Pineapple City: ഇന്ത്യയുടെ ‘പൈനാപ്പിൾ സിറ്റി’ ഏതാണെന്ന് അറിയാമോ? ഉത്തരം നമ്മുടെ കേരളത്തിലുണ്ട്!
Pineapple City of India: മധുരമുള്ള രുചിയും ആരോഗ്യഗുണങ്ങളും പൈനാപ്പിളിന്റെ ഡിമാൻഡ് കൂട്ടുന്നുണ്ട്. എന്നാൽ ഈ പൈനാപ്പിളിന് സ്വന്തമായി ഒരു തലസ്ഥാനമുണ്ടെന്ന് അറിയാമോ? ഇന്ത്യയിലെ ഓരോ നഗരങ്ങൾക്കും അവയുടെ സവിശേഷതകൾക്കനുസരിച്ച് ഓരോ വിളിപ്പേരുണ്ട്. അത്തരത്തിൽ ഇന്ത്യയുടെ പൈനാപ്പിൾ സിറ്റി എന്നറിയപ്പെടുന്ന ഒരു നഗരവുമുണ്ട്. അതും, നമ്മുടെ കൊച്ചു കേരളത്തിൽ...
കൈതച്ചക്ക, പുറുത്തിച്ചക്ക, കന്നാര തുടങ്ങി പല പേരുകളിൽ അറിയപ്പെടുന്ന പൈനാപ്പിളിന് ആരാധകരേറെയാണ്. മധുരമുള്ള രുചിയും ആരോഗ്യഗുണങ്ങളും പൈനാപ്പിളിന്റെ ഡിമാൻഡ് കൂട്ടുന്നുണ്ട്. എന്നാൽ ഈ പൈനാപ്പിളിന് സ്വന്തമായി ഒരു തലസ്ഥാനമുണ്ടെന്ന് അറിയാമോ? ഇന്ത്യയിലെ ഓരോ നഗരങ്ങൾക്കും അവയുടെ സവിശേഷതകൾക്കനുസരിച്ച് ഓരോ വിളിപ്പേരുണ്ട്. അത്തരത്തിൽ ഇന്ത്യയുടെ പൈനാപ്പിൾ സിറ്റി എന്നറിയപ്പെടുന്ന ഒരു നഗരവുമുണ്ട്. അതും, നമ്മുടെ കൊച്ചു കേരളത്തിൽ…
പൈനാപ്പിൾ സിറ്റി
എറണാകുളം ജില്ലയിൽ മൂവാറ്റുപുഴയ്ക്ക് സമീപം സ്ഥിതി ചെയ്യുന്ന വാഴക്കുളം ആണ് ഇന്ത്യയുടെ പൈനാപ്പിൾ സിറ്റി. ഇന്ത്യയിൽ നിങ്ങൾ എവിടെപ്പോയി കൈതച്ചക്ക കഴിച്ചാലും, അത് ഡൽഹിയിലെ ചാറ്റ് സ്റ്റാളിലോ മുംബൈയിലെ ജ്യൂസ് ബാറിലോ ആകട്ടെ, അതിലധികവും എത്തിച്ചേരുന്നത് വാഴക്കുളത്ത് നിന്നാകാനാണ് സാധ്യത.
വിപണിയും സാമ്പത്തിക അടിത്തറയും
ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ പൈനാപ്പിൾ വിപണിയാണ് വാഴക്കുളം. ഇവിടെ പൈനാപ്പിൾ വെറുമൊരു കൃഷി മാത്രമല്ല, ഈ നാടിന്റെ സംസ്‌കാരവും ജീവിതോപാധിയുമാണ്. വാഴക്കുളത്തേക്ക് പ്രവേശിക്കുമ്പോൾ തന്നെ റോഡിരുവശവും കൈതച്ചക്കകൾ നിറച്ച ലോറികളും പൈനാപ്പിൾ വ്യാപാരികളുടെ ബോർഡുകളും കാണാം.
