Paloor Kotta Waterfall: ടിപ്പു സുൽത്താൻ്റെ ഇടത്താവളം, പടിപടികളായി ഒഴുകിയെത്തുന്ന ജലപാത; അതാണ് പാലൂർക്കോട്ട വെള്ളച്ചാട്ടം
Malappuram Paloor Kotta Waterfall: മലപ്പുറംകാരുടെ പ്രിയപ്പെട്ട ഇടമാണ്. പുറം ജില്ലകാർക്ക് അത്ര പിടിയുണ്ടാവില്ല. പടിപടികളായി ഒഴുകിയെത്തുന്ന വെള്ളമാണ് ഇവിടുത്തെ ഏറ്റവും വലിയ പ്രത്യേകത. മലപ്പുറം ജില്ലയിലെ അങ്ങാടിപ്പുറം, പുഴക്കാട്ടിരി പഞ്ചായത്തുകളോട് ചേർന്നാണ് ഈ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്.

Paloor Kotta Waterfall
നിരവധി കാഴ്ച്ചകളാൽ ചുറ്റപ്പെട്ട മേഖലയാണ് വടക്കൻ കേരളം. മലകളും, വെള്ളച്ചാട്ടങ്ങളും, കടലും കായലും പുഴയും എല്ലാം ചേരുന്ന അത്യപൂർവ കാഴ്ച്ചകൾക്ക് വിരുന്നൊരുക്കുന്ന സ്ഥലങ്ങളാണ് അവിടെയുള്ളത്. അത്തരം സുന്ദര പ്രദേശങ്ങളുടെ കോട്ടയാണ് മലപ്പുറം. പലർക്കും അറിയാത്ത നിരവധി കാഴ്ച്ചകളാണ് ഇവിടെ സഞ്ചാരികളെ കാത്തിരിക്കുന്നത്. ചുറ്റോറും പച്ചപ്പിൽ സ്ഥിതി ചെയ്യുന്ന ഒരു ഹിഡൻ സ്പോട്ടാണ് പാലൂർക്കോട്ട വെള്ളച്ചാട്ടം. മിക്ക ആളുകൾക്കും അത്ര പരിചിതമല്ലാത്ത സ്ഥലമാണിത്.
മലപ്പുറംകാരുടെ പ്രിയപ്പെട്ട ഇടമാണ്. പുറം ജില്ലകാർക്ക് അത്ര പിടിയുണ്ടാവില്ല. പടിപടികളായി ഒഴുകിയെത്തുന്ന വെള്ളമാണ് ഇവിടുത്തെ ഏറ്റവും വലിയ പ്രത്യേകത. മലപ്പുറം ജില്ലയിലെ അങ്ങാടിപ്പുറം, പുഴക്കാട്ടിരി പഞ്ചായത്തുകളോട് ചേർന്നാണ് ഈ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്. ഏകദേശം 500 അടിയോളം ഉയരത്തിൽ നിന്നാണ് വെള്ളം താഴേക്ക് ഒഴുകിയെത്തുന്നത്. മഴക്കാലത്ത് എത്തിയാൽ അതിമനോഹരമായ കാഴ്ച്ചയിൽ നമ്മൾ മുഴുകിപോകും. എന്നാൽ ജാഗ്രതയോടെ വേണം ഇവിടേക്ക് എത്തിപ്പെടാൻ.
ടിപ്പു സുൽത്താൻറെ പടയോട്ടം കാലത്ത് ഇടത്താവളമായി ഈ പ്രദേശം ഉപയോഗിച്ചിരുന്നതായി പ്രദേശവാസികൾ പറയുന്നു. ഈ വെള്ളച്ചാട്ടത്തിന്റെ മുകളിൽ കയറി നോക്കിയാൽ കിലോമീറ്ററോളം ദൂരെ ആക്രമിക്കാൻ വരുന്ന ശത്രുക്കളെ കാണാൻ സാധിക്കുമായിരുന്നു. എന്നാൽ ശത്രുക്കൾക്ക് പെട്ടെന്ന് ഇതിൻറെ മുകളിലേക്ക് കയറാനും കഴിയുകയില്ല. ഇക്കാരണങ്ങൾ കൊണ്ടാണത്രേ ടിപ്പു ഈ സ്ഥലം ഒളിസങ്കേതമായി തിരഞ്ഞെടുത്തതെന്നാണ് പ്രചരണം.
മഴക്കാലത്ത് ശക്തി പ്രാപിക്കുന്ന ഈ വെള്ളച്ചാടത്തിൻ്റ നീരൊഴുക്ക് ഏകദേശം നവംബർ മാസത്തോടെ കുറഞ്ഞുവരുന്നു. മുകളിലെ തടാകമെന്നോ കുളമെന്നോ വിശേഷിപ്പിക്കാവുന്ന സ്ഥലത്തുനിന്ന് ഒഴുകിയെത്തു വെള്ളമാണ് താഴേക്ക് എത്തുന്നത്. ഇതിന് മുകളിൽ കയറിയാൽ മലപ്പുറത്തിൻ്റെ വിദൂര ദൃശ്യഭംഗി ആസ്വദിക്കാം. അധികം ആരും അറിയാത്തൊരിടമായതിനാൽ തിരക്ക് വളരെ കുറവാണ്. മലപ്പുറത്തെ അങ്ങാടിപ്പുറം-കോട്ടക്കൽ റൂട്ടിൽ കടുങ്ങാപുരം സ്‌കൂൾ പടിയിൽ നിന്ന് രണ്ടു കിലോമീറ്റർ സഞ്ചരിച്ചാൽ ഇവിടെയെത്താം.