Dudhsagar Waterfalls: പാൽക്കടൽ പോലെ കുത്തിയൊഴുകുന്ന ദൂത്‌സാഗർ; മഴക്കാല യാത്രയിൽ ഇത് മിസ്സാക്കല്ലേ
Dudhsagar Waterfalls Travel: പശ്ചിമഘട്ട മലനിരകൾ പച്ചപ്പട്ടുടുക്കുന്ന ഈ സമയത്ത് ഗോവയിലെ ഏറ്റവും വലിയ വിസ്മയം കാടിനുള്ളിൽ മറഞ്ഞിരിക്കുന്ന ദൂത്‌സാഗർ വെള്ളച്ചാട്ടമാണ്. കനത്ത മഴയിൽ നാല് തട്ടുകളായി, ഏകദേശം 310 മീറ്റർ (1017 അടി) ഉയരത്തിൽ നിന്ന് ഒരു പാൽക്കടൽ പോലെ പതഞ്ഞൊഴുകുന്ന ദൂത്‌സാഗർ കാണാൻ സാധിക്കുന്നത് ജീവിതത്തിൽ ഒരിക്കലെങ്കിലും അനുഭവിച്ചറിയേണ്ട ഒന്നാണ്.

Dudhsagar
കടലിരമ്പുന്ന തിരമാലകളും നൈറ്റ് ലൈഫും മാത്രമാണ് ഗോവ എന്ന് കേൾക്കുമ്പോൾ പലരുടെയും ഉള്ളിലേക്ക് ഓടിയെത്തുന്നത്. മൺസൂൺ മഴ എത്തിതുടങ്ങുന്നതോടെ ഗോവയിലേക്കുള്ള യാത്ര മറ്റൊരു അനുഭവമാണ് നിങ്ങൾക്ക് നൽകുന്നത്. പശ്ചിമഘട്ട മലനിരകൾ പച്ചപ്പട്ടുടുക്കുന്ന ഈ സമയത്ത് ഗോവയിലെ ഏറ്റവും വലിയ വിസ്മയം കാടിനുള്ളിൽ മറഞ്ഞിരിക്കുന്ന ദൂത്‌സാഗർ വെള്ളച്ചാട്ടമാണ്. കനത്ത മഴയിൽ നാല് തട്ടുകളായി, ഏകദേശം 310 മീറ്റർ (1017 അടി) ഉയരത്തിൽ നിന്ന് ഒരു പാൽക്കടൽ പോലെ പതഞ്ഞൊഴുകുന്ന ദൂത്‌സാഗർ കാണാൻ സാധിക്കുന്നത് ജീവിതത്തിൽ ഒരിക്കലെങ്കിലും അനുഭവിച്ചറിയേണ്ട ഒന്നാണ്. മൺസൂൺ കാലത്ത് ദൂത്‌സാഗറിലേക്ക് ഒരു സാഹസിക യാത്ര പ്ലാൻ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് നമുക്ക് നോക്കാം.
ALSO READ: ഫാമിലി ട്രിപ്പുകൾക്ക് ഏറ്റവും അനുയോജ്യമായ മൂന്നാറിലെ സ്ഥലങ്ങൾ; മിസ്സാക്കരുതേ
ദൂത്‌സാഗർ മൺസൂണിൽ
ഗോവ-കർണാടക അതിർത്തിയിലെ ഭഗവാൻ മഹാവീർ വൈൽഡ് ലൈഫ് സാങ്ച്വറിക്ക് ഉള്ളിലാണ് ദൂത്‌സാഗർ എന്ന മഹാവിസ്മയം സ്ഥിതി ചെയ്യുന്നത്. മൺസൂൺ മഴ ശക്തമായി പെയ്യുമ്പോൾ വെള്ളച്ചാട്ടത്തിൻ്റെ ശക്തിയും ഭംഗിയും ഇരട്ടിക്കും. പച്ചപ്പുനിറഞ്ഞ വനത്തിന് നടുവിലൂടെ, വെള്ളച്ചാട്ടത്തിന് കുറുകെ പോകുന്ന റെയിൽവേ പാലവും അതിലൂടെ വെള്ളച്ചാട്ടത്തിൻ്റെ പശ്ചാതലത്തിൽ കൂകി പായുന്ന തീവണ്ടിയും ദൂത്‌സാഗറിനെ ലോകത്തിലെ തന്നെ ഏറ്റവും മനോഹരമായ കാഴ്ചകളിലൊന്നാക്കി മാറ്റുന്നു.
