Ethel Caterham: വയസ് 116, ഏറ്റവും പ്രായം കൂടിയ വ്യക്തി; എഥല്‍ കാറ്റര്‍ഹാമിന്റെ ആരോഗ്യ രഹസ്യം ഇതാണ്
Ethel Caterham life secret: 116കാരി എഥൽ കാറ്റർഹാമിന്റെ ആരോഗ്യരഹസ്യം തേടുന്നവര്‍ നിരവധിയാണ്. ഈ ചോദ്യം എഥൽ കാറ്റർഹാമിനോട് നിരവധി പേരാണ് ചോദിച്ചിട്ടുള്ളത്

എഥൽ കാറ്റർഹാം
ലോകത്തിലെ ഏറ്റവും പ്രായം കൂടിയ വ്യക്തിയായി ഗിന്നസ് വേൾഡ് റെക്കോർഡ്സിൽ ഇടംനേടിയ 116കാരി എഥൽ കാറ്റർഹാമിന്റെ ആരോഗ്യരഹസ്യം തേടുന്നവര്‍ നിരവധിയാണ്. ഈ ചോദ്യം എഥൽ കാറ്റർഹാമിനോട് നിരവധി പേരാണ് ചോദിച്ചിട്ടുള്ളത്. പലര്‍ക്കും എഥലിന്റെ ജീവിതം ഒരു അത്ഭുതം കൂടിയാണ്. തന്റെ ആരോഗ്യരഹസ്യം തേടുന്നവരോട് ഒരു മടിയും കൂടാതെ ആ ‘സീക്രട്ട്’ എഥല്‍ വെളിപ്പെടുത്തിയിട്ടുണ്ട്. കണിശമായ ഭക്ഷണക്രമമോ, ദിവസേനയുള്ള വ്യായാമമോ ഒന്നുമല്ല ആ രഹസ്യം എന്നതാണ് രസകരം. ശാരീരികമായ ആരോഗ്യത്തിനൊപ്പം, മനസ്സിന്റെ സമാധാനമാണ് ദീർഘായുസ്സിന് ഏറ്റവും പ്രധാനം എന്നാണ് എഥല്‍ കാറ്റര്‍ഹാം വിശ്വസിക്കുന്നത്.
“ആരുമായും വഴക്കിടരുത്. ഞാൻ എല്ലാവരും പറയുന്നത് ശ്രദ്ധിക്കും, എന്നിട്ട് എനിക്കിഷ്ടമുള്ളത് ചെയ്യും”- തന്റെ ജീവിതരഹസ്യം തേടുന്നവരോട് പുഞ്ചിരിയോടെ എഥലിന് പറയാനുള്ളത് ഇതു മാത്രമാണ്. മാനസിക സമ്മര്‍ദ്ദത്തെ അതിജീവിച്ച് മുന്നേറുന്നതാണ് ജീവിതവിജയത്തിന്റെ അടിസ്ഥാനമെന്ന് എഥലിന്റെ ജീവിതം തെളിയിക്കുന്നു.
1909 ഓഗസ്റ്റ് 21-ന് ഇംഗ്ലണ്ടിലെ ഹാംഷെയറിലാണ് എഥല്‍ ജനിച്ചത്. 1927-ൽ, വെറും 18-ാം വയസ്സിൽ, ആയയായി ജോലി ചെയ്യാൻ എഥല്‍ ഇന്ത്യയിലെത്തിയിരുന്നു. മൂന്ന് വർഷത്തെ ഇന്ത്യൻ ജീവിതത്തിന് ശേഷം നാട്ടിൽ തിരിച്ചെത്തി. തുടര്‍ന്ന് ബ്രിട്ടീഷ് ആർമി മേജറായ നോർമൻ കാറ്റർഹാമിനെ വിവാഹം കഴിച്ചു.
വിവാഹശേഷം ഹോങ്കോങ്ങിലും ജിബ്രാൾട്ടറിലുമെല്ലാം താമസിച്ചു. കുട്ടികളെ ഇംഗ്ലീഷും ക്രാഫ്റ്റും പഠിപ്പിക്കാന്‍ ഒരു നഴ്‌സറി ആരംഭിച്ചു. 1976ലായിരുന്നു ഭര്‍ത്താവിന്റെ അന്ത്യം. അവർക്ക് രണ്ട് പെൺമക്കളുണ്ടായിരുന്നു. രണ്ട് പേരും ഇന്ന് ജീവിച്ചിരിപ്പില്ല.മൂന്ന് പേരക്കുട്ടികളും അഞ്ച് വല്യ പേരക്കുട്ടികളും ഉണ്ട്. എഥലിന്റെ സഹോദരി ഗ്ലാഡിസ് ബാബിലാസ് 104 വയസ്സുവരെ ജീവിച്ചിരുന്നു. ഇന്ന് സറേയിലെ ഒരു കെയർ ഹോമിലാണ് എഥൽ താമസിക്കുന്നത്.