World Dream Day 2024 : സ്വപ്നങ്ങൾ കാണാം, അവ പ്രാവർത്തികമാക്കാം; ലോക സ്വപ്ന ദിനം നാളെ
World Dream Day 2024 history : സെപ്തംബർ 25നാണ് ലോക വ്യാപകമായി സ്വപ്ന ദിനം ആചരിക്കുക. സ്വപ്നം കാണാനും അത് പ്രാവർത്തികമാക്കാനും ആളുകളെ പ്രചോദിപ്പിക്കുകയാണ് ഈ ദിവസത്തിൻ്റെ ലക്ഷ്യം.
സെപ്തംബർ 25, അതായത് നാളെയാണ് ലോക സ്വപ്ന ദിനം. സ്വപ്നം കാണാനൊരു ദിവസം. സ്വപ്നങ്ങൾ കാണാനും അതിനനുസരിച്ച് പ്രവർത്തിച്ച് അവ എത്തിപ്പിടിക്കാനും ആളുകളെ പ്രചോദിപ്പിക്കുന്നതിനായാണ് ലോക സ്വപ്ന ദിനം ആചരിക്കുന്നത്. ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിലെ ആളുകൾ അംഗമായ ഒരു കൂട്ടായ്മയാണ് നിലവിൽ സ്വപ്നദിനത്തിൻ്റെ വക്താക്കൾ. https://worlddreamday.org/ എന്ന വെബ്സൈറ്റിൽ ഈ കൂട്ടായ്മയുടെ കൂടുതൽ വിവരങ്ങൾ അറിയാൻ കഴിയും.
കൊളംബിയൻ സർവകലാശാലയിലെ ഇൻസ്ട്രക്ടറായിരുന്ന ഒസിയോമ എഗ്വുവോന്വു ആണ് സ്വപ്ന ദിനത്തിൻ്റെ ഉപജ്ഞാതാവ്. 2012ലാണ് ഒസിയോമ ഈ ആശയം അവതരിപ്പിക്കുന്നത്. ആളുകളെ സ്വപ്നം കാണാൻ പ്രേരിപ്പിച്ച് അവർക്ക് സാധ്യമാവുന്നതൊക്കെ എത്തിപ്പിടിക്കാൻ പ്രചോദിപ്പിക്കുകയാണ് സ്വപ്നദിനത്തിൻ്റെ ലക്ഷ്യം.
Also Read : Cancer Symptoms: എപ്പോഴും ക്ഷീണമുണ്ടോ? കുട്ടികളിലെ ക്യാൻസർ ലക്ഷണങ്ങൾ അവഗണിക്കരുത്
സ്വപ്നമെന്താണെന്ന് കണ്ടെത്തലാണ് ആദ്യ പടി. അത് കണ്ടെത്തിയാൽ അതിൽ നിന്ന് പ്രചോദനമുൾക്കൊള്ളണം. പലപ്പോഴും സ്വപ്നത്തിലേക്കെത്താൻ ബുദ്ധിമുട്ടാണെന്ന് തോന്നിയേക്കാം. പക്ഷേ, പിന്മാറരുത്. ചിലപ്പോൾ എത്ര ശ്രമിച്ചാലും സ്വപ്നം എന്താണെന്ന് കണ്ടെത്താൻ കഴിയില്ല. അപ്പോഴും അസ്വസ്ഥത തോന്നേണ്ടതില്ല. സാവധാനത്തിൽ ഒരു സ്വപ്നം രൂപപ്പെട്ടുവരും. രൂപപ്പെട്ടുവന്ന സ്വപ്നത്തെ പിന്നെ വിടരുത്. സാധ്യമാവുന്ന രീതിയിൽ ആ സ്വപ്നത്തിലേക്കെത്താൻ ശ്രമിക്കുക. മറ്റൊരാൾ ചെയ്യുന്നതോ നിർദ്ദേശിക്കുന്നതോ സ്വപ്നമാവരുത്. സ്വപ്നം സ്വന്തമാക്കാനുള്ള യാത്രയിൽ അഭിമുഖീകരിക്കേണ്ടിവരുന്ന വെല്ലുവിളികളാണ് പലരെയും ഭയപ്പെടുത്തുന്നത്. അതാണ് സ്വപ്നത്തിലേക്കെത്താനാവുന്നില്ലെന്ന് കരുതി തോൽവി സമ്മാനിച്ച് പലരും മടങ്ങാനുള്ള കാരണവും. ലക്ഷ്യത്തിലെത്താനാവാതെ തോറ്റുപോയേക്കുമോ എന്ന് ഭയന്ന് പലരും പാതിവഴിയിൽ യാത്ര അവസാനിപ്പിക്കും. എന്നാൽ, ഇങ്ങനെ ചെയ്യാതെ പ്രതിസന്ധികൾ തരണം ചെയ്യാൻ ശ്രമിക്കുക.
ലക്ഷ്യത്തിലേക്കുള്ള യാത്രയിൽ മറ്റ് പലതും സംഭവിച്ചേക്കാം. അതിലേക്കൊന്നും ശ്രദ്ധ പതറരുത്. സ്വപ്നം വളരെ വലുതാണെന്ന് തോന്നിയാൽ അതിലേക്കുള്ള യാത്രയിലെ വിവിധ ഘട്ടങ്ങളെയും സ്വപ്നങ്ങളായി കണക്കാക്കുക. അവ ഓരോന്നായി നേടുമ്പോൾ ആത്മവിശാസമാവും. ഊർജം ലഭിക്കും. ഈ യാത്രയുടെ ദുർഘടം പിടിച്ച പാതയിൽ തളരരുത്. നല്ല കാര്യങ്ങൾ ലഭിക്കാൻ കുറച്ച് കഷ്ടപ്പെടേണ്ടിവരും. ഇങ്ങനെ കഷ്ടപ്പെട്ട് മുന്നോട്ടുപോയാൽ നമ്മൾ സ്വപ്നത്തിലെത്തും. ചിലപ്പോൾ അല്പം വൈകിയേക്കാം, പരിക്കുകൾ പറ്റിയേക്കാം, ചില നഷ്ടങ്ങളുണ്ടായേക്കാം. അവയൊക്കെ നമ്മുടെ യാത്രയെ സഹായിച്ചവകളാണെന്ന് തിരിച്ചറിയുക.