Nail health indicators: നഖം രോഗം പറയും, കാൻസറിന്റെ ലക്ഷണങ്ങൾ പോലും തിരിച്ചറിയാം
Nails and health conditions: നഖങ്ങൾ പ്രധാനമായും 'കെരാറ്റിൻ'എന്ന പ്രോട്ടീൻ പാളികളാൽ നിർമ്മിതമാണ്. ആരോഗ്യമുള്ള ഒരാളുടെ നഖങ്ങൾ സാധാരണയായി പിങ്ക് നിറത്തിലും മിനുസമുള്ള ആകൃതിയിലുമാണ് കാണപ്പെടാറുള്ളത്. എന്നാൽ നിങ്ങളുടെ നഖങ്ങളിലെ മാറ്റങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ അവയെ നിസ്സാരമായി കാണരുതെന്നും ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.

പ്രതീകാത്മക ചിത്രം
നല്ല ഭംഗിയുള്ളതും വൃത്തിയുള്ളതുമായ നഖങ്ങൾ എല്ലാവരുടെയും ആഗ്രഹമാണ്. പലപ്പോഴും നഖങ്ങളെ സൗന്ദര്യ സംരക്ഷണത്തിന്റെ ഭാഗമായി മാത്രമാണ് കാണാറുള്ളത്. എന്നാൽ നമ്മുടെ ശരീരത്തിന്റെ ആരോഗ്യത്തെക്കുറിച്ച് നഖങ്ങൾക്ക് പലതും പറയാനുണ്ടെന്ന് ആരോഗ്യ വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. നഖങ്ങളുടെ നിറം, ആകൃതി, ഘടന എന്നിവയിലുണ്ടാകുന്ന മാറ്റങ്ങൾ പോഷകക്കുറവിന്റെയോ മറ്റ് പ്രധാന ആരോഗ്യപ്രശ്നങ്ങളുടെയോ തുടക്കമാകാം.
നഖങ്ങൾ പ്രധാനമായും ‘കെരാറ്റിൻ’എന്ന പ്രോട്ടീൻ പാളികളാൽ നിർമ്മിതമാണ്. ആരോഗ്യമുള്ള ഒരാളുടെ നഖങ്ങൾ സാധാരണയായി പിങ്ക് നിറത്തിലും മിനുസമുള്ള ആകൃതിയിലുമാണ് കാണപ്പെടാറുള്ളത്. എന്നാൽ നിങ്ങളുടെ നഖങ്ങളിലെ മാറ്റങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ അവയെ നിസ്സാരമായി കാണരുതെന്നും ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.
ഈ ലക്ഷണങ്ങൾ അവഗണിക്കല്ലേ…
സ്പൂൺ ആകൃതിയിലുള്ള നഖങ്ങൾ (Koilonychia)
നഖങ്ങൾ ഉൾവലിഞ്ഞ് സ്പൂൺ പോലെ കുഴിയുന്ന അവസ്ഥയാണിത്. ശരീരത്തിൽ ഇരുമ്പിന്റെ അംശം അമിതമായി കുറയുന്നത് മൂലമാണ് പ്രധാനമായും ഇങ്ങനെ സംഭവിക്കുന്നത്. വിളർച്ച, ല്യൂപ്പസ്, ഹീമോക്രോമാറ്റോസിസ് തുടങ്ങിയ ആരോഗ്യപ്രശ്നങ്ങളുടെ ലക്ഷണമായും ഇത് കാണപ്പെടാറുണ്ട്.
നഖം പൊളിഞ്ഞുപോരൽ (Onycholysis)
നഖം അതിന്റെ അടിത്തറയിൽ നിന്ന് വേർപെടുകയോ പൊളിഞ്ഞുപോരുകയോ ചെയ്യുന്ന അവസ്ഥയാണിത്. സോറിയാസിസ്, ഫംഗസ് അണുബാധകൾ, തൈറോയ്ഡ് ഗ്രന്ഥിയുടെ അമിത പ്രവർത്തനം എന്നിവ ഇതിന് കാരണമാകാം.
ക്ലബിങ്
വിരൽത്തുമ്പുകൾ വീർക്കുകയും നഖങ്ങൾ താഴേക്ക് വളയുകയും ചെയ്യുന്ന അവസ്ഥയാണ് ക്ലബിങ്. ശ്വാസകോശ അർബുദം), സി.ഓ.പി.ഡി (COPD) തുടങ്ങിയ ശ്വാസകോശ രോഗങ്ങൾ അല്ലെങ്കിൽ ഹൃദ്രോഗങ്ങൾ, എൻഡോകാർഡൈറ്റിസ് തുടങ്ങിയ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുടെ മുന്നറിയിപ്പ് ആയിരിക്കാം ഇത്.
വെളുത്ത പാടുകൾ (Leukonychia)
നഖങ്ങളിൽ ചെറിയ വെളുത്ത പാടുകളോ വരകളോ കാണുന്നത് പലപ്പോഴും സിങ്കിന്റെ കുറവ് മൂലമോ അല്ലെങ്കിൽ ഫംഗസ് അണുബാധ മൂലമോ ഉണ്ടാകുന്നതാണ്.
മഞ്ഞ നിറം
നഖങ്ങൾക്ക് കട്ടിയുള്ള മഞ്ഞനിറം വരികയും വളർച്ച മന്ദഗതിയിലാവുകയും ചെയ്യുന്നത് ലിംഫോഡീമ, ക്രോണിക് ബ്രോങ്കൈറ്റിസ്, സൈനസൈറ്റിസ് പോലുള്ള ശ്വാസകോശ രോഗങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു.
ശ്രദ്ധിക്കേണ്ടവ
- നഖങ്ങൾ കൃത്യമായി വെട്ടി വൃത്തിയാക്കുന്നത് ബാക്ടീരിയകളുടെ വളർച്ച തടയും.
- തുണിയും പാത്രവും കഴുകുമ്പോൾ രാസവസ്തുക്കളുമായി സമ്പർക്കത്തിൽ വരുന്നത് നഖങ്ങൾ പിളരാൻ കാരണമാകും. അതിനാൽ ഗ്ലൗസുകൾ ധരിക്കാൻ ശ്രദ്ധിക്കുക.
- ഹാൻഡ് ലോഷൻ പുരട്ടുമ്പോൾ നഖങ്ങളിലും പുരട്ടുന്നത് വരൾച്ച തടയും.
- നഖം കടിക്കുന്ന ശീലം ഒഴിവാക്കുക. ഇത് വായിലെ ബാക്ടീരിയകൾ നഖത്തിനടിയിലേക്ക് കടന്ന് അണുബാധയുണ്ടാക്കാൻ കാരണമാകും.
- നെയിൽ പോളിഷ് റിമൂവർ തിരഞ്ഞെടുക്കുമ്പോൾ അസെറ്റോൺ രഹിതമായവ ഉപയോഗിക്കാൻ ശ്രദ്ധിക്കുക.
English Summary:
Nails are primarily made up of layers of a protein called keratin. In a healthy person, nails are generally pink in colour, smooth, and well-shaped. However, noticeable changes in the colour, texture, shape, or appearance of the nails should not be ignored, as health experts warn that such changes can sometimes indicate underlying health issues.