Thailand Travel Advisory: തായ്‌ലൻഡിലേക്കാണോ യാത്ര… പുതിയ നിർദേശങ്ങൾ അറിയണേ; എന്തൊക്കെ ശ്രദ്ധിക്കണം?
Thailand New Travel Advisory: തായ്‌ലൻഡിലുടനീളമുള്ള വിനോദസഞ്ചാരത്തെ പ്രതിസന്ധി ബാധിച്ചിട്ടില്ലെങ്കിലും, അതിർത്തിക്കടുത്തുള്ള ഏഴ് പ്രവിശ്യകളിൽ അധികൃതർ സുരക്ഷ വർദ്ധിപ്പിച്ചിട്ടുണ്ട്. കൂടാതെ ചില പ്രദേശങ്ങളിൽ കർഫ്യൂ ഏർപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
തായ്‌ലൻഡിലേക്ക് യാത്ര പോകുന്ന വിനോദ സഞ്ചാരികൾക്കായി ഇന്ത്യയുടെ പുതിയ മാർഗനിർദ്ദേശം. തായ്‌ലൻഡ്-കംബോഡിയ രാജ്യങ്ങൾ തമ്മിലുള്ള പ്രതിസന്ധി തുടരുന്ന സാഹചര്യത്തിലാണ് പുതിയ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിരിക്കുന്നത്. ഇരു രാജ്യങ്ങളുടെയും അതിർത്തിക്കടുത്തുള്ള പ്രദേശങ്ങൾ സന്ദർശിക്കുന്നവർക്കാണ് മുന്നറിയിപ്പ്. ബാങ്കോക്കിലെ ഇന്ത്യൻ എംബസിയാണ് നിർദ്ദേശങ്ങൾ പുറത്തിറക്കിയത്.
തായ്‌ലൻഡിലുടനീളമുള്ള വിനോദസഞ്ചാരത്തെ പ്രതിസന്ധി ബാധിച്ചിട്ടില്ലെങ്കിലും, അതിർത്തിക്കടുത്തുള്ള ഏഴ് പ്രവിശ്യകളിൽ അധികൃതർ സുരക്ഷ വർദ്ധിപ്പിച്ചിട്ടുണ്ട്. കൂടാതെ ചില പ്രദേശങ്ങളിൽ കർഫ്യൂ ഏർപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ഇത്തരത്തിൽ നിയന്ത്രണം ഏർപ്പെടുത്തിയ മേഖലകളിലേക്കുള്ള യാത്ര വിനോദ സഞ്ചാരികൾ ഒഴിവാക്കണമെന്ന് ടൂറിസം അതോറിറ്റി ഓഫ് തായ്‌ലൻഡിൻ്റെ പ്രത്യേക നിർദ്ദേശമുണ്ട്.
Also Read: എന്നും ലൗ മൂന്നാറിനോട്… മഞ്ഞുകാണാൻ പോകാം കേരളത്തിൻ്റെ കശ്മീരിലേക്ക്
തായ്‌ലൻഡ് ടൂറിസം അതോറിറ്റിയുടെ റിപ്പോർട്ട് അനുസരിച്ച്, ഉബോൺ റച്ചതാനി, സി സാ കേത്, സുരിൻ, ബുരി റാം, സാ കെയോ, ചന്തബുരി, ട്രാറ്റ് എന്നിവിടങ്ങളിലാണ് പ്രധാനമായും സുരക്ഷാ നടപടികൾ ശക്തമാക്കിയിരിക്കുന്നത്. ചന്തബുരി, ട്രാറ്റ്, സാ കെയോ എന്നിവിടങ്ങളിലെ പല ജില്ലകളിലും സൈനിക നിയമം പ്രാബല്യത്തിലുണ്ട്.
രാജ്യത്തെ ഗതാഗത സേവനങ്ങൾ സാധാരണഗതിയിൽ തന്നെയാണ് പ്രവർത്തിക്കുന്നത്. ബാങ്കോക്ക്, ചിയാങ് മായ്, ഫുക്കറ്റ്, ക്രാബി, പട്ടായ തുടങ്ങിയ രാജ്യത്തെ പ്രധാന വിനോദ സഞ്ചാര കേന്ദ്രത്തെ പ്രതിസന്ധി ബാധിച്ചിട്ടില്ലെന്നാണ് വിവരം. എന്നാൽ അതിർത്തി പ്രദേശങ്ങളിലേക്ക് സർവീസ് നടത്തുന്ന റെയിൽ, ബസ് ഗതാഗതത്തിൽ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ വിനോദ സഞ്ചാരികൾ പ്രാദേശികമായി പുറപ്പെടുവിച്ച മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കണമെന്നും ബാധിത പ്രദേശങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കണമെന്നുമാണ് ഭരണകൂടം നിർദ്ദേശിക്കുന്നത്.