Monsoon Travel Safety: മൺസൂൺ യാത്രകൾ ട്രാജഡിയാകരുത്; കാടും മലയും കയറാൻ പ്ലാനുണ്ടെങ്കിൽ ഇതറിഞ്ഞിരിക്കണം
Monsoon Travel Guidelines 2026: ഈ മൺസൂൺ കാലത്ത് നിങ്ങളും യാത്ര പോകാൻ തയ്യാറെടുക്കുകയാണെങ്കിൽ സുരക്ഷിതവും സന്തോഷകരവുമായി മടങ്ങി വരാൻ കാടും മലയും കയറും മുൻപ് നിർബന്ധമായും അറിഞ്ഞിരിക്കേണ്ട ചില സുരക്ഷാ മുൻകരുതലുകൾ ഉണ്ട്. അത്തരത്തിൽ നിങ്ങളുടെ യാത്രകൾ മനോഹരമാക്കാൻ അറിഞ്ഞിരിക്കേണ്ടതും കരുതിയിരിക്കേണ്ടതുമായ കാര്യങ്ങൾ എന്തെല്ലാമെന്ന് നോക്കാം.

പ്രതീകാത്മക ചിത്രം
മഴക്കാലത്ത് പ്രകൃതി അതിൻ്റെ ഏറ്റവും മനോഹരമായ ഭാവത്തിലായി നിൽക്കുന്നത് കാണാൻ ഒരു പ്രത്യേക ഭംഗിയാണ്. മലയോര മേഖലകളിലാണെങ്കിൽ മഞ്ഞും ഇരമ്പിയാർക്കുന്ന വെള്ളച്ചാട്ടങ്ങളും പച്ചപ്പുതച്ച മലനിരകളും കാണാൻ മൺസൂൺ കാലത്ത് തന്നെ പോകണം. കാടും മലയും കയറാൻ ഇഷ്ടപ്പെടുന്നവർക്ക് ഏറ്റവും നല്ല കാലാവസ്ഥ മൺസൂൺ സീസണിലാണ്. എന്നാൽ, ഒരല്പം ശ്രദ്ധക്കുറവ് ഉണ്ടായാൽ ഈ സുന്ദരമായ യാത്രകൾ വലിയ ദുരന്തമായി മാറാൻ അധികം സമയം വേണ്ട എന്നതും നമ്മൾ ഓർക്കണം. മഴക്കാലമായാൽ ഉരുൾപൊട്ടൽ, മലവെള്ളപ്പാച്ചിൽ, റോഡിലെ വഴുക്കൽ, മഞ്ഞുമൂടിയ പാതകൾ തുടങ്ങി നിരവധി കടമ്പകൾ വലിയ വെല്ലുവിളിയാകാറുണ്ട്.
ഈ മൺസൂൺ കാലത്ത് നിങ്ങളും യാത്ര പോകാൻ തയ്യാറെടുക്കുകയാണെങ്കിൽ സുരക്ഷിതവും സന്തോഷകരവുമായി മടങ്ങി വരാൻ കാടും മലയും കയറും മുൻപ് നിർബന്ധമായും അറിഞ്ഞിരിക്കേണ്ട ചില സുരക്ഷാ മുൻകരുതലുകൾ ഉണ്ട്. അത്തരത്തിൽ നിങ്ങളുടെ യാത്രകൾ മനോഹരമാക്കാൻ അറിഞ്ഞിരിക്കേണ്ടതും കരുതിയിരിക്കേണ്ടതുമായ കാര്യങ്ങൾ എന്തെല്ലാമെന്ന് നോക്കാം.
ALSO READ: മൺസൂൺ എത്തി മക്കളേ; മഴക്കാലത്ത് കേരളത്തിലെ ഈ സ്ഥലങ്ങളിലേക്ക് പോകല്ലേ, വൻ അപകടമാണ്
നിർബന്ധമായും അറിയേണ്ടത്
അലേർട്ടുകൾ അവഗണിക്കരുത്: യാത്ര പുറപ്പെടുന്നതിന് മുൻപ് ആദ്യം തന്നെ കേന്ദ്ര കാലാവസ്ഥാ വകുപ്പിൻ്റെയും (IMD) സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെയും മുന്നറിയിപ്പുകൾ കൃത്യമായി പരിശോധിക്കണം. ഓറഞ്ച്, റെഡ് അലേർട്ടുകൾ പ്രഖ്യാപിച്ച ജില്ലകളിലേക്കുള്ള യാത്രകൾ പൂർണ്ണമായും ഒഴിവാക്കുക.
