Ajit Pawar: മഞ്ഞുരുകൽ പൂർത്തിയാകാതെ മടക്കയാത്ര; വിമാനത്തിന്റെ അവശിഷ്ടങ്ങൾക്കിടയിൽ എരിഞ്ഞടങ്ങിയത് ആ പുനഃസമാഗമം
Ajit Pawar dies in plane crash: ഇന്ത്യയുടെ പവര്‍ പൊളിറ്റിക്‌സില്‍ മുഖ്യശ്രേണിയിലായിരുന്നു എന്നും പവാര്‍ കുടുംബം. ശരദ് പവാര്‍ എന്ന രാഷ്ട്രീയ ചാണക്യനില്‍ നിന്ന് തുടക്കം കുറിച്ച്, അനന്തരവന്‍ അജിത് പവാറിലൂടെ വളര്‍ന്നു പന്തലിച്ചതാണ് പവാര്‍ കുടുംബത്തിന്റെ ചരിത്രം.
മഹാരാഷ്ട്രയുടെ മാത്രമല്ല, ഇന്ത്യയുടെ ‘പവര്‍ പൊളിറ്റിക്‌സി’ല്‍ മുഖ്യശ്രേണിയിലായിരുന്നു എന്നും പവാര്‍ കുടുംബം. ശരദ് പവാര്‍ എന്ന രാഷ്ട്രീയ ചാണക്യനില്‍ നിന്ന് തുടക്കം കുറിച്ച്, അനന്തരവന്‍ അജിത് പവാറിലൂടെ വളര്‍ന്നു പന്തലിച്ചതാണ് പവാര്‍ കുടുംബത്തിന്റെ ചരിത്രം. രാഷ്ട്രീയ ഗോദയിലേക്ക് അജിത് പവാറിനെ കൈപിടിച്ചുയര്‍ത്തിയത് ശരദ് പവാറായിരുന്നു. തന്ത്രശാലിയായ ശരദ് പവാറും, ഭരണനിര്‍വഹണത്തില്‍ മിടുക്കനായ അജിതും ഒത്തുച്ചേര്‍ന്നപ്പോള്‍ മഹാരാഷ്ട്ര രാഷ്ട്രീയത്തിന്റെ ‘ഫോക്കസാ’യി പവാര്‍ കുടുംബം മാറി. അമ്മാവന്‍-അനന്തരവന്‍ ദ്വയത്തിന്റെ കരുത്തില്‍ എന്‍സിപി കരുത്താര്‍ജ്ജിച്ചു.
ശരദ് പവാറിന്റെ നിഴലായാണ് അജിത് രാഷ്ട്രീയത്തിലെത്തിയത്. 1991 ല്‍ ബരാമതിയില്‍ നിന്നുള്ള ലോക്‌സഭാംഗമായി അദ്ദേഹം പാര്‍ലമെന്ററി രംഗത്തേക്ക് പ്രവേശിച്ചു. എന്നാല്‍ അമ്മാവന്‍ ശരദ് പവാറിനു വേണ്ടി ആ സീറ്റ് ഒഴിഞ്ഞുകൊടുത്തുകൊണ്ട് സംസ്ഥാന രാഷ്ട്രീയത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു.
ശരദ് പവാറിന്റെ വിശ്വസ്തനായി തുടര്‍ന്ന് എന്‍സിപി രാഷ്ട്രീയത്തെ കൈകാര്യം ചെയ്യുമ്പോഴും, എല്ലാക്കാലവും നിഴലായി തുടരാനായിരുന്നില്ല അജിത്തിന് താത്പര്യം. അമ്മാവന്റെ നിഴലായി നിന്നുകൊണ്ട് രാഷ്ട്രീയക്കളരിയില്‍ പയറ്റിത്തുടങ്ങിയ അജിത്, പിന്നീട് അതേ അമ്മാവനെ തറപറ്റിക്കുന്നതാണ് മഹാരാഷ്ട്ര രാഷ്ട്രീയം കണ്ടത്.




