Illikkal Kallu: കാഴ്ച്ചകളുടെ വിസ്മയം തീർത്ത ഇല്ലിക്കൽ കല്ല്; കാണാം മതിയാവോളം
Kottayam Illikkal Kallu: മുത്തശ്ശി കഥകളിലും സിനിമകളിലുമൊക്കെ കേട്ട് പരിചയമുള്ള നീലക്കൊടുവേലി എന്ന ഔഷധസസ്യം ഇല്ലിക്കൽ കല്ലിലുണ്ടെന്നാണ് പഴമക്കാർ പറയുന്നത്. ഇതിനെ ചുറ്റിപ്പറ്റി നിരവധി കഥകളും പ്രചരിക്കുന്നുണ്ട്. അത്ഭുതസിദ്ധിയുള്ള നീലക്കൊടുവേലി സ്വന്തമാക്കുന്നവർക്ക് എല്ലാവിധ ഐശ്വര്യങ്ങളും വന്നുചേരുമെന്നാണ് വിശ്വാസം.
പ്രകൃതിയുടെ പച്ചപ്പും തണുപ്പും ആസ്വദിച്ചുള്ള യാത്രയാണ് അധികം ആളുകളും ഇഷ്ടപ്പെടുന്നത്. പ്രത്യേകിച്ച് മലനിരകളെ തഴുകിയുള്ള യാത്രകൾ. ചിലയിടങ്ങൾ എത്ര കണ്ടാലും മതിവരാത്ത പോലെ തോന്നും. അങ്ങനെയൊന്നാണ് കോട്ടയം ജില്ലയിലെ പൂഞ്ഞാറിനടുത്തുള്ള ഇല്ലിക്കൽ കല്ല്. പ്രകൃതിയുടെ സൗന്ദര്യത്തിൻ്റെ മുഴുവൻ വശ്യതയും ഈ സ്ഥലത്തുണ്ടെന്ന് പറയാം. കോടമഞ്ഞിന്റെയും തണുത്ത കാറ്റിന്റെയും മൂടുപടം മാറ്റി ചെല്ലുന്ന ഓരോ സഞ്ചാരികളെയും കാത്തിരിക്കുന്നത് വിസ്മയിപ്പിക്കുന്ന കാഴ്ച്ചയാണ്.
സമുദ്രനിരപ്പിൽനിന്ന് ഏകദേശം മൂവായിരം അടി മുകളിലാണ് ഇല്ലിക്കൽ കല്ല് സ്ഥിതി ചെയ്യുന്നത്. കോട്ടയത്തുനിന്ന് ഏകദേശം 56.1 കിലോമീറ്റർ സഞ്ചരിച്ചാൽ ഇവിടെ എത്തിച്ചേരാം. ഇല്ലിക്കൽ കല്ലിലേക്ക് സ്വകാര്യ വാഹനങ്ങൾ കടത്തിവിടുകയില്ല. അവിടെയെത്തിയാൽ ജീപ്പുമാർഗം മുകളിലെത്താം. കൂടാതെ പ്രകൃതി സൗന്ദര്യത്തെ തൊട്ടറിഞ്ഞ് നടന്നുകയറാൻ താല്പര്യമുള്ളവർക്ക് അങ്ങനെയുമാവാം. മൂന്ന് ഭീമൻ പാറക്കെട്ടുകൾ കൂടി ചേർന്നാണ് ഇല്ലിക്കൽ കല്ലുണ്ടായതെന്നാണ് പറയപ്പെടുന്നത്.
Also Read: സൈലന്റ് വാലിയും വട്ടവടയും; കെഎസ്ആർടിസിയുടെ ഒക്ടോബർ യാത്ര ഈയിടങ്ങളിലേക്ക്
ഇല്ലിക്കൽ കല്ലിൽ നിന്ന് ഒഴുകിയെത്തുന്ന അരിവികൾ എത്തിച്ചേരുന്നത് മീനച്ചിലാറ്റിലാണ്. മുത്തശ്ശി കഥകളിലും സിനിമകളിലുമൊക്കെ കേട്ട് പരിചയമുള്ള നീലക്കൊടുവേലി എന്ന ഔഷധസസ്യം ഇല്ലിക്കൽ കല്ലിലുണ്ടെന്നാണ് പഴമക്കാർ പറയുന്നത്. ഇതിനെ ചുറ്റിപ്പറ്റി നിരവധി കഥകളും പ്രചരിക്കുന്നുണ്ട്. നീലക്കൊടുവേലി തേടി പണ്ടുകാലത്ത് ഇല്ലിക്കൽ കല്ലിൽ കയറിവർക്കെല്ലാം അപകടം സംഭവിച്ചതായും പഴങ്കഥകൾ പറയുന്നുണ്ട്. അത്ഭുതസിദ്ധിയുള്ള നീലക്കൊടുവേലി സ്വന്തമാക്കുന്നവർക്ക് എല്ലാവിധ ഐശ്വര്യങ്ങളും വന്നുചേരുമെന്നാണ് വിശ്വാസം.
ശക്തമായ കാറ്റാണ് ഇല്ലിക്കൽ കല്ലിൻ്റെ പ്രധാന ആകർഷണം. എന്നാൽ മഴയും ഇടിയുമുള്ളപ്പോഴുള്ള യാത്ര അപകടകരവുമാണ്. ചെറിയ ചാറ്റൽമഴയുള്ളപ്പോഴാണ് വിനോദ സഞ്ചാരികൾ കൂടുതൽ എത്തുന്നത്. ഈ സമയം ഇല്ലിക്കൽ കല്ലിനൊരു പ്രത്യോക ഭംഗിയാണ്. കോടമൂടിയ പാറകൾ നേരിൽ കാണാൻ സാധിക്കാതെ മടങ്ങിപ്പോകേണ്ട സ്ഥിതി പോലും ഉണ്ടാകാറുണ്ട്. ഇവിടെനിന്നുള്ള സൂര്യോദയവും സൂര്യാസ്തമയവും അതിഗംഭീരമായ കാഴ്ച്ചയാണ്.