ALSO READ: മുട്ടിപ്പഴം കഴിച്ചിട്ടുണ്ടോ? നേരെ തുഷാരഗിരിയിലേക്ക് വിട്ടോളൂ; സഞ്ചാരികളെ ക്ഷണിച്ച് കാട്ടുപഴം
പ്രതിവർഷം ഏകദേശം 800 കോടി രൂപയുടെ ബിസിനസ്സാണ് ഈ മേഖലയിൽ ഇവിടെ നടക്കുന്നത്. വിളവെടുപ്പ് കാലത്ത് പ്രതിദിനം 1,000 ടണ്ണോളം പൈനാപ്പിളുകൾ ഇവിടെ നിന്ന് മുംബൈയിലേക്കും അവിടെ നിന്ന് ഗൾഫ് രാജ്യങ്ങളിലേക്കും കയറ്റുമതി ചെയ്യുന്നുണ്ടെന്നാണ് കണക്ക്. ഏകദേശം 4 ലക്ഷത്തോളം ആളുകൾ ഈ മേഖലയെ ആശ്രയിച്ച് ജീവിക്കുന്നു.
ജി.ഐ ടാഗ്
വാഴക്കുളത്ത് വിളയുന്ന പൈനാപ്പിളുകൾക്ക് 2009-ൽ ഭൂമിശാസ്ത്രപരമായ സൂചിക പദവി (ജി.ഐ ടാഗ്) ലഭിച്ചിട്ടുണ്ട്. ഇവിടുത്തെ ചുവന്ന മണ്ണും ഈർപ്പമുള്ള കാലാവസ്ഥയുമാണ് ഈ പഴത്തിന് ഇത്രയേറെ സവിശേഷതകൾ നൽകുന്നത്. പ്രധാനമായും ‘മോറീഷ്യസ്’ ഇനത്തിൽപ്പെട്ട പൈനാപ്പിളാണ് ഇവിടെ കൃഷി ചെയ്യുന്നത്. മറ്റ് പൈനാപ്പിളുകളെ അപേക്ഷിച്ച് ഇതിൽ പുളിപ്പ് വളരെ കുറവാണ്. പഞ്ചസാരയുടെ അളവ് വളരെ കൂടുതലായതിനാൽ ഇന്ത്യയിലെ ഏറ്റവും മധുരമുള്ള പൈനാപ്പിളായും വാഴക്കുളത്തെ കൈതച്ചക്കയെ കണക്കാക്കപ്പെടുന്നു.
പോർച്ചുഗീസുകാരാണ് 1548-ൽ ബ്രസീലിൽ നിന്നും പൈനാപ്പിൾ ഇന്ത്യയിലെത്തിക്കുന്നത്. വാഴക്കുളത്ത് 1940-കളിലാണ് ഇത് പറമ്പുകളുടെ അതിരുകളിൽ വേലിയായി നട്ടുതുടങ്ങിയത്. 1950-കളോടെ ഇതൊരു പ്രധാന കൃഷിയായി മാറി. ഇന്ന് റബ്ബർ തോട്ടങ്ങളിലും തെങ്ങിൻ തോപ്പുകളിലും ഇടവിളയായി ഇത് വൻതോതിൽ കൃഷി ചെയ്യുന്നുണ്ട്. കർഷകരെ സഹായിക്കാനായി 1995-ൽ കേരള കാർഷിക സർവകലാശാലയുടെ കീഴിൽ ഇവിടെ ഒരു ‘പൈനാപ്പിൾ റിസർച്ച് സ്റ്റേഷനും’ സ്ഥാപിച്ചിട്ടുണ്ട്.
English Summary:
Vazhakulam, a town in Kerala, is widely known as the Pineapple City of India because it is the country’s largest pineapple trading hub and one of its leading pineapple-producing regions. The town is famous for its high-quality Mauritius variety of pineapple, prized for its sweetness, aroma, and low acidity. The fruit received a Geographical Indication tag in 2009, recognizing its unique origin and quality.