറം ജില്ലകളുടെ അതിർത്തി പ്രദേശങ്ങളിലും മാത്രമാണ് ഇത് കണ്ടുവരുന്നത്. പരിചയസമ്പത്തുള്ള കർഷകരാണ് മത്സരത്തിൽ പങ്കെടുക്കുന്നത്. മത്സരത്തിനു പ്രധാനമായും കാളയെയും പോത്തിനെയുമാണ് ഉപയോഗിക്കുന്നത്. നുകം വച്ചു കെട്ടിയ കാളകളും അവയെ നിയന്ത്രിക്കാൻ ആളുകളും ഉണ്ടാകും. കാളകളെ നിയന്ത്രിക്കുന്നയാൾ നുകവുമായി ബന്ധിപ്പിച്ച് നിർത്തിയ ഒരു പലകയിൽ നിന്നാണ് കാളകളെ നിയന്ത്രിക്കുന്നത്.

Latest News