Also Read: Ajit Pawar : വിമാനാപകടത്തില്‍ അജിത് പവാറിന് ദാരുണാന്ത്യം
2023 ജൂലൈ രണ്ടിനായിരുന്നു മഹാരാഷ്ട്ര രാഷ്ട്രീയത്തെ പിടിച്ചുകുലുക്കി എന്‍സിപി പിളര്‍ന്നത്. പാര്‍ട്ടിയിലെ മൂപ്പിളമ തര്‍ക്കമായിരുന്നു കാരണം. ശരദ് പവാറിന്റെ മകള്‍ സുപ്രിയ സുലെയെ പാര്‍ട്ടിയുടെ പ്രധാന പദവികളിലേക്ക് കൊണ്ടുവന്നതില്‍ അജിത് പവാര്‍ അതൃപ്തനായിരുന്നു. എന്‍ഡിഎയില്‍ ചേര്‍ന്ന് സര്‍ക്കാരിന്റെ ഭാഗമാകാനും അജിത് ആഗ്രഹിച്ചു. തുടര്‍ന്ന് എന്‍സിപിയെ പിളര്‍ത്തി അദ്ദേഹം ബിജെപി-ശിവസേന (ഷിന്‍ഡെ വിഭാഗം) സഖ്യത്തിന്റെ ഭാഗമായി, മഹാരാഷ്ട്ര സര്‍ക്കാരില്‍ ഉപമുഖ്യമന്ത്രിയുമായി.
അന്വേഷണ ഏജന്‍സികളില്‍ നിന്നു രക്ഷപ്പെടാനാണ് അജിത് ഭരണപക്ഷത്തേക്ക് ചേക്കേറിയതെന്നായിരുന്നു അന്ന് എതിര്‍പക്ഷം ഉയര്‍ത്തിയ ആരോപണം. എന്തായാലും, അജിത് പിളര്‍ത്തിയ വിഭാഗം ‘ഔദ്യോഗിക എന്‍സിപി’യായി.
എരിഞ്ഞടങ്ങിയ പുനഃസമാഗമം
ഈ ജനുവരി മാസം എന്‍സിപിക്ക് ഏറെ പ്രധാനമായിരുന്നു. പിണക്കങ്ങള്‍ മറന്ന് ശരദും അജിതും വീണ്ടും ഒന്നിച്ചേക്കുമെന്ന അഭ്യൂഹങ്ങള്‍ ശക്തമാമായിരുന്നു. പുണെ, പിംപ്രി-ചിഞ്ച്‌വാഡ് മുനിസിപ്പൽ കോർപ്പറേഷൻ തിരഞ്ഞെടുപ്പുകളിൽ ഇരു വിഭാഗങ്ങളും കൈകോർത്ത് മത്സരിക്കാൻ തീരുമാനിച്ചതായിരുന്നു എന്‍സിപി ലയനത്തിന്റെ ആദ്യ സൂചന.
ബാരാമതിയിലെ പരിപാടികളിൽ ശരദ് പവാറും അജിത് പവാറും സുപ്രിയ സുലെയും ഒരുമിച്ച് പങ്കെടുത്തതോടെ അഭ്യൂഹങ്ങള്‍ക്ക് കൂടുതല്‍ ശക്തിയാര്‍ജ്ജിച്ചു. ജനുവരി 15 ലെ മുനിസിപ്പൽ തിരഞ്ഞെടുപ്പിന് ശേഷം എന്‍സിപി ലയനം പരിഗണിക്കുമെന്ന് അജിത് പറഞ്ഞതായി വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
അണിയറയില്‍ എന്തോ രാഷ്ട്രീയ ട്വിസ്റ്റുകള്‍ നടക്കുമെന്ന സൂചനകള്‍ ശക്തമാകുന്നതിനിടെയാണ് അപ്രതീക്ഷിതമായി സംഭവിച്ച വിമാന ദുരന്തത്തില്‍ അജിത് പവാര്‍ യാത്രയായത്. ബാരാമതിയിലെ വിമാനാപകടത്തില്‍ പവാര്‍ കുടുംബത്തിന്റെ പുനഃസമാഗത്തിനുള്ള സാധ്യതകള്‍ കൂടിയാണ് എരിഞ്ഞടങ്ങിയത്.