ഡിസ്ട്രിക്റ്റ് ടൂറിസം പ്രൊമോഷൻ കൗൺസിൽ (DTPC) അല്ലെങ്കിൽ വനംവകുപ്പ് ഏതെങ്കിലും ടൂറിസം കേന്ദ്രങ്ങൾ താൽക്കാലികമായി അടച്ചിട്ടുണ്ടോ എന്ന് മുൻകൂട്ടി അന്വേഷിക്കുന്നത് നല്ലതാണ്.
മലവെള്ളപ്പാച്ചിൽ: മഴക്കാലത്ത് കാട്ടിലെ അരുവികളിലും വെള്ളച്ചാട്ടങ്ങളിലും ഇറങ്ങുന്നത് ഒഴിവാക്കണം. മലമുകളിൽ കനത്ത മഴ പെയ്താൽ മിനിറ്റുകൾക്കുള്ളിൽ താഴെ മലവെള്ളപ്പാച്ചിൽ ഉണ്ടാകാം. അതിനാൽ വെള്ളത്തിന്റെ ഒഴുക്കും ശ്രദ്ധിക്കണം.
പാറക്കെട്ടുകൾ: മലമുകളിലെ വഴുക്കലുള്ള പാറക്കെട്ടുകളിൽ കയറി സെൽഫിയെടുക്കാൻ ശ്രമിക്കരുത്. വഴുതി വീഴാനുള്ള സാധ്യത വളരെ കൂടുതലാണ്.
രാത്രി യാത്ര വേണ്ട: മൂന്നാർ, വയനാട്, ഇടുക്കി, വാഗമൺ തുടങ്ങിയ മലയോര മേഖലകളിലേക്ക് മൺസൂൺ കാലത്ത് രാത്രി യാത്ര ചെയ്യുന്നത് അപകടമാണ്. കനത്ത മഴയുള്ളപ്പോൾ മലയോര പാതകളിൽ കടുത്ത മൂടൽമഞ്ഞ് അനുഭവപ്പെടാൻ സാധ്യതയുണ്ട്. കാഴ്ച്ച മങ്ങാനും യാത്രയിൽ ബുദ്ധിമുട്ടുണ്ടാകാനും സാധ്യത ഏറെയാണ്.
മണ്ണിടിച്ചിൽ: രാത്രികാലങ്ങളിൽ മണ്ണിടിച്ചിലോ മരം കടപുഴകി വീഴാനുമുള്ള സാധ്യതയുള്ളതിനാൽ പെട്ടെന്ന് തിരിച്ചറിയാൻ കഴിയില്ല എന്നതിനൊപ്പം രക്ഷാപ്രവർത്തനവും ദുഷ്കരമാകും. അതിനാൽ മലയോര യാത്രകൾ പകൽ സമയത്തേക്ക് മാത്രമായി ചുരുക്കുക.
കാട്ടുപാതകൾ ശ്രദ്ധിക്കാം: മഴക്കാലത്ത് വനമേഖലകളിലൂടെ യാത്ര ചെയ്യുമ്പോൾ വന്യമൃഗങ്ങൾ റോഡിലേക്ക് ഇറങ്ങാനുള്ള സാധ്യത കൂടുതലാണ്. വണ്ടിയുടെ വേഗത എപ്പോഴും കുറയ്ക്കുക. കാട്ടുമൃഗങ്ങളെ കണ്ടാൽ ഹോൺ അടിക്കുകയോ വെളിച്ചം അടിക്കുകയോ ചെയ്ത് അവയെ ശല്ല്യപ്പെടുത്തരുത്.
മൺസൂൺ ബാഗിൽ ഇവ കരുതാം
റെയിൻകോട്ടോ കുടയോ കൈയ്യിൽ കരുതുന്നത് നല്ലതാണ്.
മൊബൈൽ ഫോണും പവർ ബാങ്കും നനയാതിരിക്കാൻ വാട്ടർപ്രൂഫ് പൗച്ചുകളിൽ സൂക്ഷിക്കുക.
അടിയന്തിര സാഹചര്യങ്ങളിൽ ഉപയോഗിക്കാൻ ഒരു ഫസ്റ്റ് എയ്ഡ് കിറ്റും ആവശ്യമായ മരുന്നുകളും കരുതുക.
ടോർച്ച് ലൈറ്റ് കരുതാം.
English Summary:
Monsoon Travel Guidelines 2026, Essential Safety Tips While Driving on a Hair pin roads and Hill Station. Check The Safety Rules And Precuations Before Your Trip. Here Is The Complete Step By Step Guide How To Travel In Rainy Season.