Wayanad Trip: ഒറ്റ ദിവസം മതി വയനാട്ടിലെ ഈ സ്ഥലങ്ങൾ കണ്ടുതീർക്കാൻ; യാത്രയിൽ മിസ്സാക്കരുതേ
Wayanad One Day Trip: നിങ്ങൾ വയനാട്ടിലേയ്ക്ക് ഒരു ദിവസത്തെ യാത്ര പ്ലാൻ ചെയ്യുന്നുണ്ടെങ്കിൽ ഒറ്റ ദിവസം കൊണ്ട് പെട്ടെന്ന് കണ്ടുവരാൻ സാധിക്കുന്ന ചില സ്ഥലങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം. താമരശ്ശേരി ചുരം കയറി വയനാട്ടിലേയ്ക്ക് എത്തുന്നവർക്ക് വൈത്തിരിയ്ക്ക് സമീപത്തുള്ള ചില സ്ഥലങ്ങൾ വളരെ ആകർഷണമായ ദൃശ്യഭംഗിയാണ് സമ്മാനിക്കുന്നത്.

Wayanad
മലയും കുന്നും കാടും കടന്നൊരു യാത്ര. ഇങ്ങനൊരു ആഗ്രഹം മനസ്സിൽ വരുമ്പോൾ ആദ്യം ചിന്തിക്കുന്നത് വയനാടിനെക്കുറിച്ചാണ്. വയനാടിൻ്റെ മലയോര ഭംഗിയും പ്രകൃതി വശ്യതയും പറഞ്ഞറിയിക്കാൻ പറ്റാത്ത അത്രയും ഭംഗിയാണ് ആ നാടിന്. അതുകൊണ്ട് തന്നെ ഈ മനോഹാരിത ആസ്വദിക്കാൻ ദിവസേന നിരവധിയാളുകളാണ് ഇവിടേക്ക് എത്തിചേരുന്നത്. നിരവധി പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രങ്ങളാണ് വയനാട്ടിലുള്ളത്.
നിങ്ങൾ വയനാട്ടിലേയ്ക്ക് ഒരു ദിവസത്തെ യാത്ര പ്ലാൻ ചെയ്യുന്നുണ്ടെങ്കിൽ ഒറ്റ ദിവസം കൊണ്ട് പെട്ടെന്ന് കണ്ടുവരാൻ സാധിക്കുന്ന ചില സ്ഥലങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം. താമരശ്ശേരി ചുരം കയറി വയനാട്ടിലേയ്ക്ക് എത്തുന്നവർക്ക് വൈത്തിരിയ്ക്ക് സമീപത്തുള്ള ചില സ്ഥലങ്ങൾ വളരെ ആകർഷണമായ ദൃശ്യഭംഗിയാണ് സമ്മാനിക്കുന്നത്.
കർലാട് തടാകം
വൈത്തിരിയിൽ നിന്ന് 8 കി. മീ. അകലെയാണ് കർലാട് തടാകം സ്ഥിതി ചെയ്യുന്നത്. ബാണാസുര സാഗർ അണക്കെട്ടിൽ നിന്ന് വെറും 3 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്നയിടമാണ് കർലാട് തടാകം. ബോട്ടിംഗിനും ചൂണ്ടയിടാനും വിനോദസഞ്ചാരികൾക്ക് ഇവിടെ സൗകര്യങ്ങളുണ്ട്. സാഹസിക നടത്തത്തിന് താല്പര്യമുള്ളവർക്ക് ഈ തടാകത്തിനരികിൽ അതിനും സാധ്യതയുണ്ട്.
ലക്കിടി
കോഴിക്കോട് നിന്ന് 55 കിലോ മീറ്ററും വൈത്തിരിയിൽ നിന്ന് അഞ്ച് കിലോ മീറ്ററും ദൂരം സഞ്ചരിച്ചാൽ ലക്കിടിയിലെത്താം. താമരശ്ശേരി ചുരം കഴിഞ്ഞാൽ ആദ്യത്തെ ജനവാസകേന്ദ്രവും ലക്കിടിയാണ്. വയനാട്ടിലേക്കുള്ള ഈ പ്രവേശനകവാടം കൂടിയാണിത്. മലനിരകളും തോട്ടങ്ങളും വനവും അടങ്ങുന്ന പ്രകൃതി സൗന്ദര്യമാണ് ഇവിടെ നിങ്ങളെ കാത്തിരിക്കുന്നത്. സമുദ്ര നിരപ്പിൽ നിന്ന് ഏകദേശം 700 മീറ്റർ ഉയരത്തിലാണ് ലക്കിടി മലനിര സ്ഥിതി ചെയ്യുന്നത്.
പൂക്കോട് തടാകം
വൈത്തിരിയിൽ നിന്ന് വെറും മൂന്ന് കിലോമീറ്റർ മാത്രം സഞ്ചരിച്ചാൽ പൂക്കോട് തടാകത്തിൽ എത്തിച്ചേരാം. സ്വാഭാവിക വനങ്ങളാൽ ചുറ്റപ്പെട്ട ഒരു കൊച്ചു തടാകമാണ് ഇത്. കയാക്കിംഗ്, വഞ്ചി, പെഡൽ ബോട്ടിംഗ്, അക്വേറിയം, പാർക്ക്, കരകൗശല കാഴ്ച്ചകൾ, സുഗന്ധ വ്യജ്ഞന വില്പനശാലകൾ എന്നിങ്ങനെ ആകർഷകമായ പലതും ഇവിടെയുണ്ട്. നിത്യഹരിത വനങ്ങളാലും കുന്നുകളാലും ചുറ്റപ്പെട്ട പ്രകൃതിദത്തമായ ശുദ്ധജല തടാകമാണിത്. സമുദ്രനിരപ്പിൽ നിന്ന് 770 മീറ്റർ ഉയരത്തിലാണ് ഇത് സ്ഥിതി ചെയ്യുന്നത്.