യാത്രയിൽ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ
മഴക്കാലത്ത് ദൂത്‌സാഗർ കാണാൻ പോകുമ്പോൾ സാധാരണ ടൂറിസ്റ്റ് സീസണിൽ പോകുന്നതുപോലെയല്ല. വനംവകുപ്പിൻ്റെയും റെയിൽവേയുടെയും കടുത്ത നിയന്ത്രണങ്ങൾ ഇവിടെ ഉണ്ടാകാറുണ്ട്. ഒക്ടോബർ മുതൽ മെയ് വരെയുള്ള സമയത്താണ് കാടിനുള്ളിലൂടെയുള്ള ഔദ്യോഗിക ജീപ്പ് സർവീസുകൾ ഉണ്ടാകാറുള്ളത്. മഴക്കാലത്ത് പുഴകളിൽ വെള്ളം ഉയരുന്നതിനാൽ ജീപ്പ് റൂട്ട് പൂർണ്ണമായി വനംവകുപ്പ് അടയ്ക്കും.
മഴക്കാലത്ത് ദൂത്‌സാഗറിന് ഏറ്റവും അടുത്തുള്ള കുലേം അല്ലെങ്കിൽ കാസൽ റോക്ക് റെയിൽവേ സ്റ്റേഷനുകളിൽ എത്തിച്ചേരുന്നതാണ് ഏറ്റവും അടുത്തുള്ള വഴി. ഇവിടെ നിന്നും ട്രെയിൻ വഴി കാഴ്ചകൾ ആസ്വദിക്കുകയോ വനംവകുപ്പ് അനുവദിക്കുന്ന സുരക്ഷിതമായ പാതകൾ ഉപയോഗിക്കുകയോ ചെയ്യാം.
സുരക്ഷാ കാരണങ്ങളാൽ റെയിൽവേ ട്രാക്കിലൂടെ ദൂത്‌സാഗറിലേക്ക് നേരിട്ട് ട്രെക്ക് ചെയ്യുന്നത് കർശനമായി നിരോധിച്ചിട്ടുണ്ട്. നിയമങ്ങൾ ലംഘിച്ചാൽ പിഴ ഈടാക്കുമെന്ന കാര്യം ഓർക്കണം. മൺസൂൺ ഭംഗി ആസ്വദിക്കാൻ ഏറ്റവും നല്ല സമയം ജൂൺ മുതൽ സെപ്റ്റംബർ വരെ മാസങ്ങളിലാണ്. എൻട്രി പാസ്സ് വനംവകുപ്പിൻ്റെ ചെക്ക് പോസ്റ്റുകളിൽ നിന്ന് നേരിട്ടോ ഓൺലൈനായോ ലഭിക്കുന്നതാണ്.
യാത്രക്കാർ ശ്രദ്ധിക്കേണ്ട മറ്റൊരു പ്രധാന കാര്യം, ദൂത്‌സാഗർ സ്ഥിതി ചെയ്യുന്നത് വനത്തിനുള്ളിലായതുകൊണ്ട് അവിടെ ഭക്ഷണശാലകളോ മൊബൈൽ നെറ്റ്‌വർക്കോ ലഭ്യമായിരിക്കില്ല. ആവശ്യത്തിന് വെള്ളവും ലഘുഭക്ഷണങ്ങളും കയ്യിൽ കരുതാൻ ശ്രദ്ധിക്കണം. കൂടാതെ പ്ലാസ്റ്റിക് അവശിഷ്ടങ്ങൾ കാട്ടിൽ വലിച്ചെറിയാതെ പ്രകൃതിയെ സംരക്ഷിച്ചുകൊണ്ടാകണം നിങ്ങളുടെ യാത്ര.
എങ്ങനെ എത്തിച്ചേരാം?
കേരളത്തിൽ നിന്നും മംഗലാപുരം വഴി പോകുന്ന മിക്ക ട്രെയിനുകളും ഗോവയിലെ പ്രധാന സ്റ്റേഷനായ മഡ്ഗാവിൽ നിർത്തുന്നതാണ്. മഡ്ഗാവ് സ്റ്റേഷനിൽ ഇറങ്ങിയ ശേഷം അവിടെ നിന്നും കുലേമിലേക്ക് പോകുന്ന ലോക്കൽ പാസ്സഞ്ചർ ട്രെയിനുകളിലോ അല്ലെങ്കിൽ ടാക്സി/ബസ് മാർഗ്ഗമോ കുലേമിൽ എത്തിച്ചേരാം. മഡ്ഗാവിൽ നിന്നും ഏകദേശം 35 കിലോമീറ്ററാണ് കുലേമിലേക്കുള്ള ദൂരം. അവിടെയെത്തിയാൽ ദൂത്‌സാഗർ വെള്ളച്ചാട്ടത്തിലേക്കുള്ള എൻട്രി പോയിൻ്റ് കാണാനാകും.
English Summary:
Dudhsagar waterfall located in the state of Goa. India appears as flowing milk, hence its name Dudhsagar which means sea of milk. This waterfall is formed on the Mandovi river before it meets the sea inside Bhagwan Mahavir Sanctuary and Mollem National Park in Goa.