AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Nilgiri: ദക്ഷിണേന്ത്യയുടെ നീലവസന്തം; നീലഗിരിയിലേക്ക് ഒരു യാത്ര പോയാലോ

Nilgiri Travel Guide: ദൂരെ നിന്ന് നോക്കുമ്പോൾ ഈ മലനിരകൾക്ക് ചുറ്റും കാണപ്പെടുന്ന നീല നിറം കലർന്ന പുകമഞ്ഞ് ഇവയ്ക്ക് നീലഗിരി എന്ന പേര് അന്വർത്ഥമാക്കുന്നു. ഒക്ടോബർ മുതൽ ജൂൺ വരെയാണ് നീലഗിരി സന്ദർശിക്കാൻ ഏറ്റവും അനുയോജ്യമായ സമയം. എന്തുകൊണ്ടാണ് ഈ മലനിരകൾക്ക് 'നീലഗിരി' എന്ന പേര് വന്നതെന്നും ഇവിടുത്തെ പ്രത്യേകതകൾ എന്താണെന്നും നോക്കാം.

Nilgiri: ദക്ഷിണേന്ത്യയുടെ നീലവസന്തം; നീലഗിരിയിലേക്ക് ഒരു യാത്ര പോയാലോ
Nilgiri Image Credit source: Social Media
Neethu Vijayan
Neethu Vijayan | Published: 31 Jan 2026 | 01:52 PM

പ്രകൃതി അതിൻ്റെ പച്ചപ്പും കുളിരും വാരിക്കോരി നൽകിയ ഇടമാണ് നീലഗിരി. തമിഴ്‌നാട്, കേരളം, കർണാടക എന്നീ മൂന്ന് സംസ്ഥാനങ്ങളുടെ അതിർത്തി പങ്കിടുന്ന പശ്ചിമഘട്ടത്തിന്റെ ഈ ഭാഗം, വിനോദസഞ്ചാരികളുടെയും പ്രകൃതി സ്നേഹികളുടെയും പറുദീസയാണ്. എന്തുകൊണ്ടാണ് ഈ മലനിരകൾക്ക് ‘നീലഗിരി’ എന്ന പേര് വന്നതെന്നും ഇവിടുത്തെ പ്രത്യേകതകൾ എന്താണെന്നും നോക്കാം.

എന്തുകൊണ്ട് ‘നീല മലനിരകൾ’ എന്നറിയപ്പെടുന്നു?

നീലഗിരി എന്ന പേരിന് പിന്നിൽ പ്രധാനമായും രണ്ട് കാരണങ്ങളുണ്ട്. പന്ത്രണ്ട് വർഷത്തിലൊരിക്കൽ നീലഗിരി കുന്നുകളെ നീല പുതപ്പിക്കുന്ന നീലക്കുറിഞ്ഞികൾ നീലഗിരി എന്ന ഈ പേരിന് പിന്നിലെ ഒരു പ്രധാന കാരണമാണ്. ദൂരെ നിന്ന് നോക്കുമ്പോൾ ഈ മലനിരകൾക്ക് ചുറ്റും കാണപ്പെടുന്ന നീല നിറം കലർന്ന പുകമഞ്ഞ് ഇവയ്ക്ക് നീലഗിരി എന്ന പേര് അന്വർത്ഥമാക്കുന്നു. ഒക്ടോബർ മുതൽ ജൂൺ വരെയാണ് നീലഗിരി സന്ദർശിക്കാൻ ഏറ്റവും അനുയോജ്യമായ സമയം. നവംബർ മുതൽ ഫെബ്രുവരി വരെയുള്ള സമയത്ത് പോയാൽ നല്ല തണുപ്പും കോട മൂടിയ മലനിരകളും ആസ്വദിക്കാം.

ALSO READ: തിരുവനന്തപുരം എങ്ങനെ ‘നിത്യഹരിത നഗരമായി’?; മഹാത്മാഗാന്ധി നൽകിയ ആ വിശേഷണത്തിന് പിന്നിലെ കഥ ഇതാ

ജൈവവൈവിധ്യത്തിൻ്റെ കലവറ

യുനെസ്കോയുടെ പൈതൃക പട്ടികയിൽ ഇടംപിടിച്ച നീലഗിരി ബയോസ്ഫിയർ റിസർവ് ഇന്ത്യയിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട വന്യജീവി സങ്കേതങ്ങളിലൊന്നാണ്. ഈ മലനിരകളിൽ മാത്രം കാണപ്പെടുന്ന അപൂർവ്വയിനം വരയാടുകൾ (നീലഗിരി താനാർ) ഇവിടുത്തെ പ്രത്യേകതയാണ്. ആനകൾ, കടുവകൾ, കാട്ടുപോത്ത്, പിന്നെ വിവിധയിനം പക്ഷികൾ എന്നിവയുടെ ആവാസകേന്ദ്രം കൂടിയാണിത്. സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 3200 മുതൽ 8651 അടി വരെ (1000 മുതൽ 2637 മീറ്റർ വരെ) ഉയരത്തിലാണ് നീലഗിരി സ്ഥിതി ചെയ്യുന്നത്. തേയില, കാപ്പി, സുഗന്ധവ്യഞ്ജനങ്ങളാണ് ഇവിടുത്തെ പ്രധാന കൃഷി.

പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങൾ

ഊട്ടി: ‘മലനിരകളുടെ റാണി’ എന്നറിയപ്പെടുന്ന ഊട്ടി ഇവിടുത്തെ ഏറ്റവും പ്രശസ്തമായ ഹിൽ സ്റ്റേഷനാണ്.

നീലഗിരി മൗണ്ടൻ റെയിൽവേ: യുനെസ്കോ പൈതൃകമായി പ്രഖ്യാപിച്ച ഈ ‘ടോയ് ട്രെയിൻ’ യാത്ര സഞ്ചാരികൾ ഏറെ ഇഷ്ടപ്പെടുന്ന ഒന്നാണ്. കാരണം നീലഗിരിയുടെ യഥാർത്ഥ ഭംഗി ആസ്വദിക്കാൻ ഇതിലും മികച്ച മറ്റൊരു മാർ​ഗമില്ലെന്നതാണ് സത്യം. ടോയ് ട്രെയിൻ യാത്രയ്ക്ക് ആഴ്ചകൾക്ക് മുൻപേ ടിക്കറ്റ് ബുക്ക് ചെയ്യുന്നത് നന്നായിരിക്കും.

കൂനൂർ/കോത്തഗിരി: തിരക്കുകളിൽ നിന്ന് മാറി തേയിലത്തോട്ടങ്ങളുടെ ഏറ്റവും വലിയ ഭംഗി ആസ്വദിക്കാൻ പറ്റിയ ശാന്തമായ ഇടങ്ങളാണ് ഇവ രണ്ടും.

ഗോത്രവർഗ്ഗ സംസ്കാരം

നീലഗിരിയുടെ മണ്ണ് അവിടുത്തെ ഗോത്രവർഗ്ഗക്കാരായ തോടർ, ബഡഗർ, ഇരുളർ എന്നിവരുടേത് കൂടിയാണ്. അവരുടെ തനതായ സംസ്കാരവും കൃഷിരീതികളും ഈ മലനിരകൾക്ക് കൂടുതൽ മിഴിവേകുന്നു.