Tour Packages Sale: പിന്തുണ പാകിസ്താന്, തുർക്കിയിലേക്ക് ടൂർ പാക്കേജുകൾ വിൽക്കുന്നതിനെ എതിർത്ത് ട്രാവൽ ഏജന്റുമാർ
Travel Agents boycotts sale of tour packages: തുർക്കി, അസർബൈജാൻ തുടങ്ങിയ രാജ്യങ്ങൾക്കുള്ള യാത്രാ പാക്കേജുകളുടെ വിൽപ്പന ബഹിഷ്കരിച്ച് ട്രാവൽ ഏജന്റ്സ് അസോസിയേഷൻ ഓഫ് ഇന്ത്യ. കൂടാതെ ഇരു രാജ്യങ്ങൾക്കെതിരെ കർശനമായ യാത്രാ നിർദേശങ്ങൾ പുറപ്പെടുവിക്കണമെന്നും ആവശ്യപ്പെട്ടു.

ഇൻഡോർ: ഇന്ത്യയുമായുള്ള സംഘർഷത്തിൽ പാകിസ്താനെ പിന്തുണയ്ക്കുന്ന രാജ്യങ്ങൾക്ക് മറുപടിയുമായി ട്രാവൽ ഏജന്റ്സ് അസോസിയേഷൻ ഓഫ് ഇന്ത്യ (TAAI). തുർക്കി, അസർബൈജാൻ തുടങ്ങിയ രാജ്യങ്ങൾക്കുള്ള യാത്രാ പാക്കേജുകളുടെ വിൽപ്പന ബഹിഷ്കരിച്ചു. കൂടാതെ തുർക്കി, അസർബൈജാൻ തുടങ്ങിയ രാജ്യങ്ങൾക്കെതിരെ കർശനമായ യാത്രാ നിർദേശങ്ങൾ പുറപ്പെടുവിക്കണമെന്നും ട്രാവൽ ഏജന്റ്സ് അസോസിയേഷൻ സർക്കാരിനോട് ആവശ്യപ്പെട്ടു.
‘തുർക്കി, അസർബൈജാൻ, പാകിസ്താൻ പിന്തുണയുള്ള ഭീകര ശൃംഖലകളുമായി നേരിട്ടോ അല്ലാതെയോ സഖ്യമുണ്ടാക്കുന്ന മറ്റ് രാജ്യങ്ങൾക്ക് ഞങ്ങൾ പാക്കേജുകൾ വിൽക്കില്ല. ഇന്ത്യയുടെ സുരക്ഷാ ആശങ്കകളെ മാനിക്കാത്ത സ്ഥലങ്ങൾക്ക് ഇന്ത്യൻ യാത്രക്കാർ ധനസഹായം നൽകുന്നത് അംഗീകരിക്കാനാവില്ലെന്നും എന്ന് ട്രാവൽ ഏജന്റ്സ് സംഘടനയുടെ എംപിയും സിജി ചെയർമാനുമായ ഹേമേന്ദ്ര സിംഗ് ജാദോൺ പറഞ്ഞു. കൂടാതെ ഈ സ്ഥലങ്ങളിലേക്കുള്ള ടൂറിസം പ്രമോഷൻ താൽക്കാലികമായി നിർത്തിവയ്ക്കാനും രാജ്യത്തുടനീളമുള്ള എല്ലാ ട്രാവൽ ഏജൻസികളോടും അസോസിയേഷൻ ആവശ്യപ്പെട്ടു.
പാകിസ്താന് സാമ്പത്തികമായും സൈനികതലത്തിലും പിന്തുണ നല്‍കുന്ന രാജ്യമാണ് തുര്‍ക്കി. പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ തുര്‍ക്കി പ്രസിഡന്റ് തയ്യിപ് ഉര്‍ദുഗാന്‍ പാക് പ്രധാനമന്ത്രി ഷെഹബാസ് ഷരീഫുമായി കൂടിക്കാഴ്ച നടത്തിയതും വലിയ ചർച്ചയായിരുന്നു. 2023ൽ തുർക്കിയിൽ വലിയ ഭൂകമ്പം ഉണ്ടായപ്പോൾ സഹായത്തിനെത്തിയ ആദ്യ രാജ്യമായിരുന്നു ഇന്ത്യ. ‘ഓപ്പറേഷൻ ദോസ്ത്’ എന്ന പേരില്‍ ഇന്ത്യ രക്ഷാപ്രവര്‍ത്തനവും ആരംഭിച്ചിരുന്നു. എൻഡിആർഎഫിനും സഹായത്തിനുമൊപ്പം ഗരുഡ എയ്‌റോസ്‌പേസ് ഡ്രോണുകളും മരുന്നും ഭക്ഷണവും കൊണ്ടുപോകാൻ കിസാൻ ഡ്രോണുകളും ഇന്ത്യ നൽകിയിരുന്നു.