Idukki Arch Dam: ഇടുക്കി ആർച്ച് ഡാം കാണാൻ വെറുതെ പോവരുത് , ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം
Idukki Arch Dam Trip: സുരക്ഷാ മുന്നറിയിപ്പുകൾ നിലനിൽക്കുന്ന സാഹചര്യങ്ങളിൽ അണക്കെട്ടുകൾക്കുമുകളിലൂടെ കാൽനടയാത്ര അനുവദിക്കില്ലെന്നത് ശ്രദ്ധേയമാണ്. ഇവിടെ ഹൈഡൽ ടൂറിസം അധികൃതർ ഏർപ്പെടുത്തിയിട്ടുള്ള ബഗ്ഗി കാറിൽ മാത്രമേ യാത്ര അനുവദിക്കുകയുള്ളൂ.

Idukki Arch Dam
ഇടുക്കിയെന്ന് കേൾക്കുമ്പോൾ തന്നെ യാത്രയാണ് ഓർമ്മവരുക. കാണാൻ നിരവധി കാര്യങ്ങളുള്ള ഇടുക്കിയുടെ പ്രധാന ആകർഷണങ്ങളിൽ ഒന്നാണ് ആർച്ച് ഡാം. കഴിഞ്ഞ രണ്ട് മാസത്തിനിടെ ഇടുക്കി ആർച്ച് ഡാം കാണാൻ എത്തിയത് 27,700ലേറെ സഞ്ചാരികളാണ്. മൺസൂൺ മഴയ്ക്ക് ശേഷം സെപ്റ്റംബർ ഒന്നിനാണ് പൊതുജനങ്ങൾക്കായി അണക്കെട്ട് തുറന്നുകൊടുത്തത്.
ഒക്ടോബർ 24 വരെയുള്ള കണക്കുകൾ പ്രകാരം 25,060 മുതിർന്നവരും 2640 കുട്ടികളും ഇവിടം സന്ദർശിച്ചിട്ടുണ്ട്. കുറവൻ, കുറത്തി മലകളെ ബന്ധിപ്പിക്കുന്ന ഇടുക്കി ഡാമാണ് ആളുകളുടെ പ്രധാന കേന്ദ്രം. കൂടാതെ സമീപത്തെ ചെറുതോണി അണക്കെട്ടും സഞ്ചാരികൾക്ക് സമ്മാനിക്കുന്നത് മനംകവരുന്ന ദൃശ്യാനുഭവമാണ്.
ഓണം, വിജയദശമി, ദീപാവലി തുടങ്ങിയ അവധിദിവസങ്ങളിലും മഴ മുന്നറിയിപ്പായി റെഡ്, ഓറഞ്ച് അലർട്ട് ദിവസങ്ങളിലും പ്രവേശനമില്ല. സുരക്ഷാ മുന്നറിയിപ്പുകൾ നിലനിൽക്കുന്ന സാഹചര്യങ്ങളിൽ അണക്കെട്ടുകൾക്കുമുകളിലൂടെ കാൽനടയാത്ര അനുവദിക്കില്ലെന്നത് ശ്രദ്ധേയമാണ്. ഇവിടെ ഹൈഡൽ ടൂറിസം അധികൃതർ ഏർപ്പെടുത്തിയിട്ടുള്ള ബഗ്ഗി കാറിൽ മാത്രമേ യാത്ര അനുവദിക്കുകയുള്ളൂ.
നിങ്ങൾ ഇടുക്കിയിലേക്ക് പോകുകയാണെങ്കിൽ തീർച്ചയായും കണ്ടിരിക്കേണ്ട സ്ഥലങ്ങളിൽ ഒന്നാണിത്. ഓൺലൈൻ വഴി സന്ദർശനത്തിന് ടിക്കറ്റ് എടുക്കാവുന്നതാണ്. അല്ലെങ്കിൽ www.keralahydeltourism.com എന്ന വെബ്സൈറ്റ് വഴി ബുക്ക് ചെയ്യാം. ചെറുതോണി ഡാമിന്റെ പ്രവേശന കവാടത്തിനു സമീപം ടിക്കറ്റ് കൗണ്ടറുണ്ട് അങ്ങനെയും ബുക്ക് ചെയ്യാം. ഓൺലൈൻ ബുക്കിങ്ങിനുശേഷം സീറ്റുകൾ ഒഴിവുണ്ടെങ്കിൽ മാത്രമെ നേരിട്ട് ടിക്കറ്റ് ലഭിക്കുകയുള്ളൂ.
നിലവിലെ മഴ കുറഞ്ഞതിനാൽ നവംബർ 30 വരെ പൊതുജനങ്ങൾക്ക് സന്ദർശനം അനുവദിക്കാനാണ് നിലവിൽ അധികൃതരുടെ തീരുമാനം. നിയന്ത്രണം ഒഴിവാക്കിയതിനാൽ സഞ്ചാരികളുടെ എണ്ണത്തിൽ വരും ദിവസങ്ങളിൽ വൻ വർധനയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.